കൊല്ലം: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമല്ലെന്നും ഫണ്ട് വിനിയോഗരീതിയില്‍ മാറ്റം വേണമെന്നും അഞ്ചാം ധനകാര്യകമ്മിഷന്‍. ജനറല്‍ പര്‍പ്പസ് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, ഡവലപ്പ്‌മെന്റ് ഫണ്ട് എന്നിവയുടെ വിനിയോഗത്തെക്കുറിച്ച് ജില്ലയില്‍ നടത്തിയ സിറ്റിംഗിനുശേഷം ചെയര്‍മാന്‍ ബി.എ.പ്രകാശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. വികസനപ്രശ്‌നങ്ങളെക്കുറിച്ചും പദ്ധതിപ്രവര്‍ത്തനങ്ങളെക്കുറിച്ചും വേണ്ടവിധത്തിലുള്ള ചര്‍ച്ച നടക്കുന്നില്ല. ഗുണഭോക്താക്കളാണ് ഗ്രാമസഭയില്‍ പങ്കെടുക്കുന്നതില്‍ ഏറെയും. പൊതുജനപങ്കാളിത്തം കുറവാണ്. വികസനസെമിനാറുകളുടെ സ്ഥിതിയും ഇതുതന്നെ. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ക്കുന്ന മീറ്റിംഗുകളും ഫലപ്രദമല്ല. പദ്ധതി തുക വാര്‍ഡുമെമ്പര്‍മാര്‍ വീതിച്ചെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതുമൂലം പ്രോജക്ടുകളുടെ എണ്ണം വളരെ കൂടുന്നു. പ്രദേശത്തിന്റെ മൊത്തമായുള്ള വികസനം പദ്ധതികളില്‍ കാണുന്നില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നത് സിംഹഭാഗവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്.
തിരക്കിട്ടാണ് പ്രോജക്ടുകള്‍ തയ്യാറാക്കുന്നത്. ഇതുമൂലം സ്പില്‍ഓവര്‍ പ്രോജക്ടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രാദേശിക താല്‍പര്യവും രാഷ്‌ട്രീയ താല്‍പര്യങ്ങളുമാണ് പദ്ധതികളില്‍ നിഴലിക്കുന്നത്. മൊത്തം പദ്ധതി തുകയുടെ 50 ശതമാനം മാത്രമേ ഇതുമൂലം ചെലവഴിക്കാനാകുന്നുള്ളു. പ്രോജക്ടുകളുടെ ബാഹുല്യം പദ്ധതിപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വര്‍ഷം ചെലവഴിക്കേണ്ട തുക എത്രയാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും. ധനകാര്യകമ്മിഷന്റെ മേല്‍നോട്ടത്തിലായാല്‍ പദ്ധതി വിനിയോഗം ക്രമീകരിക്കാനാകുമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലാപഞ്ചായത്ത്, കൊല്ലം കോര്‍പ്പറേഷന്‍, കടയ്‌ക്കല്‍, കൊറ്റങ്കര, ആലപ്പാട് പഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കമ്മിഷന്‍ കൊല്ലത്ത് സിറ്റിംഗ് നടത്തിയത്. സെക്രട്ടറി ടി.കെ.സോമന്‍, ഡെപ്യൂട്ടി സെക്രട്ടറി ബി.പ്രദീപ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















