ശബരിമല: മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരമ്പരാഗത കാനനപാതയില്‍ തിരക്ക് വര്‍ദ്ധിച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന് ഭക്തര്‍ പറയുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ അടക്കം നിരവധി ഭക്തജനങ്ങളാണ് പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് കടന്നു വരുന്നത്. ഈ പാതയില്‍ എരുമേലി ചെക്ക്പോസ്റ്റ് മുതല്‍ കാളകെട്ടിവരെയുള്ള ഭാഗങ്ങളിലെ റോഡുകള്‍ കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാളകെട്ടിയില്‍ എത്തിയാല്‍ പ്രഥമിക കൃത്യങ്ങള്‍ നിര്വ്വഹക്കുന്നതിന് അയ്യപ്പന്മാരുടെ പക്കല്‍ നിന്ന് അമിത തുക ഈടാക്കുന്ന തായി പരാതിയുണ്ട്. അഴുതാനദിയിലെ മാലിന്യം പോലും പൂര്‍ണമായും നീക്കം ചെയ്യാന്‍ വനം വകുപ്പിനൊ ദേവസ്വം ബോര്‍ഡിനൊ സാധിച്ചിട്ടില്ല. അഴുതാമേടുമുതല് ഇഞ്ചിപാറ കോട്ടവരെയുള്ള ഭാഗങ്ങളില്‍ അയ്യപ്പന്മാര്ക്ക് ദാഹജലം വേണമെങ്കില്‍ വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരും.
കഠിനമായ കയറ്റിറക്കങ്ങള്‍ ഉള്ള ഈ പ്രദേശത്ത് അടിയന്തര വൈദ്യ സഹായം എത്തിക്കണമെന്ന ഭക്തരുടെ ആവശ്യം ഇത്തവണയും ഫലം കണ്ടില്ല. കരിയിലാം തോട്ടിലെത്തിയാല്‍ ഭക്ഷണത്തിനടക്കം വലിയ വില ഭക്തര്‍ക്ക് നല്കേണ്ടിവരുന്നയായി ആക്ഷേപമുണ്ട്.കരിമലമുകളിലെ അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം മാത്രമാണ് ഭക്തര്‍ക്ക് ഏക ആശ്രയം.ഇവിടെ ആവശ്യത്തിനുള്ള ശുചിമുറികള്‍ പണിയാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞില്ല. വലിയാനവട്ടത്തും ചെറിയാന വട്ടത്തും ഭക്തരെ കാത്തിരിക്കുന്നത് അസൗകര്യങ്ങള്‍ മാത്രം. കരിയിലാം തോട് കടന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്തണമെങ്കില്‍ പമ്പയിലെത്തണം.തീര്‍ത്ഥാടന കാലം അവസാനിക്കാറായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന പരാതി ഭക്തര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: