മാനന്തവാടി: ഒഴിഞ്ഞുകിടക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും, ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെയും തസ്തികകളില്‍ നിയമനം വൈകുന്നത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളും ജില്ലാ ആശുപത്രി പ്രവര്‍ത്തനവും താളംതെറ്റിക്കുന്നു.
കഴിഞ്ഞമാസം 21ന് ഡോ. പി.വി. ശശിധരന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഡി.എം.ഒ. തസ്തിക ഒഴിവുവന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്ന കെ.പി. റീത്ത ഒരുമാസം മുമ്പ് പാലക്കാട് സ്ഥലംമാറിപ്പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. സൂപ്രണ്ട് സ്ഥാനത്തിനായി വേണ്ടത്ര യോഗ്യതയില്ലാത്ത ഡോക്ടറെ നിയമിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയുള്ളവരെ മാത്രമെ ജില്ലാ ആശുപത്രി സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാവു എന്ന ആരോഗ്യവകുപ്പ് നിര്‍ദേശം നിലനില്‍ക്കെ ഈ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ നിന്നും തന്നെ അതൃപ്തിയും ഉയര്‍ന്നിട്ടുണ്ട്. സൂപ്രണ്ടിന്റെ അഭാവം കാരണം ജില്ലാ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്കും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ലഭിക്കേണ്ട പല സാമ്പത്തിക ആനുകൂല്യങ്ങളും യഥാസമയം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള പാര്‍ടൈം സ്വീപ്പര്‍ നിയമനവും പള്‍സ് പോളിയോ വാക്സിനേഷനും, പാലിയേറ്റീവ് ദിനാചരണവുമെല്ലാം ഡി.എം.ഒയുടെ അഭാവത്തില്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്. സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ നടത്തി അന്തിമ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും ഇതുമാറ്റണമെന്ന ആവശ്യം മന്ത്രിതലത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതിന് മുമ്പാണ് ഡി.എം.ഒ. ആതത്മഹത്യ ചെയ്തത്. ഇതിന്റെ ലിസ്റ്റില്‍ തീരുമാനമെടുക്കണമെങ്കില്‍ പുതിയ ഡി.എം.ഒ. ചുമതലയേല്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുയും ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്മകള്‍ രൂപംകൊള്ളുകയും ചെയ്ത സാഹചര്യത്തില്‍ നിയമനങ്ങള്‍ എത്രയുംപെട്ടെന്ന് ഉണ്ടായില്ലെങ്കില്‍ സ്ഥലം എം.എല്‍.എകൂടിയായ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നും ഭരണപക്ഷ വിഭാഗത്തില്‍ നിന്നും തന്നെ അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: