ശബരിമല: പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഭക്തര്‍ വലയുന്നു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമോ, വിശ്രമം, ചികിത്സ, ഭക്ഷണം, സുരക്ഷ, ഗതാഗതം, ശൗചാലയങ്ങള്‍ ഇവയൊന്നും വേണ്ടത്ര ഇല്ലെന്നതാണ് പ്രശ്നം.
അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പത്തിയാറോളം രാഷ്ട്രങ്ങളില്‍നിന്നായി കേരളത്തിലെ ജനസംഖ്യയേക്കാളേറെ ഭക്തരാണ് ദര്‍ശനത്തിനായി ഇവിടെ എത്തിച്ചേരുന്നത്. പ്രതിവര്‍ഷം ഏറിവരുന്ന ഭക്തജന ബാഹുല്യം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കടമയാണ്.
ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന വരവ് കൂടാതെയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ഭക്തരില്‍നിന്നും വരുമാനമുണ്ടാകുന്നത്. അയ്യപ്പചിന്തകളും വിശ്വാസങ്ങളും മുറുകിപിടിച്ച് കഠിനവ്രതംനോറ്റ് കഷ്ടതകളേറെസഹിച്ച് പടിചവിട്ടി എത്തുന്ന ഭക്തന് ഭഗവാനെ ഒരുനോക്ക് ദര്‍ശിക്കുവാന്‍ ഇവിടെ അവസരമില്ലെന്നത് ഏറെ വേദനയുഉളവാക്കുന്നതാണ്. നിയന്ത്രണങ്ങളുടെ പേരില്‍ വന്യമൃഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാന്തരങ്ങളിലെ പാതയോരങ്ങളില്‍ ഭക്തരെ തടഞ്ഞുള്ള അധികൃതരുടെ ക്രൂരവിനോദത്തിനാണ് ഇവര്‍ ആദ്യം പാത്രമാകുന്നത്.
പമ്പമുതല്‍ സന്നിധാനംവരെയുള്ള മലനിരകളിലെ നീണ്ടനിരകളില് മണിക്കൂറുകള്‍ ചിലവഴിക്കുന്ന ഇവര്‍ക്ക് ദാഹജലംപോലും വേണ്ടത്ര നല്കാനാവുന്നില്ല.
കാത്തുനിന്ന് വീര്‍പ്പുമുട്ടുമ്പോള്‍ കൈക്കുഞ്ഞുമായി നിരയില്‍നിന്ന് ഒന്നിറങ്ങിപ്പോയാല്‍ മര്‍ദ്ദനമടക്കമുള്ള മുറകള്‍ ഭക്തരില്‍ പരീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍. എല്ലാംസഹിച്ച് ഭഗവാന്റെ തിരുമുമ്പിലെത്തിയാല് തിരുമുഖം ദര്‍ശിക്കും മുമ്പായി തിരക്കിന്റെപേരില് തടിമിടുക്കുകാട്ടുന്ന സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍.
തിരുമുമ്പില്‍നിന്നും തിരുമുറ്റത്തെത്തിയാല്‍ വിരിവച്ച് വിശ്രമിക്കാന്‍ വേണ്ടത്ര ഇടമില്ലാതെ ഭക്തരുടെ കഷ്ടപ്പാടുകള്‍. കാട്ടുപന്നിക്കൂട്ടത്തിനൊപ്പം കഴുതകളെപ്പോലെ മഴയുംവെയിലുമേറ്റ് ഭക്തജനങ്ങള്‍ വലയുമ്പോള്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നോട്ടം ഭക്തരുടെ കയ്യിലെ നോട്ടുകെട്ടുകള്മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: