മാവേലിക്കര: മോഷ്ടിച്ച ബൈക്കുമായി കടന്ന മോഷ്ടാവിന് അപകടത്തില്‍ ഗുരുതരപരിക്ക്. ആലപ്പുഴ തിരുവമ്പാടി സ്വദേശി ഫയാസിനാ (30)ണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കരിപ്പുഴയിലായിരുന്നു അപകടം. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒന്നരയോടെ മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കാണ് അപകടത്തില്‍ പെട്ടത്.
മാവേലിക്കര സിറ്റി ബൊബൈല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഇടത്വ തലവടി പുരയ്‌ക്കല്‍വീട്ടില്‍ തോമസ് കുട്ടി ഉച്ചക്ക് ഒന്നരയോടെ ബൈക്കില്‍ സമീപത്തുള്ള ഹോട്ടലില്‍ ഊണ് കഴിക്കാനായി പോയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ബൈക്ക് മോഷണം പോയതറിഞ്ഞ് ഇയാള്‍ മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഈ സമയം ബൈക്കുമായി കടന്ന യുവാവ് കരിപ്പുഴയില്‍ അപകടത്തില്‍പെട്ടു. ബൈക്കിലുണ്ടായിരുന്ന ഇഷുറന്‍സ് പോളിസിയിലെ നമ്പരില്‍ നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ തോമസ്‌കുട്ടിയുടെ ഭാര്യ ബിന്‍സിയാണ് ഫോണ്‍ എടുത്തത്.
ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെട്ടെന്നും ഗുരുതരമായി പരിക്കേറ്റന്നും അറിഞ്ഞതിനെത്തുടര്‍ന്ന് ബിന്‍സി തോമസ് കുട്ടിയുടെ മൊബൈലിലേക്ക് വിളിച്ചു. ഈ സമയം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന തോമസ് കുട്ടി പോലീസിനെ വിവരംഅറിയിക്കുകയും പോലീസ് അപകട സ്ഥലത്തെത്തുകയുമായിരുന്നു.
മോഷണ ബൈക്കുമായി കടക്കാനുള്ള ശ്രമത്തിനിടെ അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് മയക്കുമരുന്നായി ഉപയോഗിക്കുന്ന ഉറക്കഗുളികകളും ഇടിവളയും ഫോണ്‍ നമ്പരുകള്‍ എഴുതിയ പേപ്പറും കണ്ടെടുത്തതായും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയെന്നും മാവേലിക്കര എസ്‌ഐ ശ്രീകുമാര്‍ അറിയിച്ചു.
















