ശരിക്കുള്ള സമത്വം ഈ ലോകത്ത് ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല. ഒരിക്കലും ഉണ്ടാകുവാനും വഴിയില്ല. ഇവിടെ നമുക്കെല്ലാവര്‍ക്കും എങ്ങനെ സമന്മാരാകാന്‍ സാധിക്കും? ഇത്തരം അസാദ്ധ്യ സമത്വത്തില്‍ സമസ്തമൃത്യു അന്തര്‍ഭവിച്ചിരിക്കുന്നു.
ഈ പ്രപഞ്ചത്തെ ഇപ്പോഴുള്ളതുപോലാക്കിയതെന്ത് സാമ്യാവസ്ഥയില്‍നിന്നുള്ള ഭ്രംശം. പ്രപഞ്ചാവിഷ്‌കരണത്തിനു മുമ്പുള്ള പ്രളയകാലത്ത് പൂര്‍ണ്ണമായ സാമ്യാവസ്ഥയായിരുന്നു. പ്രപഞ്ചത്തിനു രൂപംകൊടുത്ത വിവിധ ശക്തികള്‍ പിന്നെ എങ്ങനെയുണ്ടായി?
തീവ്രശ്രമം. മാത്‌സര്യം, സംഘട്ടനം ഇവ നിമിത്തം, സര്‍വ്വപദാര്‍ത്ഥകണങ്ങളേയും പൂര്‍ണ്ണസാമ്യാവസ്ഥയില്‍ നിര്‍ത്തിയിരിക്കുന്നു എന്നു വിചാരിക്കുക; അപ്പോള്‍ സൃഷ്ടി പ്രക്രിയ വല്ലതുമുണ്ടാകുമോ? അതസാദ്ധ്യമെന്ന് ആധുനിക പ്രകൃതിശാസ്ത്രം മനസ്സിലാക്കിത്തരുന്നു. ശാന്തമായ ജലപ്പരപ്പില്‍ ഒരു ചലനമുണ്ടാക്കുക; അപ്പോള്‍ കാണാം, ഓരോ ജലകണവും മറ്റൊന്നിനു നേരേ ചെന്ന് വീണ്ടും ശാന്തമാകാന്‍ യത്‌നിക്കുന്നത്. അതുപോലെ, പ്രപഞ്ചത്തിലെ സംഭൂതങ്ങള്‍ മുഴുവന്‍ – അതിലുള്ള സകല വസ്തുക്കളും – മുമ്പുണ്ടായിരുന്ന പൂര്‍ണ്ണസാമ്യാവസ്ഥയെ വീണ്ടും പ്രാപിക്കാന്‍ യത്‌നിച്ചുവരികയാണ്.
ആ അവസ്ഥയെ പ്രാപിച്ചാല്‍ പിന്നേയും ഒരു ക്ഷോഭമുണ്ടാകുന്നു; അപ്പോള്‍ വീണ്ടും പദാര്‍ത്ഥകണങ്ങളുടെ കൂടിച്ചേരലും സൃഷ്ടിയും നടക്കുന്നു. അസമത്വമാണ് സൃഷ്ടിയുടെ സാക്ഷാല്‍ അടിസ്ഥാനം. എന്നാല്‍, സമത്വത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തികളോളംതന്നെ, അതിനെ പുനഃസ്ഥാപിക്കാന്‍ യത്‌നിക്കുന്ന ശക്തികളും സൃഷ്ടിക്കാവശ്യമാകുന്നു.സമത്വം
















