ഓര്‍ക്കുകയായിരുന്നു. പലരും പറയാറുണ്ട്. ഇച്ഛാശക്തിയുണ്ടെങ്കില്‍ പലതും നടന്നേക്കുമെന്ന്. ഇച്ഛാശക്തിയുണ്ടെങ്കില്‍ തൊട്ടുപിന്നാലെവരിക കര്മശക്തിയാണ്. ഫലസിദ്ധിയുറപ്പ്… ഇച്ഛാശക്തി തന്നെവേണം. ഇച്ഛയ്ക്ക് ആശ, ആഗ്രഹം, അഭിലാഷം എന്നൊക്കെ അര്‍ത്ഥം പറയാമെങ്കിലും ആശയോ അഭിലാഷമോ അല്ല, ഇച്ഛതന്നെയാണ് വേണ്ടത്. ഭാവത്തിനൊത്തായിരിക്കണമല്ലോ ഭാഷ. അതുകൊണ്ട് ശക്തിയായ ഇച്ഛയുണ്ടെങ്കില്‍ പ്രവൃത്തികൂടെ എത്തും. ഇതുരണ്ടുമായാല് നേടാന്‍ കഴിയാത്തതെന്ത്?!
പലപ്പോഴും ഉത്കടമായ അഭിവാഞ്ഛയില്ലാത്തതാണ് കര്മത്തിലേക്ക് നമ്മെ നയിക്കാതെ ഭാവനയില്‍ മാത്രം അഭിരമിച്ച് ലക്ഷ്യത്തിലെത്താന്‍ കഴിയാതെ കാലംകഴിക്കാന്‍ കാരണമാകുന്നത്.
വിജയംവരിച്ച ചരിത്രപുരുഷന്മാരുടെ കഥകള്‍ പാഠപുസ്തകങ്ങളിലൂടെയും അല്ലാതെയും നാം കേള്‍ക്കാറുണ്ട്. അസാധ്യം എന്നൊരുവാക്ക് എന്റെ നിഘണ്ടുവിലില്ല എന്നു പറഞ്ഞ നെപ്പോളിയനേയും വിഴിവിളക്കിനുതാഴെ ഇരുന്ന് പഠിച്ച എബ്രഹാം ലിങ്കണെയും ഒക്കെ നമ്മള് അറിയും.
എന്നാല്‍ പ്രതിലോമ ശക്തികളെ കീഴ്പ്പെടുത്തി സാഹചര്യങ്ങളെ അനുകൂലമാക്കി ലക്ഷ്യത്തിലേക്ക് നീങ്ങിയ എത്രയെത്ര ആളുകളാണ് നമ്മുടെ മുന്നില്‍. ഒന്നുകണ്ണുതുറന്നു നോക്കുകയേ വേണ്ടൂ.
ഇന്ന് സിനിമാനടനായി അറിയപ്പെടുന്ന ജയസൂര്യയെ ഞാന്‍ പരിചയപ്പെടുന്നത് 1993 ലോ മറ്റോ ആണ്. ടെലിവിഷന്‍ ചാനലുകള്‍ പരക്കെ എത്തിപ്പെടാന്‍ തുടങ്ങുന്ന കാലം. അക്കാലത്ത് സ്ഥിരമെന്നോണം ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോകുന്ന ചില സ്റ്റുഡിയോകളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു പാലാരിവട്ടത്തെ ചിത്രമാല സ്റ്റുഡിയോ. ആ സ്റ്റുഡിയോയില്‍ വെളുത്ത് കോമളനായ കൗമാരം വിട്ടുതുടങ്ങിയ ഒരു ഡബ്ബിംങ് ആര്ട്ടിസ്റ്റുവരുമായിരുന്നു. ഇന്നത്തെപ്പോലെ അന്ന് കൊച്ചിയില്‍ സിനിമകള്‍ ഷൂട്ട്ചെയ്യുകയും അവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയോ ചെയ്തുതുടങ്ങിയിട്ടില്ല. സീരിയലുകളാണെങ്കില് അധികമില്ല. ഉള്ളവയില്‍ ഭൂരിഭാഗവും തിരുവനന്തപുരത്താണ്. എന്നാല്‍ പിന്നീട് കൊച്ചി സീരിയല്‍ ‘ ഫാക്ടറി’ യായി. സിനിമ തിരുവനന്തപുരത്തായി. ഒട്ടേറെ ആധുനിക ഡബ്ബിംങ്, എഡിറ്റിങ് സ്റ്റുഡിയോകളും കൊച്ചിയില്‍ സ്ഥാപിതമായി. അതിനുശേഷം ഏതാണ്ട് 2001 ആയപ്പോഴേക്കും സിനിമകള്‍ കൊച്ചിയിലും സീരിയലുകള്‍ തിരുവനന്തപുരത്തുമായി. ചാനലുകളില്‍ സീരിയലുകള്‍ കൂമ്പാരമായി.
ഏതായാലും സിനിമയ്ക്ക് ഡബ്ബ് ചെയ്യുക എന്ന മോഹത്തോടെ ഞങ്ങളില്‍ പലരും സംസാരിക്കുമ്പോള്‍ ആ ചെറുപ്പക്കാരന് പറയും. ‘എന്റെ മോഹം ഡബ്ബിംങ് ആര്ട്ടിസ്റ്റാവുകയെന്നതല്ല. സിനിമാ നടനാകുകയെന്നതാണ്. ഞാന്‍ അതാകുകതന്നെ ചെയ്യും’. ഒരുപക്ഷേ അതിനുള്ള വഴിയായിട്ടായിരുന്നിരിക്കണം അയാള്‍ ഡബ്ബിംഗിനെ കണ്ടിരുന്നത്.
പിന്നീട് അയാള്‍ തിരുവനന്തപുരത്ത് പോകുക, ഡബ്ബ് ചയ്യുക. ചില ടെലിഐറ്റംസില് ചില്ലറ വേഷങ്ങള്‍ ചെയ്യുകയൊക്കെ ചെയ്തു. അപ്പോള്‍ ഇച്ഛ കൈവിട്ടില്ല. സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലോക്കല്‍ ചാനലുകളില്‍ ചില പരിപാടികളുടെ അവതാരകനായി എത്തി. മറ്റ് യാതൊരു പശ്ചാത്തലവുമില്ലാത്ത യുവാവിനെ(ഹാസ്യപരിപാടികള്‍ സ്റ്റേജില്‍ അവതരിപ്പിക്കുമായിരുന്നു എന്നതൊഴിച്ചാല്‍) ഭാഗ്യം സ്പര്‍ശിച്ചു. റൈറ്റ് മാന്‍, റൈറ്റ് ടൈം, റൈറ്റ് പ്ലെയിസ് അതാണ് ഭാഗ്യം എന്ന് പറയാറുണ്ടല്ലോ. എന്തായാലും ഇച്ഛുവും കര്‍മവും ചേര്‍ന്നപ്പോള്‍ ഊമപ്പെണ്ണിന് ഉരിയാടാപയ്യനായി വെള്ളിത്തിരയില്‍ മുഖം കാണിച്ചു. അങ്ങനെ ജയസൂര്യയെന്ന സിനിമാനടന് പിറന്നു.
നിങ്ങള്‍ ചെയ്യാനുള്ള കര്‍മം ചെയ്യൂ. ഫലം കര്മമനുസരിച്ച് കിട്ടിക്കൊള്ളും എന്നാണല്ലോ ഭഗവദ് ഗീതപോലും പറയുന്നത്. ബൈബിളും മറിച്ചല്ല-‘ ആശിക്കുന്നതെന്തോ നടന്നിടും ഭയക്കുന്നതെന്തോ സംഭവിച്ചിടും’ എന്നുതന്നെ. എന്നാല്‍ അക്കാലത്തിനുശേഷം എനിക്കും പരിചയമുള്ള ഒരു സിനിമാമോഹിയുണ്ടായിരുന്നു. അയാള്‍ക്ക് ഇത്തരം കഴിവുകളൊന്നുമില്ല. എന്നാലും സ്വപ്നം സിനിമ തന്നെ. അതുകേട്ടാല്‍ അയാളുടെ സുഹൃത്തുക്കള്‍ ചിരിക്കും. ചിരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഒരു ചെരുപ്പുകുത്തിയ്ക്കെങ്ങനെ സിനിമയില്‍ കയറാന്‍ പറ്റും!.
കോട്ടയത്ത് ഒരു ആനുകാലികത്തില്‍ ജോലി ചെയ്തിരുന്ന ഞാന്‍ ജോലിത്തിരക്കില്ലാത്ത ദിവസം ലീവെടുക്കും. എറണാകുളത്ത് വെറുതെ അലഞ്ഞു നടക്കും. അതൊരു ശീലം. അങ്ങനെ അലഞ്ഞുനടക്കെ പരിചയപ്പെട്ടതാണ് ഈ കഥാനായകനെ. ബാനര്‍ജി റോഡില്‍ നിന്നും ബ്രോഡ് വേയിലേക്ക് കൊച്ചിന് ബാങ്കിന്റെ അരികിലൂടെ ഒരുപാതയുണ്ട്. (ഇപ്പോള്‍ കൊച്ചിന് ബാങ്കില്ല, എസ്ബിഐയാണ് ഉള്ളത്.) ആ വഴിക്കരികില്‍ ചെരുപ്പ് നന്നാക്കുന്ന ഒട്ടേറെ പേരുണ്ടായിരുന്നു. അതില്‍ പലരേയും കണ്ടുപരിചയപ്പെട്ടവന് ഞാന്‍. ഒരു കുഞ്ഞുമോന്(കുഞ്ഞുമോന്റെ കഥ തുടര്ന്നുപറയാം). കുഞ്ഞുമോന്റെ സുഹൃത്താണ് ഈ കഥാപാത്രം.
എന്റെ ഒരു നോവല്‍ വാരികയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നസമയം. വമ്പന്‍ ഹിറ്റ്! അതുവായിച്ച അയാള്‍ക്ക് ആ നോവല്‍ സിനിമയാക്കണം. എന്നോടു പറഞ്ഞു. ‘ അഞ്ചുസെന്റ് സ്ഥലവും വീടും ഉണ്ട്. അത് വിറ്റിട്ടാണെങ്കിലും സാര്‍ നോവല്‍ നമുക്ക് സിനിമയാക്കണം.-ആവേശത്തിലായിരുന്നു. ഞാന്‍ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞു. ബുദ്ധിമോശം കാണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഈ സംസാരം കേട്ടിരിക്കാറുള്ള അയാളുടെ സുഹൃത്തുക്കളായ ചെരുപ്പ് നന്നാക്കുന്നവര്‍ അയാള്‍ക്കൊരു പേരിട്ടു, ‘പ്രൊഡ്യൂസര്‍’.
കളിയാക്കിയുള്ള ആ വിളിപ്പേരിലൊന്നും കുലുങ്ങിയില്ല അയാള്‍. ചെരിപ്പുപണിയില്ലാത്തപ്പോള് അയാള്‍ ട്രെയിനില്‍ ചായകൊടുക്കാന് പോയി. ചായകൊടുക്കുന്നതിനേക്കാള് കൂടുതല്‍ താല്പര്യം സിനിമാക്കാരെ പരിചയപ്പെടുന്നതിലായി.
അങ്ങനെ ഒരിക്കല്‍ ട്രെയിനില്‍വച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെ പരിചയപ്പെട്ടു. ഇയാളുടെ സിനിമാ താല്പര്യം മനസ്സിലാക്കിയ ഡെന്നീസ് ഏതോ സിനിമയുടെ വര്‍ക്കില്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഞാന്‍ ഇയാളെ കാണുന്നത് യന്ത്രമീഡിയ എന്ന സീരിയല്‍ നിര്‍മാണ ഓഫീസില്‍ വച്ചാണ്. യന്ത്രാമീഡിയയുടെ സീരിയലിന് തിരക്കഥ എഴുതുന്നതിലേക്കാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ ഇയാളാകട്ടെ ഭക്ഷണം വിളമ്പിത്തരുന്നു, ഹോട്ടലിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണവുമായി പോകുന്നു. അങ്ങനെ സജീവം. പിന്നീട് സീരിയലുകളിലും മറ്റും ടൈറ്റില്‍ കാര്ഡുകാണാന് തുടങ്ങി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മമ്മദ് കാക്കനാട് എന്ന്. അങ്ങനെ അയാള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വരെയായി.
നോക്കൂ, പൗലോ കൊയ്ലോ ആല്‍ക്കമിസ്റ്റിലൂടെ പറഞ്ഞത് എന്താണ്. നിങ്ങള്‍ ഒരു കാര്യം ഉറപ്പായും തീരുമാനിച്ചാല്‍ നിങ്ങളെ സഹായിക്കാന്‍ ലോകം മുഴുവനും ഉണ്ടാകുമെന്നല്ലേ.
മമ്മദിന്റെ സുഹൃത്തായ കുഞ്ഞുമോനാകട്ടെ, ജീവിതം മടുത്ത് ആത്മഹത്യയ്ക്കൊരുങ്ങിയവനാണ്. വിഷംകഴിച്ചു. സമയത്ത് വൈദ്യസഹായം ലഭിച്ചതുമൂലം മരണത്തില്‍ നിന്നും രക്ഷപെട്ടു. പക്ഷേ, നഷ്ടമായത് ഒരു കാല്. പിന്നീട് വടിയുടെ സഹായത്തിലായി ജീവിതയാത്ര.
കുഞ്ഞുമോന് ചെരിപ്പുപണിക്കാരനായി. ഭാര്യയേയും കുട്ടികളേയും സംരക്ഷിച്ചു. അപ്പോഴും മനസ്സില്‍ പഴയകാല ഫുട്ബോള്‍ പ്ലെയര്‍ നിലനിന്നിരുന്നു.
ആ ഓര്മ ഇച്ഛാശക്തിയായി മാറി.
വടികുത്തിപ്പിടിച്ചുകൊണ്ടുതന്നെ ഗ്രൗണ്ടില്‍ ഓടി നടക്കുന്ന റഫറിയായി മാറാനും കുഞ്ഞുമോന് കഴിഞ്ഞു. രണ്ടുകാലിന് പോലും സ്വാധീനമുളളവര്ക്കു പോലും ഗ്രൗണ്ട് നിറഞ്ഞോടാന്‍ വിഷമം. അപ്പോഴിതാ ഒരു കാലും വടിയുമായി ഒരു റഫറി തകര്‍ത്തോടുന്നു!
പൊയ്ക്കാലില്‍ നൃത്തം ചവിട്ടിയ നര്‍ത്തകിയെ അത്ഭുതമായി കണ്ടവരാണ് നാം! ഇതോ!.
കുഞ്ഞുമോന്റെ കുട്ടികള്‍ പഠിച്ചു മിടുക്കികളായി. നല്ല എഞ്ചിനീയര്‍മാരായി. ഉദ്യാഗസ്ഥകളായി, വിവാഹിതരായി. പത്താംതരംവരെ പഠിച്ച കുഞ്ഞുമോനിപ്പോള്‍ കാക്കനാട് ആളുകള്‍ക്ക് അപേക്ഷയും മറ്റും എഴുതിക്കൊടുക്കാനും ഫോം പൂരിപ്പിച്ചുനല്കുവാനായും ഇരിക്കുന്നു.
പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ. പി.എം. മാത്യു വെല്ലൂരിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാരികയ്ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാന്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. ഒപിയൊക്കെ കഴിഞ്ഞ, ഒരു രാത്രിയിലായിരുന്നു എനിക്ക് ഡോക്ടറെ കാണാന്‍ അനുമതി ലഭിച്ചത്. ഡോക്ടറുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കുട്ടിക്കാലം മുതലേ ഒരു മനഃശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ചിരുന്ന ആളാണ്. കുട്ടിക്കാലത്ത് നോട്ട് ബുക്കില്‍ എന്റെ പടം വരച്ചിട്ട് അതിനുതാഴെ സൈക്യാട്രിസ്റ്റ് എന്ന് ഞാന്‍തന്നെ എഴുതിവച്ചിരുന്നത് ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ട് എന്താകണം എന്നു നിങ്ങള്‍ നിശ്ചയിച്ചാല്‍… മറ്റെല്ലാം വിട്ട് അതുതന്നെ മനസ്സിലുറപ്പിച്ചാല്‍ നിങ്ങള്‍ അവിടെയെത്തും’.
മാത്യു വെല്ലൂര്‍ അതിനായി ചില സൂത്രവിദ്യകളും പറഞ്ഞുതന്നു. അതിലൊന്ന് ഇതാണ്.
നിങ്ങള്‍ ഒരു ബംഗ്ലാവാണ് ആഗ്രഹിക്കുന്നതെങ്കില്‍ കണ്ണടച്ച് നിങ്ങള്‍ നിര്‍മിക്കുന്ന ബംഗ്ലാവും പരിസരവും എന്തിന് അതിലെ പെയിന്റുവരെ സ്വപ്നം കാണുക. നിരന്തരം ഈ സ്വപ്നം ആവര്‍ത്തിക്കുക. ജീവിതത്തില്‍ നിങ്ങള്‍ അത്തരം ഒരു ബംഗ്ലാവ് നേടിയിരിക്കും. തീര്‍ച്ച!. എന്തുവേണമോ അത് സ്വപ്നം കാണുക.
അതുതന്നെയല്ലെ നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമും പറഞ്ഞത്. നിങ്ങള്‍ സ്വപ്നം കാണുക. ഉറങ്ങുമ്പോഴല്ല. ഉറങ്ങാനുമല്ല. പിന്നെയോ, ആ സ്പനം നിങ്ങളെ ഉറക്കാതിരിക്കണം. എന്നുവച്ചാല്‍-സ്വപ്നങ്ങള്‍ കര്‍മ നിരതമാക്കണം. ഫലസിദ്ധി ഉറപ്പ്.!
നുറുങ്ങുകഥ:
യാചകന് വീട്ടില്‍ കയറിവന്നു പറഞ്ഞു. ‘ ധര്‍മ്മം…ധര്‍മ്മം…’. വീട്ടുടമ പറഞ്ഞു. ‘ ധര്മമെന്നല്ലല്ലോ…ഇത് നിന്റെ കര്‍മം…കര്‍മം’ എന്നല്ലേ പറയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: