വസിഷ്ഠന്‍ പരമശിവനെ സ്തുതിച്ചു: ‘ശങ്കരനും, തിങ്കള്‍ക്കലാധരനുമായ പരമശിവനെ ഞാന്‍ നമിക്കുന്നു. ഭക്തര്‍ക്ക് ഭുക്തിയും മുക്തിയും നല്‍കുന്ന നീലകണ്ഠനെ ഞാന്‍ തൊഴുന്നു. ഭക്തരുടെ ആധികളെ തീര്‍ക്കുന്ന പരമാത്മസ്വരൂപനായ ഭഗവാന്‍ സൃഷ്ടിസ്ഥിതിലയ കാരണങ്ങള്‍ മൂന്നുമാകുന്നു. യജ്ഞസ്വരൂപനും ഗംഗാധരനുമായ ദേവദേവനെ ഞാന്‍ സ്തുതിക്കുന്നു.’ ഇങ്ങനെ സ്തുതിക്കവേ ഭഗവാന്‍ പ്രത്യക്ഷനായി. ഇളയ്‌ക്ക് വീണ്ടും പൗരുഷ്യം ലഭിക്കാനായി മുനി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മാസങ്ങള്‍ ഇടവിട്ടിടവിട്ട് ഇളയെന്ന സുദ്യുമ്‌നന്‍ പുരുഷനും സ്ത്രീയുമായിത്തീരാനായി ഭഗവാന്‍ അനുഗ്രഹിച്ചു.
പരമശിവനോട് ഈ വരം വാങ്ങി മടങ്ങവെ കോടിചന്ദ്രക്കലകളുടെ ഭാസുരപ്രഭയുള്ള പാര്‍വ്വതീദേവിയെക്കണ്ട് മുനി വണങ്ങി സ്തുതിച്ചു. ഇളയ്‌ക്ക് പുരുഷത്വം സ്ഥിരമായി ലഭിക്കാനായുള്ള മാര്‍ഗ്ഗമാരാഞ്ഞു ദേവിയെ വാഴ്‌ത്തി. ‘ഭക്തിഗമ്യയും മഹാമായയും ബ്രഹ്മാദികള്‍ നമിക്കുന്നവളുമായ ദേവീ, അവിടുന്നാണ് സൃഷ്ടിസ്ഥിതിലയ പ്രഭാവങ്ങള്‍ നല്‍കുന്നത്. അവിടുത്തെ വണങ്ങുന്നവര്‍ക്ക് അസാദ്ധ്യമെന്താണ്?.’ സംപ്രീതയായ ദേവി മുനിയെ അനുഗ്രഹിച്ചു.
സുദ്യുമനന്റെഗൃഹത്തില്‍ചെന്ന് ഒരു നവാഹയജ്ഞമായി ദേവീ ഭാഗവതം കേള്‍പ്പിച്ചാല്‍ ഇളയ്‌ക്ക് നഷ്ടപ്പെട്ട പുംസ്ത്വം തിരികെ ലഭിക്കും. എന്നായിരുന്നു ദേവിയുടെ ഉപദേശം. ദേവിയുടെ അനുജ്ഞ സ്വീകരിച്ചു മാമുനി നവാഹം നടത്തി. ഒന്‍പതു ദിനരാത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇള വീണ്ടും സുദ്യുമ്‌നനായി. അദ്ദേഹത്തെ രാജാവ് കിരീടധാരിയാക്കി. രാജാവ് സത്യധര്‍മ്മനിഷ്ഠകളോടെ, യജ്ഞാദികര്‍മ്മങ്ങളോടെ ഭരണം നടത്തി. ഒടുവില്‍ രാജ്യത്തെ മക്കള്‍ക്ക് നല്‍കി ദേവീസാലോക്യം പ്രാപിച്ചു.
ഇക്കഥ ഭക്തിപൂര്‍വ്വം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഭഗവതിയുടെ അനുഗ്രഹവും അഭീഷ്ടസിദ്ധിയും ഒടുവില്‍ ദേവീസാലോക്യവും ഉണ്ടാവും
(തുടരും)
















