പുരുഷന്മാരില്‍ സാധാരണയായി കാണാത്ത പലവഴികളും സ്ത്രീകളില്‍ കാണാം. പ്രവൃത്തിയായാലും ചിന്തയായാലും പുരുഷമനസ്സ് പൊതുവെ അതുമായി ഒട്ടിച്ചേര്‍ന്ന് പോകും. ഒഴുകാത്ത വെള്ളക്കെട്ടുപോലെ, ഒഴുകാത്ത ഊര്‍ജ്ജമാണ് പുരുഷന്റേത്. മനസ്സിനെ ഒരു ഭാവത്തില്‍ നിന്ന് വിടര്‍ത്തി മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് പ്രയാസമാണ്. ഇതുകൊണ്ടാണ് പല പുരുഷന്മാരുടെയും ഔദ്യോഗിക ജീവിതവും കുടുംബജീവിതവും കെട്ടുപിണഞ്ഞുപോകുന്നത്. രണ്ടും രണ്ടായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ മുഴുവന്‍ ടെന്‍ഷനും അവര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സ്ത്രീ ഇങ്ങനെയല്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് അവള്‍ അവ രണ്ടും രണ്ടായി കാണുന്നു.
ഒരേ സമയം അമ്മയായും ഭാര്യയായും ഭര്‍ത്താവിന് ആത്മവിശ്വാസം പകര്‍ന്നു സുഹൃത്തായും അവള്‍ ജീവിക്കുന്നു. കുടുംബത്തിന്റെ വഴികാട്ടിയാകാനും സ്ത്രീക്ക് പ്രത്യേക കഴിവുണ്ട്. വലിയ വലിയ ഉദ്യോഗത്തിലിരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? ഐ.എ.എസ്സും, ഐ.പി.എസ്സും പാസ്സായി കളക്ടറും പോലീസ് മേധാവികളുമായി സ്ത്രീകള്‍ ശോഭിക്കുന്നു. ഇവര്‍ ഉത്തമ കുടുംബിനികളും ആയിരിക്കും. ഗൃഹജീവിതവും ഔദ്യോഗിക ജീവിതവും കൂട്ടിക്കുഴയ്‌ക്കാതിരിക്കാനും അവള്‍ക്ക് കെല്പുണ്ട്. പുരുഷന്‍ന്മാര്‍ക്ക് ഈകഴിവ് അപൂര്‍വമായേ കാണൂ. ഓഫീസിലെ പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് മനസ്സിലേറ്റി കൊണ്ടുവരികയും അത് ഭാര്യയോടും മക്കളോടുമുള്ള പെരുമാറ്റത്തില്‍ പ്രകടമാക്കുന്നതും പലപുരുഷന്മാരുടെയും സ്വഭാവമാണ്. സ്ത്രീകളില്‍ ഈ ദൗര്‍ബല്യങ്ങള്‍ പ്രായേണകുറവാണ്.
പുരുഷന്‍ സാഹചര്യങ്ങളോട് ഉടന്‍ പ്രതികരിക്കുന്നു. അവയെ കാരുണ്യപൂര്‍വം പരിഗണിക്കാന്‍ പുരുഷമനസ്സിന് പ്രയാസമാണ്. എന്നാല്‍, പ്രതികരിക്കാനും സാഹചര്യങ്ങളെ കാരുണ്യ പൂര്‍വം പരിഗണിക്കാനും കഴിയുന്ന മനസ്സാണ് സ്ത്രീയുടേത്. അന്യന്റെ ദുഃഖം വേണ്ടവണ്ണം മനസ്സിലാക്കാനും അതിനോട് കാരുണ്യപൂര്‍വം പ്രതികരിക്കാനും സ്ത്രീക്ക് കഴിയും. അതേ സമയം തന്നെ വെല്ലുവിളികളെ നേരിടുമ്പോള്‍, സന്ദര്‍ഭത്തിനനുസരിച്ചുയര്‍ന്ന് ശക്തിയായി പ്രതികരിക്കാനുള്ള കഴിവും സ്ത്രീക്കാണ്കൂടുതല്‍. എന്തുകൊണ്ടാണ് സ്ത്രീക്ക് ഈ ഗുണങ്ങള്‍ എന്ന് അറിയാമോ? പ്രതികാരവും പ്രതിഫലനവും സന്തുലനം ചെയ്യാന്‍ സ്ത്രീയെ പ്രാപ്തയാക്കുന്നത് മാതൃത്വത്തിന്റെ ശക്തിയാണ്. ആ ശക്തിയുമായി അവള്‍ എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുവോ അത്രമാത്രം ശക്തിയും അവളിലുണരും.
















