യോഗി പറയുന്നത്, വിശേഷധര്‍മ്മത്തിന്റെ പിന്നില്‍ ഒരു സാമാന്യ ധര്‍മ്മമുണ്ടെന്നാണ്. എല്ലാ തത്ത്വങ്ങള്‍ക്കും പിന്നില്‍ സാമാന്യവും കേവലവുമായ ഒരു തത്ത്വം നിലകൊള്ളുന്നു: അതിനെ ഗ്രഹിക്കുക. നിങ്ങള്‍ എല്ലാം ഗ്രഹിച്ചു കഴിഞ്ഞു.
ഈ ജഗത്താകെ അഖണ്‌ഡൈകസത്തായി വേദങ്ങളില്‍ സാമാന്യകല്പന ചെയ്തിരിക്കുന്നു. ആ സത്തിനെ ഗ്രഹിച്ചാല്‍ ജഗത്തിനെയാകെ ഗ്രഹിച്ചു. അതുപോലെ സര്‍വ്വശക്തികളെയും പ്രാണനായി സാമാന്യകല്പന ചെയ്തിരിക്കുന്നു: പ്രാണനെ സ്വാധീനമാക്കിയവന്‍ ജഗത്തിലുള്ള കായിക മാനസിക ശക്തികളെയെല്ലാം സ്വാധീനമാക്കി.
പ്രാണനെ സ്വാധീനമാക്കിയവന്‍ സ്വന്തം മനസ്സിനെയും ജഗത്തിലുള്ള സര്‍വ്വമനസ്സുകളെയും സ്വാധീനമാക്കി. പ്രാണനെ സ്വാധീനമാക്കിയവന്‍ സ്വശരീരത്തെയും ജഗത്തിലുള്ള സര്‍വ്വശരീരങ്ങളെയും സ്വാധീനമാക്കി: എന്തുകൊണ്ടെന്നാല്‍ ശക്തികളുടെ സര്‍വ്വസാമാന്യമായ ആവിര്‍ഭാവമത്രേ പ്രാണന്‍.
















