കാഞ്ഞങ്ങാട്: എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രാവിലെ ഉപ്പളയില്‍ നിന്നും പ്രയാണമാരംഭിച്ച വിമോചന യാത്രയുടെ വിജയരഥം കാഞ്ഞങ്ങാട്ടെത്തുമ്പോള് വൈകിട്ട് ഏഴുമണി. സമ്മേളനനഗരിയായ കാഞ്ഞങ്ങാട് കൈലാസ് ഗ്രൗണ്ട് നാലുമണിക്ക് തന്നെ പ്രവകര്ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. നഗരവീഥികള്‍ വര്ണബലൂണുകളാലും കുങ്കുമഹരിത പതാകകളാലും നിറഞ്ഞിരുന്നു. നാലുമണിമുതല്‍ പ്രവര്‍ത്തകരുടെ ആവേശത്തിമിര്‍പ്പിലായിരുന്നു നഗരം. രാഷ്ട്രീയ ഭേദമന്യേ കുമ്മനത്തെ കാണാന്‍ റോഡിന്റെ ഇരുവശവും അനുഭാവികളെ കൊണ്ടും അഭ്യുതയ കാംക്ഷികളെ കൊണ്ടും നിറഞ്ഞു. ബിജെപി പതാകകള്‍ കെട്ടിയ ഇരുചക്രവാഹനങ്ങള്‍ വിമോചന യാത്രയ്ക്ക് പകിട്ടേകി. തുറന്ന വാഹനത്തിലെത്തിയ യാത്രാനായകന് കുമ്മനം രാജശേഖരനെ വിഷ്ണുമംഗലത്തുനിന്നും എതിരേറ്റ് ട്രാഫിക് ജംഗ്ഷനില്‍ നിന്നും മുത്തുക്കുടകളുടേയും വര്ണബലൂണുകളുടെയും ബാന്‍ഡ് മേളത്തന്റെയും അകമ്പടിയോടുകൂടി മുതിര്‍ന്ന നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും സമ്മേളന നഗരിയിലേക്കാനയിച്ചു. സമ്മേളനനഗരിയിലേക്ക് കടന്ന കുമ്മനത്തെ കണ്ട പ്രവര്‍ത്തകര്‍ ജയ് വിളികളാല്‍ വരവേറ്റു. വെള്ള ഷര്‍ട്ടും കാവിമുണ്ടും ധരിച്ച വളണ്ടിയര്‍മാര്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചു. തങ്ങളുടെ പ്രിയപ്പെട്ട വിമോചന സമരനായകനെ ഒരുനോക്കു നേരില്‍ കാണാനും നമസ്തെ പറയാനും, ഹസ്തദാനം ചെയ്യാനുമുള്ള പ്രവര്‍ത്തകരുടെ തിരക്കിനിടിയില്‍ നിന്നും വേദിയിലെത്താന്‍ കുമ്മനം ഏറെ പ്രയാസപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാള്ക്കാരണ് കുമ്മനത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നത്.
5 മണിക്ക് തുടങ്ങിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ചടുലമായ പ്രസംഗം പ്രവര്‍ത്തകര്‍ക്ക് ഊര്ജമേകിക്കൊണ്ടിരുന്നു. കുമ്മനത്തിന്റെ വിമോചന യാത്രയുണ്ടെന്ന് കേട്ടതുമുതല്‍ ഇരുമുന്നണികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സുധീരന് നടത്തുന്ന യാത്ര ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള യാത്രയാണ്. ഹൈദരാബാദില്‍ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഇടത് പക്ഷം അഡൂരിലെ പട്ടികജാതി വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഢിപ്പിച്ച് ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യം എന്തുകൊണ്ട് പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിനെ തൊഴിലാളി വിരിദ്ധസര്ക്കാരെന്ന് മുദ്രകുത്തുന്ന കേരളത്തിലെ മുന്നണികള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുയാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. നരേന്ദ്രമോദി വിദേശത്ത് പോയത് നിക്ഷേപങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനാണ്. ഇതിന്റെ ഗുണം ലഭിക്കുക സാധാരണക്കാരായ തോഴിലാളികള്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റമുണ്ടാകുമ്പോള്‍ ബിജെപിയെ അനുകൂലിക്കുന്നവര്‍ക്കെതിരെ ഇരുമുന്നണികളും അയിത്തം കല്പ്പിക്കുകയാണ്. ബിജെപിക്ക് തടയിടുന്നവര്‍ അരുവിക്കരയിലെ പാഠം പഠിക്കണമെന്നും അദ്ദേഹം ബിജെപി വിരുദ്ധരെ ഓര്‍മിപ്പിച്ചു.
വേദിയിലെത്തിയ കുമ്മനത്തെ മുതിര്‍ന്ന നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ചടങ്ങില്‍ വിവിധ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാര്‍, പരിവാര്‍ സംഘടന നേതാക്കള്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ പാര്‍ട്ടിഫണ്ട് കൈമാറി. വൈകിട്ട് 7 മണിയോടുകൂടി ട്രാഫിക് ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടേയും വര്ണബലൂണുകളുടേയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ സ്വാഗതസംഘം ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് വിമോചന യാത്രയെ സമ്മേളന നഗരിയിലേക്കാനയിച്ചു.
കുമ്മനത്തെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നത് ക്രിസ്ത്യന്‍, മുസ്ലീം വോട്ട് നേടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ബിജെപി വിമോചന യാത്രയ്ക്ക് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി കാഞ്ഞങ്ങാട് കൈലാസ് ഗ്രൗണ്ടില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനത്തെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് കേരളത്തില്‍ മതവിദ്വേഷവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കുന്നത് ഇടത് വലത് മുന്നണികളാണ്. ബിജെപി മുസ്ലീം, ക്രിസ്ത്യന്‍ വിരോധികളല്ല. നിലയ്ക്കലില്‍ നടന്നത് വനം കയ്യേറ്റത്തിനെതിരെയുള്ള സമരമാണ്. ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ മടിക്കൈ കമ്മാരന്, പി.കെ.കൃഷ്ണദാസ്, വിമോചന യാത്രാ കോര്‍ഡിനേറ്റര്‍ എം.ടി.രമേശ്, പ്രമീള സി നായ്ക്, പി.രാധാകൃഷ്ണമോനോന്‍, പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, എ.വേലായുധന്, കൊവ്വല്‍ ദാമോദരന്‍, പി.രമേശ്, എസ്.കെ.കുട്ടന്, അഡ്വ.കെ.രാജഗോപാല്‍, മണ്ഡലം നേതാക്കളായ ബളാല്‍ കുഞ്ഞിക്കണ്ണന്, പ്രേമരാജ് കാലിക്കടവ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സി.കെ.വത്സലന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരം കണ്ട ഏറ്റവും ബൃഹത്തായതും മഹത്തായതുമായ യാത്രയ്ക്കാണ് ഇന്നലെ കാഞ്ഞങ്ങാട് നഗരം സാക്ഷ്യം വഹിച്ചതെന്ന ജനങ്ങളുടെ മറുപടിയാണ് ബിജെപിയുടെ വിമോചന യാത്രയുടെ വിജയം. സമ്മേളന നഗരിയില്‍ നിങ്ങിനിറഞ്ഞ സദസിനെ നോക്കി ഈ ജനസഞ്ജയം ഇരുമുന്നണികള്‍ക്കുമുള്ള മറുപടിയാണെന്ന യാത്രാനായകന് കുമ്മനം രാജശേഖരന്റെ വാക്കുകളാണ് സമ്മേളനം കഴിഞ്ഞിറങ്ങിയ പ്രവര്‍ത്തകരുടെ കാതില്‍ മുഴങ്ങിനില്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: