ശബരിമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചു. ആശുപത്രികളില്‍ മരുന്നുകളും ആവശ്യത്തിന് കരുതിയിട്ടുണ്ട്.
പമ്പയില്‍ 13 ആമ്പുലന്‍സുകളുടെ സേവനം പ്രധാന ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹില്‍ടോപ്പ്, ഹെയര്‍പിന്‍വളവ്, ഹില്‍ ഡൗണ്‍, പെട്രോള്‍പമ്പ്, ത്രിവേണി, ചാലക്കയം, നിലയ്ക്കല്‍, അട്ടത്തോട്, പമ്പാമണല്‍പ്പുറം, പമ്പ ആശുപത്രി എന്നിവിടങ്ങളിലാണ് ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതില്‍ അത്യാഹിതത്തെ നേരിടുന്നതിനുള്ള ഉപകരണങ്ങളും മെഡിക്കല്‍ സംവിധാനവുമുണ്ട്. പ്രത്യേകം സജ്ജീകരിച്ച രണ്ടു മൊബൈല്‍ യൂണിറ്റുകളില്‍ ഡോക്ടറുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ഉണ്ടായിരിക്കും.
പമ്പമുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അത്യാഹിത ചികില്‍സാ കേന്ദ്രങ്ങളില്‍ സ്ട്രച്ചര്‍ വഹിക്കുന്നവരുടേയും മെയില്‍ നഴ്സുമാരുടേയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി, അയ്യപ്പസേവാസംഘം, ഫയര്‍ഫോഴ്സ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ഓരോ ആംബുലന്‍സുകള്‍ പമ്പ കേന്ദ്രീകരിച്ച് മകരവിളക്കിനോടനുബന്ധിച്ച് സേവനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: