കൊട്ടാരക്കര: കഞ്ചാവുവില്‍പനയെ പറ്റി പോലീസില്‍ പരാതി നല്‍കി എന്നാരോപിച്ച് അഞ്ചംഗസംഘം യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കി.
മര്‍ദ്ദനമേറ്റ പൊതുപ്രവര്‍ത്തകനായ പെരുങ്കുളം കാഞ്ഞിരംവിള പനുകുന്നില്‍ വീട്ടില്‍ ഉണ്ണി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചരുവിള വീട്ടില്‍ അപ്പുക്കുട്ടന്‍ എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. മണ്ടക്കാട്ട് ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനത്തിന് ഭക്തരെ കൊണ്ടുപോകാന്‍ ഉണ്ണിയും അപ്പുകുട്ടനും ബസ് ഏര്‍പ്പാടാക്കിയിരുന്നു. ഇവരെ കണ്ട് മടങ്ങുംവഴി സ്‌നേഹപൂര്‍വ്വം ഇവരെ തടഞ്ഞ് നിര്‍ത്തിയ സംഘം കയ്യില്‍ കരുതിയിരുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ബോധം നഷ്ടപ്പെട്ടുകിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഞ്ഞിരംവിള കോളനി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറെനാളുകളായി കഞ്ചാവ് വില്‍പന തകൃതിയായി നടക്കുകയാണ്. കൊച്ചുകുട്ടികള്‍ വരെ വില്‍പനക്കാരും ഉപയോഗിക്കുന്നവരുമായി ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. മറ്റൊരു കേസുമായി സ്റ്റേഷനില്‍ എത്തിയ ഉണ്ണിയോട് പോലീസ് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു. ഇവിടെ നടക്കുന്ന കഞ്ചാവുകച്ചവടത്തെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നത് ഉണ്ണിയാണന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. പോലീസ് കേസെടുത്തു.
















