നീര്ച്ചാല്: ബേള വില്ലേജ് പരിധിയിലെ പുതുക്കോളി കൊറഗന് തൊട്ടിയില്‍ വീണ്ടും തീപിടുത്തം. നാല് ഏക്കറോളം സ്ഥലം പൂര്‍ണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചുവെങ്കിലും തീ കൂടുതല്‍ സ്ഥലത്തേക്ക് പടരുകയാണുണ്ടായത്. ഫയര്‍ഫോഴ്സെത്താന്‍ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അതേ സമയം വെള്ളത്തിന്റെ ലഭ്യതക്കുറവാണെന്നും ഒരു സ്ഥലത്ത് നിന്ന് തീ അണച്ചതിന് ശേഷം എഞ്ചിനില്‍ വെള്ളം നിറച്ച് മറ്റൊരു സ്ഥലത്തെത്തണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നുവെന്നുമാണ് അഗ്നിശമന വിഭാഗം ജീവനക്കാര്‍ പറയുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്.
കാസര്‍കോട് അഗ്നിശമന വിഭാഗത്തിലെ ഫയര്മാന്മാരായ അവിനാശ്, സതീശന്, ദാമോദരന്‍, സുരേഷ്, െ്രെഡവര്‍ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ബദിയടുക്ക, എന്മകജെ, കുമ്പഡാജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ തീപിടുത്തമോ മറ്റ് അത്യാഹിത സംഭവങ്ങളോ നടക്കുമ്പോള്‍ അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചെങ്കിലും വൈകിയെത്തുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് നാല് മാസം മുമ്പ് ബദിയടുക്ക പഞ്ചായത്തിലെ ബേള അഗ്നിശമന വിഭാഗം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് വേണ്ടി ബേള വില്ലേജ് ഓഫീസിന് പട്ടികവര്‍ഗ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപത്തായി പ്രത്യേകം സ്ഥലം കണ്ടെത്തി പഞ്ചായത്ത് ഭരണസമിതി തീരുമാനം സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം രണ്ട് ഫയര്‍ എഞ്ചിനും ഇരുപത് ജീവനക്കാരെയും നിയമിക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടുണ്ട്. ഇത് വരെ നടപ്പിലായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: