തിരൂര്‍: കേരളത്തിന്റെ രണ്ട് അറ്റങ്ങളിലേക്കും വിഞ്ജാനത്തിന്റെ വെളിച്ചം പ്രവഹിപ്പിച്ച പ്രഭാവകേന്ദ്രമാണ് വെട്ടത്തുനാടെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.കൃഷ്ണന് മാസ്റ്റര്‍. ആദ്യത്തെ സാംസ്കാരിക തലസ്ഥാനവും ആദ്യകാല പണ്ഡിതന്മാരുടെ കേന്ദ്രവുമായ വെട്ടത്തുനാട് ഇന്ന് സാംസ്കാരിക ദുരന്തഭൂമിയായി മാറികൊണ്ടിരിക്കുകയാണ്. മേല്‍പ്പത്തൂര്‍ ഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛന്‍ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ ഗുരുവായ തൃക്കണ്ടിയൂര്‍ അച്യുത പിഷാരടിയുടെ സ്മരണക്ക് തൃക്കണ്ടിയൂര്‍ സംഘമന്ദിറില്‍ ആരംഭിച്ച് അച്യുത പിഷാരടി സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക പ്രസിദ്ധമായ നാരായണീയം രചിക്കാന്‍ ഹേതുവായ സംഭവം നടന്ന അച്യുത പിഷാരടിയുടെ പടിഞ്ഞാറെ ഷാരത്ത് പറമ്പ് പൈതൃകഭൂമിയാണ്. ഇതിനെ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന നാരായണീയ കേന്ദ്രമാക്കാന്‍ ഗുരുവായൂരപ്പ ഭക്തന്മാര് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവേശകം, ഗോളദീപിക ഉള്‍പ്പടെ ഒമ്പത് ഗ്രന്ഥങ്ങളെഴുതി അച്യുത പിഷാരടി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കേരളത്തിലെ ശാസ്ത്രപണ്ഡിതന്മാരുടെ അമരക്കാരനായിരുന്നുവെന്നും പിഷാരടിയുടെ ഭവനം അക്കാലത്ത് ഒരു സര്‍വകലാശാലക്ക് തുല്യമായിരുന്നു. അന്യാധീനപ്പെട്ട് കിടക്കുന്ന തൃക്കണ്ടിയൂര്‍ പടിഞ്ഞാറെഷാരത്ത് പറമ്പ് സംരക്ഷിച്ച് സ്മാരകം നിര്‍മ്മിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞെന്നും തിരൂര്‍ ദിനേശ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും തിരൂര്‍ നഗരസഭ കൗണ്‍സിലറുമായ നിര്‍മ്മല കുട്ടികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, അഡ്വ.എം.നീലകണ്ഠന്, കെ.പി.നന്ദകുമാര്‍, ബിജെപി തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കീര്‍ത്തി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: