തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തെക്കുറിച്ച് സുപ്രീംകോടതിയുടെ പരാമര്‍ശത്തിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുമൂലമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞ്, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആരോപിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിച്ചിട്ടില്ല. പത്തിനും അന്‍പതിനും ഇടയ്‌ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കാണ് നിയന്ത്രണം. സ്ത്രീകളുടെ വിലക്ക് ആചാരപരവും ദേവഹിതാനുസരണവുമാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ട് യൗവനയുക്തകളായ സ്ത്രീകള്‍ ദര്‍ശിക്കാന്‍ പാടില്ലെന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടേണ്ടതാണ്. മാത്രമല്ല കാനനക്ഷേത്രമായ ശബരിമലയില്‍ നാല്‍പ്പത്തിയൊന്നുദിവസത്തെ തെറ്റാതെയുള്ള കഠിനവ്രതമനുഷ്ഠിച്ചുവേണം ദര്‍ശനം നടത്തേണ്ടത്.
ആചാനാരുഷ്ഠാനങ്ങള്‍ പാലിക്കാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ ക്ഷേത്ര ചൈതന്യം ലോപിക്കുകയും കോടിക്കണക്കിന് അയ്യപ്പ ഭക്തന്മാരുടെ വിശ്വാസത്തെ തകര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിന് ഉപയുക്തമായ സത്യവാങ്മൂലം എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും ദേവസ്വംബോര്‍ഡ് കേസില്‍ കക്ഷിചേര്‍ന്ന് വിശ്വാസവും വികാരവും സംരക്ഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: