മരണം മുന്നില്‍ക്കണ്ടുള്ള ജീവിതത്തിനിടയിലും മനസ്സില്‍ ഒരിത്തിരി സ്വപ്നം സൂക്ഷിക്കുന്നവര്‍. തന്റെ രാജ്യത്തിന് വേണ്ടി ഊണും ഉറക്കവും വരെ ഉപേക്ഷിച്ച് സമര്‍പ്പിത മനസ്സോടെ അതിര്ത്തികാക്കുന്നവര്. നമ്മുടെ സൈനികര്‍. അതിര്‍ത്തിയിലും രാജ്യത്തിനുള്ളിലും നിതാന്ത ജാഗ്രതയോടെ ഇവര്‍ നിലയുറപ്പിക്കുന്നതുകൊണ്ട് സ്വസ്ഥതയോടെ ഉറങ്ങാനും ഉണരാനും ജീവിക്കാനും കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്. രാജ്യത്തിനുവേണ്ടി ജീവന് ത്യജിക്കുന്നവര്‍ എന്നും അമരന്മാരായി രാജ്യസ്നേഹികളുടെ ഹൃദയത്തില്‍ കുടികൊള്ളും.
പഞ്ചാബിലെ പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറും അമരത്വം നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എളമ്പുലാശ്ശേരിക്കാര്ക്ക് മാത്രമല്ല, ഭാരത സൈന്യത്തിനും രാജ്യത്തിനാകെയും തീരാനഷ്ടമാണ്. ഭാരത അതിര്‍ത്തിയില്‍ എന്‍എസ്ജിയില്‍ ലഫ്റ്റനന്റ് കേണല്‍ ആയിരുന്നു ഇ.കെ. നിരഞ്ജന് കുമാര്‍. സ്വന്തം ജീവിതം ഭാരതാംബയ്ക്കായി സമര്പ്പിച്ചവന്. ജീവിത ലക്ഷ്യങ്ങളില്‍ എവിടെയോ അവ്യക്തമായി തന്റെ മരണം കണ്ടിരുന്നോ? മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി കളരിക്കല്‍ വീട്ടില്‍ ഇ.കെ. ശിവരാജന്റേയും രാജേശ്വരിയമ്മയുടേയും മൂന്നാമത്തെ മകനാണ് നിരഞ്ജന്. നിരഞ്ജന് നാല് വയസ്സുള്ളപ്പോഴാണ് അമ്മ രാജേശ്വരിയമ്മയുടെ മരണം.
നിരഞ്ജന് ജനിച്ചതും പഠിച്ചതും
1981 മെയ് 2-ാം തിയതിയാണ് നിരഞ്ജന്റെ ജനനം. പിന്നീട് വളര്‍ന്നത് ബെംഗളൂരുവിലെ രാധാ നിവാസില്‍ നാലാം നമ്പര്‍ വീട്ടിലായിരുന്നു. ചെറുപ്പം മുതലേ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന നിരഞ്ജന് ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയിലും അതീവ തത്പരനായിരുന്നു. ഒന്നു മുതല്‍ മൂന്നാം ക്ലാസ് വരെ ബെംഗളൂരുവിലെ സ്റ്റെല്ലാ മേരീസ് സ്കൂളിലും തുടര്‍ന്ന് നാലാം ക്ലാസ് മുതല്‍ പത്തുവരെ ബിപി ഇന്ത്യന്‍ പബ്ലിക്ക് സ്കൂളിലും പ്ലസ് ടുവരെ ബിഇഎല്‍ കോമ്പസിറ്റ് പ്രീയൂണിവേഴ്സിറ്റി കോളേജിലുമാണ് പഠിച്ചത്.
എല്ലാ ക്ലാസിലും നല്ല നിലവാരം പുലര്‍ത്തിയിരുന്നു. ഡിഗ്രിക്ക് സെന്റ് ജോസഫ് കോളേജില്‍ ചേര്‍ന്ന് പഠിക്കുമ്പോള്‍ അവിടുത്തെ അധ്യാപകരാണ് നിരഞ്ജന്റെ പഠന മികവ് കണക്കിലെടുത്ത് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതാന്‍ പ്രേരിപ്പിച്ചത്. പരീക്ഷയെഴുതിയ നിരഞ്ജന് നല്ല മാര്‍ക്കോടുകൂടിത്തന്നെ എന്‍ട്രന്‍സ് സെലക്ഷന് കിട്ടുകയും ചെയ്തു. അങ്ങനെ ബെംഗളൂരുവില്‍ത്തന്നെ എം. വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയെടുത്തു. കുട്ടിക്കാലത്തുതന്നെ പട്ടാളക്കാരോട് വല്ലാത്ത ഒരാരാധന നിരഞ്ജന് പ്രകടിപ്പിച്ചിരുന്നു. ആ ആരാധനയാണ് 2003 ല്‍ സപ്തംബറില്‍ ഭാരത സൈന്യത്തില്‍ ചേരാന്‍ നിരഞ്ജനെ പ്രേരിപ്പിച്ചതും. ചെന്നൈയിലെ ഒടിഎ അക്കാദമിയിലായിരുന്നു ട്രെയിനിംഗ്.
പിന്നീട് ഭാരതത്തിലെ പലഭാഗത്തും (തേജ്പൂര്‍, ഉദ്ദംപൂര്‍, മിസോറാം, കാഞ്ചി, ശ്രീനഗര്‍) എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. ജോലിയിലുള്ള ആത്മാര്‍ത്ഥതയും ഉത്തരവാദിത്ത്വവും ദേശസ്നേഹവും എല്ലാം നിരഞ്ജന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ചവിട്ടുപടികളായി. മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ ശിരസാവഹിക്കുന്ന പ്രകൃതമായിരുന്നു നിരഞ്ജന്. സൗമ്യമായ ഇടപെടലുകളാണ് മറ്റൊരു സവിശേഷതയായി നിരഞ്ജന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
വിവാഹജീവിതത്തിലേക്ക്
സര്‍വീസിലിരിക്കുമ്പോഴാണ് നിരഞ്ജന് വിവാഹജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ എടപ്പാള്‍ പുലാമന്തോള്‍ പാലൂര് കളരിക്കല്‍ വീട്ടില്‍ പി.കെ. ഗോപാലകൃഷ്ണ പണിക്കരുടേയും രാജരാജേശ്വരിയുടേയും മകള്‍ ഡോ. രാധിക, നിരഞ്ജന്റെ ജീവിതസഖിയായി. 2013 മാര്‍ച്ച് 31 നായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും ദല്‍ഹിയില്‍ സ്ഥിരതാമസമാക്കി. കുടുംബജീവിതത്തിനും സൈനിക ജീവിതത്തിനും നിരഞ്ജന് ഒരേപോലെ പ്രാധാന്യം നല്‍കിയിരുന്നുവെന്നും സൈനിക ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തന്റെ കടമയാണെന്ന ബോധത്തോടെ എല്ലാം ഏറ്റെടുത്ത് ചെയ്തിരുന്നതായും ഭാര്യ രാധിക ഓര്‍ക്കുന്നു.
2014 ഏപ്രില്‍ നാലിനാണ് നിരഞ്ജന്-രാധിക ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. അവള്‍ക്ക് അവര്‍ പേരുമിട്ടു, വിസ്മയ. നാട്ടിലെത്തുമ്പോഴെല്ലാം ഗുരുവായൂരും ചോറ്റാനിക്കരയിലുമെല്ലാം മുടക്കമില്ലാതെ ദര്‍ശനം നടത്തി ഈശ്വരാനുഗ്രവും തേടിയിരുന്നു. വിസ്മയയുടെ ചോറൂണ് പാലൂര് തറവാട് ക്ഷേത്രമായ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍വെച്ചായിരുന്നു.
2014 നാണ് ഡെപ്യൂട്ടേഷനില്‍ (എന്‍എസ്ജി) ദല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട് എത്തിയത്. അവിടെ ബോംബ് ഡിസ്പോസ് സെല്‍ യൂണിറ്റ് സെക്ഷനിലായിരുന്നു ജോലി. തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുമ്പോഴുള്ള എല്ലാ റിസ്കുകളും ഏറ്റെടുത്തുള്ള കൃത്യനിര്‍വഹണത്തിനിടയിലാണ് പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ജനുവരി മൂന്നിന് രാവിലെ 10.45 ഓടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് നിരഞ്ജന് വീരമൃത്യു വരിച്ചത്. അതോടൊപ്പം ചിന്നിച്ചിതറിയത് നിരഞ്ജന്റെ സ്വപ്നങ്ങളുമായിരുന്നു. ഭീകരനെ വെടിവെച്ച ശേഷം അയാളുടെ മൃതദേഹം പരിശോധിക്കുമ്പോള്‍ ഭീകരന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.
കുടുംബ പശ്ചാത്തലം
നിരഞ്ജന്റെ അച്ഛന് ഇ.കെ. ശിവരാജന് 1970 കളില്‍ ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. നിരഞ്ജന്റെ സഹോദരി ഭാഗ്യലക്ഷ്മി ബെംഗളൂരുവില്‍ത്തന്നെ ടീച്ചറാണ്. സഹോദരന് ശരത് ചന്ദ്രന് ബിഇ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇപ്പോള്‍ ദല്‍ഹിയിലെ എയര്‍ഫോഴ്സ് എഞ്ചിനീയറിങ് വിങില്‍ സ്ക്വാഡ്രണ്‍ ലീഡറാണ്. മറ്റൊരു സഹോദരന് ശശാങ്ക് ബെംഗളൂരുവില്‍ ടാറ്റാ കണ്സള്ട്ടന്സി് സര്‍വീസസില്‍ സോഫ്ട് വെയര്‍ ടെസ്റ്റിംഗ് എഞ്ചിനീയറാണ്.
ചെറിയച്ഛന്റേയും സുഹൃത്തുക്കളുടെയും മനസ്സിലെ വീരജവാന്
നാട്ടിലെത്തിയാല്‍ നിരഞ്ജന് അവധിക്കാലം ചെലവഴിച്ചിരുന്നത് ചെറിയച്ഛനായ എളമ്പുലാശ്ശേരി കളരിക്കല്‍ കൃഷ്ണാര്‍പ്പണത്തില്‍ ഇ.കെ. ഹരികൃഷ്ണന്റെ വീട്ടിലാണ്. നിരഞ്ജന് നാട്ടിലെത്തിയാല്‍ ചെറിയച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ടി.പി. രാജനും എം. ദാസനും ഒപ്പമാണ് ചങ്ങാത്തം. എല്ലാ വിശേഷങ്ങള്‍ക്കും നാട്ടിലേക്കൊരു വിളി പതിവുണ്ട്. നിരഞ്ജനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഹരികൃഷ്ണന്റെ കണ്ണുകളില്‍ നീര്മണികള് നിറയുന്നു. വളരെ വിശാലതയോടെ സംസാരിക്കുമായിരുന്ന നിരഞ്ജന് പട്ടാള ജീവിതത്തില്‍ തിരക്കേറിയപ്പോള്‍ പഴയതുപോലെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ തന്നെ വിളിക്കുമായിരുന്നുവെന്ന് ചെറിയച്ഛന് ഹരികൃഷ്ണന് വേദനയോടെ ഓര്‍ക്കുന്നു. നിരഞ്ജന്റെ മൃതദേഹം നാട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചത് ഹരികൃഷ്ണന്റെ വീട്ടിലായിരുന്നു.
നിരഞ്ജന് സൈന്യത്തിന്റെ അഭിമാനമെന്ന് ഐജി
വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ സൈന്യത്തിന്റെ അഭിമാനമായിരുന്നുവെന്ന് എന്‍എസ്ജി പരിശീലന വിഭാഗം ഐജി മോനിച്ചാണ്ടി. ഭയം ഒരിക്കലും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. പരിശീലനസമയത്തുതന്നെ നിരഞ്ജന് ഏറെമികവ് പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയിലേക്കാണ് നിരഞ്ജനെ പരിശീലനത്തിന് അയച്ചത്. ബോംബ് നിര്‍വീര്യമാക്കുന്നതില്‍ പരിശീലനം ലഭിച്ച നിരഞ്ജന് ഏറ്റെടുത്ത ജോലികളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ആ പതിവ് അവസാന നിമിഷവും നിരഞ്ജന് തെറ്റിച്ചില്ല. നാടിനുവേണ്ടി വീരമൃത്യു വരിച്ച പ്രിയശിഷ്യനെക്കുറിച്ചുള്ള ഓര്‍മയില്‍ ഐജിയുടെ മുഖത്തും ദുഃഖം ഘനീഭവിക്കുന്നു.
താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഗുരുവായൂരില്‍ ഒരു വസതി എന്നത് നിരഞ്ജന്റെ എക്കാലത്തേയും വലിയ മോഹമായിരുന്നു. ഇഷ്ടദേവനായ ഗുരുവായൂരപ്പന്റെ മണ്ണില്‍ തനിക്കും ഒരുപിടി മണ്ണി സ്വന്തമായി വേണമെന്നത് ഒരാഗ്രഹമായിരുന്നു. ഈ ആഗ്രഹം മനസ്സിലാക്കി ഭാര്യാപിതാവ് ഒരു വര്‍ഷം മുമ്പ് ഗുരുവായൂരില്‍ നിരഞ്ജന്റെ പേരില്‍ ഫഌറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരിയില്‍ ഫഌറ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഫഌറ്റ് ഉടമ അറിയിച്ചിരുന്നു. താക്കോല്‍ കൈമാറുമ്പോള്‍ എത്താമെന്ന് നിരഞ്ജന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യന് ഒന്ന് ചിന്തിക്കുകയും ഈശ്വരേച്ഛയെന്നത് മറ്റൊന്നായിത്തീരുകയും ചെയ്യുമ്പോള്‍ നിസ്സഹായനാകുന്ന മനുഷ്യന്. എല്ലാം വിധിയെന്ന് വിലപിക്കുമ്പോള്‍ നിരഞ്ജന്റെ സ്വപ്നത്തേയും ആ വിധി കവര്‍ന്നെടുത്തു. നാടിനുവേണ്ടി സ്വജീവന്‍ സമര്‍പ്പിച്ച ആ വീരപുത്രന്റെ സ്്മരണകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഫഌറ്റിന്റെ താക്കോല്‍ നിരഞ്ജന്റെ ഭാര്യാസഹോദരന്‍ വിഷ്ണുദാസ് ഏറ്റുവാങ്ങി. ഗുരുവായൂരില്‍ ഒരു വസതി എന്ന ആഗ്രഹം മാത്രം സഫലമാകുമ്പോള്‍ അവിടെ വസിക്കാന്‍ ഇനി നിരഞ്ജന് ഉണ്ടാവില്ല…
മകളുടെ കളിചിരികണ്ട് മതിയാകും മുന്നേ നിരഞ്ജന് യാത്രയായത് ഭാരതമെന്ന മാതൃരാജ്യത്തിന് വേണ്ടിയാണ്. എങ്കിലും നമ്മുടെയിടയില്‍ത്തന്നെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരും സൈനികരുടെ സേവനങ്ങളെ അവമതിക്കുന്നവരും ഉണ്ട് എന്നറിയുമ്പോള്‍ നിരഞ്ജന്റെ ആത്മാവ് പോലും വേദനിക്കുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: