പനമരം : വയനാട്ടിലെ പരമ്പരാഗത സുഗന്ധ നെല്ലിനമായ ഗന്ധകശാലക്ക് കൃഷി വകുപ്പിന്റെ അവഗണന. ഒരു കാലത്ത് ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന നെല്ലിനമായിരുന്നു ഇത്. വയനാടിന്റെ സവിശേഷ കാലാവസ്ഥയാണ് കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ ഈ സുഗന്ധകൃഷി വ്യാപകമാകാന്‍ സഹായകമായത്. ആറുമാസത്തോളം മൂപ്പുള്ള നെല്‍ച്ചെടി ഉയരം കൂടിയ ഇനമാണ്. ചെറിയ ഉരുണ്ട നെല്മണിയോടുകൂടിയ ഗന്ധകശാലക്ക് വിശേഷപ്പെട്ട ഗന്ധമാണുള്ളത്. വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളുടെ സമീപപ്രദേശങ്ങളിലെല്ലാം ഇതിന്റെ സുഗന്ധം നിറഞ്ഞു നില്ക്കുന്നു.
ബിരിയാണി, നെയ്ച്ചോര്‍ മുതലായവക്ക് ഉത്തമമായ അരിയാണിക്ക്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കിട്ടും. ഭാരതത്തിന്റെ ദേശീയ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഗന്ധകശാലയെ ഭൂപ്രദേശ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗന്ധകശാലകര്ഷകര് നേരിടുന്ന പ്രധാന വെല്ലുവിളി നെല്ലിനെ അരിയാക്കുക എന്നതാണ്. സാധാരണ മില്ലുകളില്‍ ഈ നെല്ല് കുത്തി അരിയാക്കാന്‍ കഴിയില്ല.
ഗന്ധകശാലനെല്ലിനായി കൃഷി വകുപ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പനമരത്ത് റബ്ബറൈസ്ഡ് മില്ല്സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചു. ഇതില്‍ ഗന്ധകശാല, ജീരകശാല, ബസുമതി, എന്നീനെല്ലുകളാണ് പരിഗണിച്ചിരുന്നത്. ഇതിനായുള്ള പതിനഞ്ച് സെന്റ് സ്ഥലം പനമരം വാടോച്ചാലില്‍ ലക്ഷ്മി സദനത്തില്‍ കെ.രാമകൃഷ്ണ ഗൗഡര്‍ സൗജന്യമായി നല്‍കിയതാണ്. കൃഷി വകുപ്പ് അഞ്ചുലക്ഷം രൂപ മുടക്കി 2000 ജൂണ്‍ മാസത്തില്‍ പണി പൂര്‍ത്തിയായെങ്കിലും മറ്റു യന്ത്ര ഭാഗങ്ങളോ അനുബന്ധ സാമഗ്രികളോ ഇതുവരെ ഇവിടെ എത്തിച്ചിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലും ജര്‍മ്മനി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും വയനാടന്‍ സുഗന്ധ അരിക്ക് വന്‍ ഡിമാന്റാണ് ഉള്ളത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കൃഷി വകുപ്പ് തയ്യാറാവുന്നില്ല. ഇനിയെങ്കിലും സര്‍ക്കാറും കൃഷി വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുഗന്ധനെല് കൃഷി വയനാട്ടില്‍ അന്യം നിന്നുപോകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: