കാസര്‍കോട്: ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അവഹേളിച്ച് മലയാളിയായ ഗായകന്റെ നേതൃത്വത്തില്‍ കഴി ഞ്ഞ ദിവസം കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച സംഗീതാര്‍ച്ചനയും, പുരസ്കാര സമര്‍പണ ചടങ്ങും വിവാദമാകുന്നു. യേശുദാസ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് സംഗീതാരാധന സമിതിയുടെ പേരില്‍ വര്‍ഷങ്ങളായി സംഗീതാരാധന നടത്തിവരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലൂരില്‍ പിറന്നാളാഘോഷത്തിനെത്തിയ യേശുദാസ് താനറിയാതെ തന്റെ പേരില്‍ ചടങ്ങ് സംഘടിപ്പിച്ചതറിഞ്ഞപ്പോള് ഞെട്ടിപ്പോയി. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു പുരസ്കാരവും യേശുദാസ് നിര്‍വഹിക്കുമെന്നും സംഗീതാരാധനയില്‍ പങ്കെടുത്തുപാടുമെന്നും സംഘാടകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ആയിരത്തോളം സംഗീതാസ്വാദകര്‍ രാവിലെ മുതല്‍തന്നെ ചടങ്ങിനെത്തിയിരുന്നു. രാവിലെ നടക്കുമെന്ന് അറിയിച്ച ചടങ്ങ് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞിട്ടും ഗാനഗന്ധര്വന് എത്താത്തതിനാല്‍ ആരാധകര്‍ ബഹളം തുടങ്ങിയതോടെയാണ് യേശുദാസിനെ ഫോണിലൂടെ രാമചന്ദ്രന് ചടങ്ങിന് ക്ഷണിച്ചത്. താനറിയാതെ തന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതില്‍ ക്ഷുഭിതനായ യേശുദാസ് വേദിയിലെത്തി സംഘാടകരെ കണക്കിന് ശാസിച്ചു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത് തന്നെ അറിയിക്കാതെയാണെന്നും തനിക്ക്് ഇവിടെ വരേണ്ട കാര്യമില്ലെന്നും മൈക്കിലൂടെ യേശുദാസ് ആരാധകരെ അറിയിച്ചു. ഒടുവില്‍ പൊതുവേദിയില്‍ വച്ച് തന്നെ ക്ഷണിക്കാന്‍ മറന്നുപോയതിന് ഗാനഗന്ധര്‍വനോട് രാമചന്ദ്രന് മാപ്പു പറഞ്ഞു. പുരസ്കാരത്തിനായി മണിക്കൂറോളം കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാത്തുനിന്നുവെന്നറിഞ്ഞതോടെ അവാര്‍ഡ് വിതരണത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. തുടര്‍ന്ന് മേലില്‍ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കരുതെന്ന് സംഘാടകര്‍ക്ക് താക്കീത് നല്കി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. സംഗീതപരിപാടിയില്‍ ഗാനഗന്ധര്‍വന്റെ ഗാനാലാപനം പ്രതീക്ഷിച്ചുനിന്ന ആരാധകര്‍ ഇതോടെ നിരാശരായി. സംഗീതാരാധന സമിതിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് പിരിച്ചെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്പേയാണ് വീണ്ടും കാഞ്ഞങ്ങാട് രാമചന്ദ്രനെ കുരുക്കിലാക്കി പുതിയ വിവാദമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: