ചിഞ്ചിലം പാടുന്ന കാട്ടുകിളികളും
ശ്രീശബരീശനെ വാഴ്‌ത്തുന്നു
ചക്കരപ്പൂക്കളും കൊച്ചുനെയ്യാമ്പലും
ശരണം വിളികളിലാഴുന്നു
കാട്ടുകൂവയ്‌ക്കും കടുന്നലിന്നും കൂട്ടു
കൂടുവാനയ്യപ്പനെത്തുന്നു
ഈറയും കാടും തടാകവുമൊന്നിച്ചു
ജീവന്‍ വ്രതമാക്കിമാറ്റുന്നു
പൊന്നമ്പലത്തിലെ മേട്ടിലെ ജ്യോതിയില്‍
മന്നിടമാകെയും മുങ്ങുന്നു.
വിശ്വപ്രകൃതിയും സംക്രമസന്ധ്യയും
ശാശ്വതസത്യത്തെ വാഴ്‌ത്തുന്നു
മലകളും മര്‍ത്യനുമൊന്നിച്ചു കൂപ്പവെ
മകരവിളക്കതാ തെളിയുന്നു!
പൊന്‍കതിര്‍ തൂകുന്ന സംക്രമസന്ധ്യയോ
തിങ്കള്‍ക്കതിരൊളി പെയ്യുന്നു!
















