കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ അവസാന വാക്ക് ആചാര്യന്‍മാരുടേതും തന്ത്രിമാരുടേതുമാണന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാസെക്രട്ടറി വി.സുശികുമാര്‍ പറഞ്ഞു.
കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തില്‍ ഹിന്ദുഐക്യവേദി കൊല്ലം ജില്ലാവാര്‍ഷികസമ്മേളനവും വിവേകാനന്ദജയന്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമെ ശബരിമലയില്‍ നിരോധനമുള്ളൂ. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണത്തിലൂടെ ആകരുത്. തന്ത്രിമുഖ്യന്‍മാരും ആചാര്യന്‍മാരുമാണ് അതിന് അധികാരികള്‍. മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടേത് ഇത് സംബന്ധിച്ച വിധിയല്ലെന്നും വെറും ചോദ്യമാണന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.
വരുംതലമുറയെ കേരളത്തിന്റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലൂടേയും ചരിത്രരചനയിലാണ് ഹിന്ദുഐക്യവേദി. നവോത്ഥാന നായകന്‍മാര്‍ നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യങ്ങളെ പലരും തങ്ങളുടെ അക്കൗണ്ടിലാക്കുന്ന ചരിത്രമാണ് ഇന്നുള്ളത്. ത്യാഗികളുടെ ചരിത്രം ഇന്ന് ആരും പഠിക്കുന്നില്ല. നമ്മുടെ സമുദായാചാര്യന്‍മാര്‍ സമുദായത്തിന് വേണ്ടിമാത്രമല്ല സമൂഹത്തിന് വേണ്ടി ജീവിച്ചവരായിരുന്നു. ഹിന്ദുഐക്യവേദിയുടെ തുടക്കക്കാരന്‍ വിവേകാന്ദസ്വാമികളാണ്.
പലതട്ടില്‍ കഴിഞ്ഞിരുന്ന 140 സമുദായസംഘടനകളെ ഹിന്ദു ഐക്യത്തിന്റെ കൊടികീഴില്‍ അണിനിരത്താന്‍ കഴിഞ്ഞത് 13 വര്‍ഷത്തെ ഐക്യവേദിയുടെ പരിശ്രമഫലമാണ്. കേരള ചരിത്രത്തില്‍ ആദ്യമായി ഹിന്ദുവിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ഇതുകൊണ്ടാണ്. എന്നാല്‍ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് ഇതിനോടുള്ള സര്‍ക്കാര്‍ സമീപനം നിഷേധാത്മകമായിരുന്നു. ആദിവാസി ഭൂമിപ്രശ്‌നം ഉള്‍പ്പടെ ഒരാവശ്യത്തിലും വ്യക്തമായ ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആതിനാല്‍ ഹിന്ദുസമൂഹം സംഘടിത വോട്ട് ബാങ്കായി തെരഞ്ഞെടുപ്പില്‍ മാറണം. മൂന്നുവര്‍ഷം പിന്നിട്ടിട്ടും അരിപ്പഭൂസമരത്തില്‍ ഇടപെടാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്നും അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പൂത്തൂര്‍ തുളസി, വൈസ്പ്രസിഡന്റുമാരായ വിജയമോഹനന്‍, ഹരിഹരഅയ്യര്‍, ജനറല്‍സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് നേതാക്കളായ കെ.വി.സന്തോഷ്ബാബു, ഗോപാലകൃഷ്ണന്‍,രമേശ്ബാബു, ഷാജി, ഓച്ചിറ രവികുമാര്‍ മഹിളാഐക്യവേദി നേതാക്കളായ ശ്രീദേവി, രമ്യ,പ്രസന്ന ഉണ്ണികൃഷ്ണന്‍, കാഞ്ചനസുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
















