പത്തനംതിട്ട : ശബരിമല സന്നിധാന ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ അയ്യപ്പ ഭക്തര്‍ക്കു മുമ്പില്‍ പോലീസ് അയ്യപ്പന്മാരുടെ സംഗീതാര്‍ച്ചന വേറിട്ട കാഴ്ച്ചയായി. സന്നിധാനത്ത് ഡൃൂട്ടിയ്ക്കായെത്തിയ പോലീസുകാരാണ് ശ്രുതി മനോഹരമായ അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ചത്. ‘നാട്ട’ രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് ഭക്തിഗാനങ്ങള്‍ ആരംഭിച്ചത്. കല്യാണി രാഗത്തില്‍ പ്രശസ്തമായ ‘വടക്കുംനാഥാ’, ആനന്ദ ഭൈരവിയില്‍ ശബരിമലയില്‍ ‘തങ്ക സൂര്യോദയവും’, ആഭേരി രാഗത്തില്‍ ‘ഒരു യുഗം തൊഴുതാലും’ എന്നിങ്ങനെ പതിനഞ്ചോളം ഗാനങ്ങള്‍ രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഗാനാര്‍ച്ചനയില്‍ അവതരിപ്പിച്ചു. നിരവധി സിനിമ-സീരിയലുകളില്‍ അഭിനയിക്കുകയും നിരവധി വേദികളില്‍ സംഗീതം അവതരിപ്പിക്കുകയും ചെയ്ത തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് ഓഫീസിലെ എസ്.ഐ പി.കെ മുരളീധരന് പാട്ടുകള്‍ പാടി. കോയിപ്രം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കാട്ടൂര്‍ ഹരികുമാര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സന്നിധാനത്ത് സംഗീതകച്ചേരി അവതരിപ്പിക്കുന്നു. കവിതകള്‍ എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ഈ കലാകാരന് സംസ്ഥാനത്തിനകത്ത് വിവിധ വേദികളില്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഒറീസയിലെ ഝാര് സുഗുഡ ക്ഷേത്രത്തിലും മുബൈയിലെ പ്രമുഖ ക്ഷേത്രങ്ങളിലും സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്. പത്തനംത്തിട്ട എ.ആര് ക്യാമ്പിലെ സി.പി.ഒ വി സുനില്‍കുമാര്‍, എസ്.സി.ആര്.ബി തിരുവനന്തപുരത്ത് ജോലി നോക്കുന്ന സതീഷ്, സാജു പേരൂര്‍ക്കട എന്നിവരും ഭക്തിഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: