നിലമ്പൂര്‍: ചുങ്കത്തറ പള്ളിക്കുത്തില്‍ സിപിഎം ഓഫീസിന് തീയിട്ട സംഭവത്തിലും ബിജെപി ആര്‍എസ്എസ് സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തിലും വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം അലങ്കോലമാക്കാന്‍ സിപിഎം ശ്രമം.
മേഖലയില്‍ സിപിഎം അക്രമം തുടര്‍ച്ചയായ സാഹചര്യത്തിലാണ് തഹിസില്‍ദാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ നിന്നും സിപിഎം നേതാക്കള്‍ ഇറങ്ങിപ്പോയി.
സിപിഎം വിമതര്‍ നിലമ്പൂര്‍ മേഖലയില്‍ സജീവമാകുകയും അസംതൃപ്തരായ സാധാരണക്കാരുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാന്‍ തുടങ്ങിയതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എടക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സിപിഎമ്മിന് ഹാലിളകി.
ബിജെപിയുടെ കൊടികളും ഫഌക്സ് ബോര്‍ഡുകളും നശിപ്പിക്കുന്നത് സിപിഎം പതിവാക്കി. അണികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ചപ്പോള്‍ ആ ജാള്യത മറക്കാന്‍ സ്വന്തം ഓഫീസിന് തീയിടുകയും ചെയ്തു. ആ കുറ്റം ബിജെപി പ്രവര്‍ത്തകരുടെ മേല്‍ ആരോപിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്. പ്രതികള്‍ തങ്ങളുടെ ആളുകള്‍ തന്നെയാണെന്ന് സിപിഎം നേതൃത്വത്തിനറിയാം. പോലീസിനെ കൊണ്ട് സിപിഎം പ്രവര്‍ത്തകരെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതിന് ശേഷം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരം സംഘടിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട പോലീസ് സമാധാനപരമായി കാര്യങ്ങള്‍ നീക്കുകയായിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള പോലീസിന്റെ തീരുമാനം സിപിഎമ്മിനെ വെട്ടിലാക്കി. അശാന്തി പടര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മറ്റ് പാര്‍ട്ടികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രികാല പട്രോളിംഗും പരിശോധനയും കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: