കൊച്ചി: ശബരിമല തന്ത്രിയുടെ ചുമതല തിരികെ ലഭിക്കണമെന്ന കണ്ഠരര് മോഹനരരുടെ അപേക്ഷയില്‍ തന്ത്രിക്കേസിലെ കോടതി നടപടികള്‍ അവസാനിച്ച ശേഷം വസ്തുതകളും രേഖകളും പരിശോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മോഹനരരുടെ അപേക്ഷ അനുവദിക്കാനാവില്ലെന്ന് 2015 ജൂലായ് 31 ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കിയില്ലെന്നും തന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ അയോഗ്യതയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ തന്ത്രിക്കേസിനെ തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
കണ്ഠരര് മോഹനരര് നല്കിയ ഹര്‍ജി ജസ്റ്റീസ് തോട്ടത്തില്‍. ബി രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. തന്ത്രിയുടെ ചുമതല ഹര്‍ജിക്കാരനു നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും ബോര്‍ഡിന്റെ അഭിഭാഷകന് ബോധിപ്പിച്ചു. തന്ത്രിക്കേസില്‍ പ്രതിയായ ശോഭ ജോണ്‍ നല്കിയ റിവിഷന്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ കേസിന്റെ പൊരുളിനെക്കുറിച്ചോ ഹര്‍ജിക്കാരന്റെ പെരുമാറ്റത്തെക്കുറിച്ചോ ഒന്നും പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഡയറി പരിശോധിച്ച ശേഷം ഭക്തരുടെ വികാരം കൂടി കണക്കിലെടുത്ത് വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ കണ്ഠരര് മോഹനരരെ തന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിറുത്തുന്നതാണ് ഉചിതമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ക്രിമിനല്‍ കേസില്‍ ഹര്ജിക്കാരന് ഇരയായാലും പ്രതിയായാലും കേസിനു വഴി തെളിച്ച പെരുമാറ്റം കണക്കിലെടുത്താണ് നടപടി. ഇരയാണെങ്കില്‍ പോലും ഹര്‍ജിക്കാരന്റെ സ്വഭാവം പരിഗണിക്കേണ്ട വിഷയമാണ്. തന്ത്രിക്കേസില്‍ റിവിഷന്‍ ഹര്‍ജി നിലവിലുള്ള സാഹചര്യത്തില്‍ ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ട. കേസിലെ എല്ലാ കോടതി നടപടികളും അവസാനിച്ച ശേഷം ഹര്‍ജിക്കാരന്റെ സ്വഭാവം കൂടി വിലയിരുത്തി അപേക്ഷ ദേവസ്വം ബോര്‍ഡ് വീണ്ടും പരിഗണിക്കണം ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: