കൊച്ചി: ആയിരം കോടിരൂപ വായ്‌പനല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പ്രതിസന്ധിനേരിടുന്ന ഫാക്ടിന് ഉണര്‍വ്വേകും. വായ്‌പ കൂടാതെ നേരത്തെ ആവശ്യപ്പെട്ടിരുന്ന 991 കോടിരൂപയുടെ പ്രത്യേക പാക്കേജും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 991 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് അവഗണിക്കുകയായിരുന്നു. പാക്കേജിന് വേണ്ടി സേവ് ഫാക്ടിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സമരങ്ങളാണ് സംഘടിപ്പിച്ചത്. അന്ന് കെ.വി.തോമസ് അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഫാക്ടിന്റെ കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം ഫാക്ടിന്റെ പ്രത്യേക പരിഗണന ലഭിച്ചു. മന്ത്രിമാരായ അനന്തകുമാറും, നിതിന്‍ ഗഡ്കരിയും കൊച്ചിയിലെത്തി ഫാക്ട് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന ഫാക്ടിന് ഇന്ന് ആയിരം കോടിക്ക് മുകളില്‍ കടത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ മാത്രം നഷ്ടം മുന്നൂറ് കോടിയിലേറെ. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്തതിനാല്‍ പ്ലാന്റുകള്‍ മിക്കതും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. അതിനാല്‍ ഉല്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആയിരം കോടിരൂപയുടെ വായ്‌പാ പ്രഖ്യാപനം. ഇത് ഫാക്ടിന് കൂടുതല്‍ ശക്തിപകരും.
















