പത്തനംതിട്ട:തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തില്‍ ധനു നിറപുത്തരിപൂജ നടന്നു.ഇന്നലെ രാവിലെ 9.00 നും 10.46 നും മദ്ധ്യേയായിരുന്നു ചടങ്ങുകള്‍. പുത്തരിയാലിന്റെ ചുവട്ടില്‍ നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ക്ഷേത്രനമസ്കാര മണ്ഡപത്തില്‍ വച്ച് മേല്‍ശാന്തി പി. നാരായണന് നമ്പൂതിരി പൂജിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ ക്ഷേത്രശ്രീകോവില്‍, നമസ്ക്കാര മണ്ഡപം, ഉപദേവാലയങ്ങള്‍ എന്നിവിടങ്ങളില്സ്ഥാപിച്ചു.തുടര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായിനല്കി. നിറപുത്തരിയോടനുബന്ധിച്ച് ദേവന് വിശേഷാല്‍ നിവേദ്യമായി കറിനിവേദ്യം, ഇടിച്ചുപിഴിഞ്ഞു പായസം എന്നിവ ഉച്ചപൂജയ്ക്ക് നിവേദിച്ചു. ഏത്തയ്ക്ക, ചേന, അച്ചങ്ങ, വഴുതനങ്ങ, ഇഞ്ചി, ഇളവങ്കായ്, പുത്തരിച്ചുണ്ട, പാവയ്ക്ക, വെള്ളരിയ്ക്ക, പിഞ്ച് നല്ലമുളക്, ഉപ്പ്, വെളിച്ചെണ്ണ, ചെറുകിഴങ്ങ് എന്നിവ ചേര്‍ത്താണ് കറിനിവേദ്യം തയ്യാറാക്കിയത്.
ചടങ്ങുകള്‍ക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. അജിത് കുമാര്‍, ക്ഷേത്രോപദേശക ഭാരവാഹികളായ ആര്. ഗീതാകൃഷ്ണന്‍, വിജയമ്മ എസ്. പിള്ള, റ്റി.എ. അനില്‍ കുമാര്‍, കൃഷ്ണകുമാര്‍ പി. കെ.ജി. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: