കൊല്ലം: ആര്‍എസ്പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയെയും വി.പി.രാമകൃഷ്ണപിള്ളയുടെ മകള്‍ ബി.ജയന്തിയെയും സിപിഎമ്മില്‍ പ്രവേശിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു.
എന്‍ജിഒ യൂണിയന്‍ അംഗത്തെ ജാതിപേര് വിളിച്ച് ആക്ഷേപിച്ച കേസിലെ പ്രതിയാണ് രഘൂത്തമന്‍പിള്ളയെന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ ഒരുവിഭാഗം ഏരിയ കമ്മിറ്റിക്കും സെക്രട്ടറിക്കുമെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിയായ ഒരാളെ പിണറായി വിജയനെ കൊണ്ട് സ്വീകരിപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ചെറിയ അഭിപ്രായവ്യത്യാസം നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് സിപിഎമ്മില്‍ വന്‍പൊട്ടിത്തെറിക്ക് കാരണമായേക്കും. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് പെരിനാട് ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് രഘൂത്തമന്‍പിള്ള പരാജയപ്പെട്ടിരുന്നു. അന്ന് രഘൂത്തമന്‍പിള്ളക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗവോട്ടുകള്‍ ലക്ഷ്യമിട്ട് ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിച്ചത്. അതുപോലെ എന്‍ജിഒ യൂണിയന്‍ നേതാക്കളും രഘൂത്തമന്‍പിള്ളയെ സിപിഎമ്മില്‍ പ്രവേശിപ്പിച്ചതില്‍ രംഗത്ത് എത്തിയിട്ടുണ്ട്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്പി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തരം നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പെടുത്തിയ നിലപാട് കുണ്ടറയില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമാകുമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. കുണ്ടറയില്‍ നിലവില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് പേരും പരാജയപെടാനുള്ള സാധ്യതയാണ് ഉള്ളതെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. അറിയപ്പെടുന്ന അച്ചന്റെ മകള്‍ എന്നതിനപ്പുറം സ്വന്തമായി രാഷ്‌ട്രീയത്തില്‍ സജീവമല്ലാത്ത ബി.ജയന്തിയെ പാര്‍ട്ടിയിലെടുത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നത് ആപത്കരമാണെന്നാണ് ഇവരുടെ അഭിപ്രായവും. എം.എ.ബേബിക്ക് കുണ്ടറയില്‍ സ്വീകാര്യത കുറഞ്ഞു എന്നതിന്റെ തെളിവാണ് പാര്‍ലമെന്റ് ഇലക്ഷനില്‍ കണ്ടത്. നായര്‍ വോട്ട് കൂടുതലുള്ള സ്ഥലമാണ് കുണ്ടറ അതില്‍ ഭൂരിപക്ഷവും പ്രേമചന്ദ്രന്‍ ലഭിക്കുകയായിരുന്നു.
അതേസമയം ബിജെപി ത്രിതല തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ കുണ്ടറയിലെ രാഷ്‌ട്രീയഅന്തരീക്ഷം മാറ്റിയിട്ടുണ്ട്. ജയസാധ്യത നിശ്ചയിക്കുന്ന മണ്ഡലത്തില്‍ നാല് പഞ്ചായത്തുകളില്‍ ഇരുമുന്നണികളെയും പോലെ ബിജെപിക്കും ശക്തമായ സംഘടന സംവിധാനമുണ്ടെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. പെരിനാട്, ഇളമ്പള്ളൂര്‍, കുണ്ടറ, തൃക്കോവില്‍വട്ടം, നെടുമ്പന, പേരയം, കൊറ്റങ്കര എന്നീ പഞ്ചായത്തുകളില്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപി മുന്നില്‍ തന്നെയുണ്ട്.
















