ഉദ്ഘാടനത്തിനെത്തിയ നടി മഞ്ചുവാര്യര്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു
തിരുവനന്തപുരം: ‘ആദ്യമായാണ് ജയിലില്‍ വരുന്നത് നെഞ്ചിടിപ്പോടെയാണ് ജയിലിനകത്തേക്കു കയറിയത്. ചുറ്റും വേദനയുടെയും നെഞ്ചിടിപ്പിന്റെയും അന്തരീക്ഷമാണെങ്കിലും ഓരോ മുഖത്തും പ്രതീക്ഷയുടെ തിളക്കം’ നടി മഞ്ചു വാര്യരുടെ വാക്കുകളാണിത്. ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമ്മാനവിതരണവും ഇന്റര്‍ ജയില്‍ വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനവും സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കാനെത്തിയതായിരുന്നു മഞ്ചു വാര്യര്‍. അടുത്തതായി അഭിനയിക്കുന്ന സിനിമയും ജയിലിന്റെ പശ്ച്ചാത്തലത്തിലുള്ളതാണ്. ജയിലും വോളിബോളും സിനിമയില്‍ വിഷയമാകുന്നു എന്നതും ഈ ഉദ്ഘാടനച്ചടങ്ങില്‍ എത്തിയതും ഒരു നിമിത്തമായി കരുതുന്നു എന്നും അവര്‍ പറഞ്ഞു.
ജയിലില്‍ വന്ന് വോളിബോള്‍ ടീം ഉണ്ടാക്കുന്ന കഥാപാത്രത്തെയാണ്് മഞ്ചു അവതരിപ്പിക്കുന്നത്. ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജയില്‍ ക്ഷേമദിനാഘോഷങ്ങളില് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും മഞ്ചു വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റുനേടി ഒന്നാമതെത്തിയ ഒന്നാം നമ്പര്‍ ബ്ളോക്കിനും രണ്ടാമതെത്തിയ 4-ാം ബ്ളോക്കിനും ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ജയിലിലെ വോളിബോള്‍ കോര്‍ട്ടില്‍ ജയിലുകള്‍ തമ്മിലുള്ള വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനവും മഞ്ചുവാര്യര്‍ നിര്‍വഹിച്ചു. ജയില്‍ ഡിജിപി എച്ച്. ഗോപകുമാര്‍, ദക്ഷിണ മേഖലാ ഡിഐജി ഡി. പ്രദീപ്, ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ്, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കുമാരന്, ജയിലിലെ അന്തേവാസികള്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം ജയിലിലെ ജിമ്മും മഞ്ചു സന്ദര്‍ശിച്ചു. ജയിലിലെത്തിയ പ്രിയപ്പെട്ട നടിയെ ഒരുനോക്കു കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി അന്തേവാസികള്‍ മത്സരിക്കുകയായിരുന്നു. എല്ലാവരോടും യാത്ര ചോദിച്ച് കൈവീശി യാത്രപറഞ്ഞു കൊണ്ടാണ് മഞ്ചു ജയിലില്‍ നിന്ന് യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: