പത്തനംതിട്ട: ആനകളുടെ തോഴനായി അവയെ പരിപാലിക്കുന്നത് ജീവിത വ്രതമാക്കിയ ഡോക്ടര്‍ ഇടഞ്ഞ ആനയുടെ അക്രമണത്തില്‍ ജീവന്വെടിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. വനംവകുപ്പിന്റെ എലിഫെന്റ് സ്ക്വാഡിലെ വെറ്ററിനറി സര്ജന് കരുനാഗപ്പള്ളി ആലുങ്കടവ് മരുതൂര്‍ കുളങ്ങര കാക്കര വീട്ടില്‍ ഡോ.സി.ഗോപകുമാര്‍(47) ആണ് കഴിഞ്ഞവര്‍ഷം ജനുവരി 11 ന് ദാരുണമായി കൊല്ലപ്പെട്ടത്.
വായ്പ്പൂര് പാലത്താനത്താണ് മദമിളകിയ ഗംഗാപ്രസാദ് എന്ന ആനയെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനിടെയാണ് ഡോക്ടറുടെ ജീവന്‍പൊലിഞ്ഞത്. വായ്പ്പൂര് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആനയെ മണിമലയാറ്റിലെ ആറാട്ട് കടവില്‍ കുളിപ്പിക്കുന്നതിനിടെ അനുസരണക്കേട് കാട്ടി റോഡിലൂടെ ഓടുകയായിരുന്നു. അന്ന് ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും വിവരം അറിഞ്ഞ് ഡോക്ടര്‍ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. രാവിലെ 11.30 ഓടെ ആനയ്ക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വീണ്ടും ഓട്ടം തുടര്‍ന്നു. കോട്ടാങ്ങല്‍- മല്ലപ്പള്ളി റോഡിലൂടെ കലവറശ്ശേരി ചീരങ്കുളം ഭാഗത്തേക്ക് നീങ്ങിയ ആന വഴിയില്‍കണ്ട പശുവിനേയും മറ്റും ആക്രമിച്ചു. തുടര്‍ന്ന് പാലത്താലം മുഹമ്മദലിയുടെ പറമ്പിലേക്ക് കയറിയ ആനയ്ക്കുനേരെ പിന്നില്‍നിന്നും ഡോ.ഗോപകുമാര്‍ വീണ്ടും മയക്കുവെടിയുതിര്‍ത്തു. തിരിഞ്ഞുനോക്കിയ ആന പിന്നിലുള്ള കിണറിന് സമീപം നില്ക്കുന്ന ഡോക്ടറെ കാണുകയും പാഞ്ഞടുക്കുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോക്ടര്‍ കാലുതെറ്റി വീഴുകയും അടുത്തെത്തിയ ആന മസ്തകംകൊണ്ട് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് ആനയെ പിന്തിരിപ്പിച്ചത്.ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തെക്കന്‍ ജില്ലകളില്‍ എവിടെ ആന വിരണ്ടാലും ആളുകള്‍ ആശ്രയിച്ചിരുന്നത് ഡോ.ഗോപകുമാറിനെയാണ്. മയക്കുവെടി വെച്ച് ആനകളെ തളയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. സ്വദേശം കരുനാഗപ്പള്ളിയാണെങ്കിലും തിരുവല്ലയില്‍ വീടുനിര്‍മ്മിച്ച് ഇവിടെ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം. 250 ലധികം ഇടഞ്ഞ ആനകളെ അദ്ദേഹം വരുതിയിലാക്കിയിട്ടുണ്ട്. കോന്നി, കോട്ടൂര്‍ ആനത്താവളങ്ങളിലെ ആനകളുടെ പരിചരണത്തിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വനത്തിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെടുന്ന ആനകളെ ചികിത്സിക്കുന്നത് ഡോ.ഗോപകുമാര്‍ വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വനംവകുപ്പിന് കനത്തനഷ്ടമാണ് ഉണ്ടാക്കിയത്. ഈ മേഖലയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരെ കിട്ടാനില്ലാത്തതും എലിഫെന്റ് സ്ക്വാഡിന്റേതടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
ഡോ.ഗോപകുമാറിന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും കേരളാ ഗവ.വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനും ചേര്‍ന്ന് തിരുവല്ല ശാന്തിനിലയത്തില്‍ ഇന്ന് രാവിലെ 10ന് പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പീച്ചി വനഗവേഷണ കേന്ദ്രം മുന്‍ഡയറക്ടര്‍ ഡോ.പി.എസ്.ഈസ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: