ശാസ്താംകോട്ട: വിവാദങ്ങളും ആചാരഅനുഷ്ഠാനങ്ങളിലെ പോരായ്‌മയും ഭഗവാനെ കോപിഷ്ടനാക്കിയതായി ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ദേവപ്രശ്‌ന വിധി. എന്നാല്‍ ദേവന്റെ ചൈതന്യത്തിന് കുറവ് വന്നിട്ടില്ലെന്നും പ്രശ്‌നവിധിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണാരൂഡം മിഥുനം രാശിയിലായിരുന്നു പ്രശ്‌ന വിധി.
ക്ഷേത്രാങ്കണത്തിലെ അശുദ്ധി, തന്ത്രിമാര്‍ തമ്മിലുള്ള ബന്ധത്തിലെ ഏകീകരണകുറവ്, ക്ഷേത്രകിണറുകളുടെ സംരക്ഷണ കുറവ്, തൃപ്പാദ സങ്കേതത്തിലെ ശ്രദ്ധക്കുറവ്, ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതില്‍ കാട്ടുന്ന ലോപം, ധ്വജത്തിന്റെ ന്യൂനതകള്‍, വാനര ഭോജനത്തില്‍ കാട്ടുന്ന പോരായ്‌മകള്‍, ജീവനക്കാരുടെ അശ്രദ്ധ, നിവേദ്യാദികളിലെ പോരായ്‌മ തുടങ്ങിയവയെല്ലാം ദേവകോപത്തിന് കാരണമായിട്ടുണ്ട്. നാഗസന്നിധിയിലും യക്ഷിസങ്കേതത്തിലും അശ്രദ്ധ മൂലം അശുദ്ധിയുണ്ടായിട്ടുണ്ട്. ക്ഷേത്രത്തിനകത്തുകൂടി കുറുകെയുള്ളതും ഭക്തരല്ലാത്തവരുടെ സഞ്ചാരവും അശുദ്ധിയും ദേവകോപത്തിന് ഇടയാക്കുന്നു. കൂടാതെ കിഴക്കുഭാഗത്ത് ഗോപുരമില്ലാത്തതിന്റെ കുറവ്, സൂക്ഷ്മചിന്തയില്‍ ക്ഷേത്രവാസ്തുവിലുണ്ടായ ചെറിയ പോരായ്‌മ എന്നിവ പരിഹരിക്കപ്പെടണം. വേദ പാരായണത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന ക്ഷേത്ര കോമ്പൗണ്ടിലെ തെക്ക് പടിഞ്ഞാറെഭാഗം നവീകരിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണം. ക്ഷേത്രത്തിലെ പഴയ ആനയെ സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോള്‍ ശൗചാലയം നിര്‍മ്മിച്ചിരിക്കുന്നതും മുമ്പ് കര്‍ക്കിടകമാസത്തില്‍ ഭക്തര്‍ക്ക് നല്‍കിവന്ന മരുന്നുകഞ്ഞി നിര്‍ത്തലാക്കിയതും വാനരന്‍മാരുടെ ഭോജനം വെട്ടിക്കുറച്ചതും ദേവഹിതത്തിന് വിരുദ്ധമായി കാണുന്നു. നാഗക്ഷേത്രത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് കാടിന്റെ പ്രതീതിയുണ്ടാക്കണം, ഋഷികേശ്വര സ്ഥാനത്ത് പ്രത്യേകപൂജയും ചെയ്യണം, തൃപ്പാദത്തിന് പടിഞ്ഞാറ് ആല്‍ സംരക്ഷിക്കണം തുടങ്ങിയിട്ടുള്ള നിര്‍ദ്ദേശങ്ങളും ദേ പ്രശ്‌നത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, ചോറോട് ശ്രീനാഥ്, ഡോ.പി.രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടന്നത്. തന്ത്രിമാര്‍, ഉപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















