ദി ഹാസ്തി തദന്യത്ര
യന്നേ ഹാസ്തി നതത് ക്വചിത്
ഇതിഹാസങ്ങളുടേയും ഇതിഹാസമായ മഹാഭാരതത്തിന്റെ മഹത്വത്തെക്കുറിച്ച് രചയിതാവായ വ്യാസന് തന്നെയാണ് ഇതുപറഞ്ഞിട്ടുള്ളത്. ”ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റിടങ്ങളിലും കണ്ടേക്കാം, എന്നാല്‍ ഇതില്‍ പറയാത്ത കാര്യങ്ങളാകട്ടെ മറ്റൊരിടത്തും കാണുക സാധ്യമല്ല.” ഈ മഹാവാക്യത്തിനു പക്ഷെ ഒരു അപവാദമുണ്ട്. മഹാഭാരതത്തില്‍ പറയാത്ത കാര്യങ്ങള്‍ മറ്റിടങ്ങളില്‍ കാണുന്നുണ്ട്. മഹാഭാരതത്തിലേതെന്ന് അവകാശപ്പെട്ടുകൊണ്ട് ആരൊക്കെയോ ചേര്‍ന്ന് എഴുതിപ്പിടിപ്പിച്ചിരിക്കുന്ന അവാസ്തവങ്ങള്‍. മഹാഭാരതം വിരചിതമായിരിക്കുന്ന ഒരുലക്ഷത്തി ഇരുന്നൂറ്റിപ്പതിനേഴ് ശ്ലോകങ്ങളിലൊന്നില്പ്പോലും ഇല്ലാത്ത, വ്യാസന് മനസ്സില്‍പ്പോലും സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ കൃഷ്ണദ്വൈപായനില്നിന്ന് നേരിട്ട് കേട്ടതുപോലെയാണ് പ്രചരിക്കുന്നത്. നൂറ്റാണ്ടുകളായി ഒരുപക്ഷെ സഹസ്രാബ്ദങ്ങളായിത്തന്നെ പുരാണങ്ങളിലും ഭാഷ്യങ്ങളിലും കഥകളിലും നോവലുകളിലും ആട്ടക്കഥകളിലും ആഖ്യായികകളിലും സിനിമകളിലും സീരിയലുകളിലും നിറഞ്ഞുനില്ക്കുന്ന ഈ മറ്റൊരു മഹാഭാരതത്തിന് വ്യാസനുമായോ യഥാര്‍ത്ഥ മഹാഭാരതവുമായോ യാതൊരു ബന്ധവുമില്ലെന്ന് ധീരമായി പ്രഖ്യാപിച്ചിരിക്കുകയാണ് ക്രാന്തദര്‍ശിയായ ഒരാള്‍.
”കാലം കടന്നുപോകെ വ്യാസന് പറഞ്ഞ സംഭവങ്ങളില്‍ വന്ന വ്യതിയാനം ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. വ്യാസന്റെ വരികള്ക്കപ്പുറമോ വരികള്‍ക്കിടയിലോ കണ്ണുനീട്ടുന്നതിനുപകരം വരികള്‍ക്കുള്ളില്‍ നട്ടുനിര്‍ത്താനാണ് ശ്രമിച്ചത്. അതുവഴി സംഭവങ്ങള്‍ നടന്നപാടെ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമല്ലോ” എന്ന് വിനയാന്വിതനാവുമ്പോഴും മഹത്തായൊരു അക്ഷരദൗത്യമാണ് ‘മഹാഭാരതം പറയപ്പെടാത്ത നേരുകള്‍’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ ആര്.ഹരി നിറവേറ്റിയിരിക്കുന്നത്. ബുദ്ധബുക്സ് ആണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയത്തിനെത്തിയ ദുര്യോധനന് സ്ഥലജല ഭ്രമത്താല്‍ കാല്തെറ്റിവീഴുന്നതുകണ്ട് കൈകൊട്ടിച്ചിരിക്കുന്ന പാഞ്ചാലി. പാഞ്ചാലിയെ അപമാനിച്ചതിന് പ്രതികാരമായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കുന്ന വൃകോദരനായ ഭീമന്. ഭീമന് നെടുകെ പിളര്‍ന്ന ജരാസന്ധന്റെ ശരീരപാളികള്‍ അത്ഭുതകരമായി ഒന്നുചേരുന്നത്. മഹാഭാരത വായനയിലൂടെയും പുനര്‍വായനകളിലൂടെയും അനുവാചക മനസ്സില്‍ കയറിക്കൂടിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവയൊന്നും വ്യാസനിര്മിതിയല്ല എന്നറിയുക.
സ്ഥലജലഭ്രമം മൂലം വെള്ളത്തില്‍ വീണ് ഇളിഭ്യനായ ദുര്യോധനനെനോക്കി പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു പോയി. ദുര്യോധനന്റെ മനസ്സില്‍ പകയുടെ തീക്കനല്‍ കോരിയിടുന്ന ഇങ്ങനെയൊരു പ്രവൃത്തി പാഞ്ചാലി ചെയ്തുവോ? ”പാഞ്ചാലി ആ രംഗത്തിലേ ഉണ്ടായിരുന്നില്ല. വ്യാസന്റെ മയനിര്‍മ്മിതമായ, മായാസദൃശമായ കൊട്ടാരത്തിന്റെ മനോഹാരിത ദുര്യോധനനില്‍ ജലമോ സ്ഥലമോ എന്ന് തിരിച്ചറിയാനാവാത്ത ആശയക്കുഴപ്പമുണ്ടാക്കിയെന്നതു ശരി. മിനുമിനുത്ത തറയിലെ താമരകള്‍ കണ്ട് താമരക്കുളമാണന്ന് തെറ്റിദ്ധരിച്ച് വസ്ത്രങ്ങള്‍ കൈകൊണ്ട് പൊക്കിപ്പിടിച്ചു. ജാള്യത മനസ്സിലാക്കിയത് താഴേക്കിട്ടു. രണ്ടാമതും താമരകള്‍ കണ്ടപ്പോള്‍ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ നേരെയങ്ങു നടന്നു. യഥാര്‍ത്ഥ താമരക്കുളത്തില്‍ വീഴുകയും ചെയ്തു. ഇതില്‍ ഇളിഭ്യനായി നിന്ന ദുര്യോധനനെ ഭീമനും അര്‍ജ്ജുനനും നകുലനും സഹദേവനും കണ്ടു. ഭീമന് ആദ്യം പൊട്ടിച്ചിരിച്ചു. വാല്യക്കാരും കൂട്ടത്തോടെ ചിരിച്ചു. അര്‍ജുനനും നകുലനും സഹദേവനും ചിരിയില്‍ പങ്കുചേര്‍ന്നു. പാഞ്ചാലിയെന്നല്ല മറ്റൊരു സ്ത്രീയും ഈ രംഗത്തുണ്ടായിരുന്നതായി വ്യാസന് പറയുന്നില്ല” എന്നാണ് ഹരിയേട്ടന് ആധികാരികമായി രേഖപ്പെടുത്തുന്നത്.
ചൂതില്‍ തോറ്റ് വനവാസത്തിന് പോകാനൊരുങ്ങുന്ന പാണ്ഡവരെ പരിഹസിക്കുന്ന ദുശ്ശാസനനെ നോക്കി ഭീമന് രക്തപ്രതിജ്ഞയെടുക്കുന്നു ”എടാ ദുശ്ശാസനാ! ഉള്ള തെറിയൊക്കെ പുലമ്പ്. ചതിച്ചു നേടി മേനി പറയുന്ന ആണത്തം! ഭീമന്റെ സ്വരം ഇടിമുഴക്കമാവുന്നു. എടാ ദുശ്ശാസനാ! പോരാട്ടത്തില്‍ നിന്റെ ചങ്കുകുത്തിപ്പൊളിച്ച് ചുടുചോര ഞാന്‍ മോന്താതിരുന്നാല്‍ കുന്തിയുടെ മകനായ ഈ വൃകോദരന് സദ്ഗതി കിട്ടാതിരിക്കട്ടെ!” എന്നാണ് ഭീമന് അലറുന്നത്. ”വാക്കില്‍ വീറുള്ള ദുശ്ശാസനന്റെ ചുടുചോര ഞാന്‍ മൃഗരാജന് കുടിക്കുന്നപോലെ കുടിക്കും” എന്ന് ഒരിക്കല്‍ക്കൂടി ഭീമന് പ്രതിജ്ഞയെടുക്കന്നു. യുദ്ധമധ്യേ പ്രതിജ്ഞ നിറവേറ്റിയ ഭീമന്റെ വാക്കുകള്‍ ഇടിവെട്ടുംപോലെ മുഴങ്ങുന്നു, ”പെറ്റമ്മയുടെ മുലപ്പാല്‍, നറുതേന്‍, നെയ്യ്, പാലുംതൈരും കടഞ്ഞെടുത്ത രുചികരമായ പാനീയം, മറ്റ് സുധാരസരങ്ങള് ഇവയെക്കാള്‍ സ്വാദുള്ളതാണ് ഹാ! ഈ വൈരിയുടെ ചുടുചോര!”
വ്യാസന് തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിയിട്ടുള്ളപ്പോള്‍ പിന്നെന്തിന് സംശയിക്കണം? ഭീമന് ചോര കുടിക്കുക തന്നെയല്ലേ ചെയ്യുന്നത്. ഭീമന് ഗാന്ധാരിയോട് പറയുന്ന വാക്കുകളാണ് ഈ ചോദ്യത്തിനുള്ള ഹരിയേട്ടന്റെ മറുപടി.
”യുദ്ധക്കളത്തില്‍ വെച്ച് നീ ദുശ്ശാസനന്റെ ചോര കുടിച്ചില്ലേ? നല്ലവര്‍ നിന്ദിക്കുന്ന നികൃഷ്ടകര്‍മം നീ ചെയ്തില്ലേ?” എന്നുചോദിക്കുന്ന ഗാന്ധാരിക്ക് ഭീമന് മറുപടി നല്‍കുന്നത് ഇങ്ങനെയാണ്: ”അമ്മേ! ശരിയാണ്. അന്യന്റെ ചോര കുടിക്കരുത്. ജ്യേഷ്ഠനോ അനുജനോ ആത്മതുല്യനാണ്. അപ്പോള്‍ പിന്നെ പറയേണമോ. ഞാനും അവനും തമ്മിലെന്തു ഭേദം. അമ്മേ! അമ്മ ദുഃഖിക്കരുത്. അവന്റെ ചോര എന്റെ ചുണ്ടും പല്ലും വിട്ടിട്ട് താഴെക്കിറങ്ങിയിട്ടില്ല. ഈ സത്യം യമധര്മന് അറിയാം. എന്റെ കൈ ചോര പുരണ്ടിരുന്നു.” കൈക്കുമ്പിള്‍ നിറയെ ദുശ്ശാസനന്റെ രക്തവുമായി പാഞ്ചാലിയെ സമീപിച്ച ഭീമന് ഭാര്യയായ അവളുടെ മുടി രക്തംപുരട്ടി ചീകിക്കെട്ടിയെന്ന പ്രചുരപ്രചാരം നേടിയ കഥയും മഹാഭാരതത്തിന് അന്യമാണെന്ന് ഹരിയേട്ടന് കണ്ടെത്തിയിരിക്കുന്നു. യുദ്ധമധ്യേ ഇങ്ങനെയൊന്ന് സംഭവിക്കാന്പോലുമുള്ള സാധ്യതയും കാണുന്നില്ല.
കല്‍പ്പനാ വൈഭവത്തിനനുസരിച്ച് കഥകള്‍ മെനഞ്ഞുണ്ടാക്കുന്നയാളായിരുന്നോ വ്യാസന്? അല്ലെന്ന് ഹരിയേട്ടന് തീര്‍ത്തു പറയുന്നു. ഇതിനുദാഹരണമായി ജരാസന്ധവധം എടുത്തുകാട്ടുന്നു. ജരാസന്ധനെ തുടരെ തുടരെ നെടുകെ പിളര്‍ന്ന് ഭീമന് വലിച്ചെറിഞ്ഞുകൊണ്ടിരിക്കെ രണ്ടു ഭാഗങ്ങളും അത്ഭുതകരമാംവണ്ണം ഒരുമിച്ചുചേര്ന്നുകൊണ്ടിരുന്നു. എന്തുചെയ്യണമെന്നറിയാതെ വശംകെട്ടുപോയ ഭീമന് ശ്രീകൃഷ്ണന് വെറ്റിലയോ വാഴനാരോ എടുത്തു കീറി തിരിച്ചും മറിച്ചും ഇട്ടു കാണിച്ചുവത്രെ. തന്ത്രം പിടികിട്ടിയ ഭീമന് ശരീരപാളികള്‍ തിരിച്ചും മറിച്ചും ഇടത്തോട്ടും വലത്തോട്ടും വലിച്ചെറിഞ്ഞതോടെ ജരാസന്ധന്റെ കഥ കഴിഞ്ഞുവെന്നാണ് തലമുറകളായി പറഞ്ഞുകേള്പ്പിച്ചുകൊണ്ടിരിക്കുന്ന കഥ. വ്യാസന് ഇവിടെയും നിരപരാധിയാണ്. നേരിട്ടുള്ള മല്‍പ്പിടുത്തത്തില്‍ ഭീമന് ജരാസന്ധനെ തളര്‍ത്തി കൊന്നുവെന്നാണ് മഹാഭാരതം പറയുന്നത്. ”വ്യാസന്റെ ഭാരതത്തില്‍ ഭീമന് ജരാസന്ധന്റെ ശരീരത്തെ നെടുകെ രണ്ടായി കീറുന്നുമില്ല; രണ്ടായ ആ പാളികള്‍ ഒരുമിച്ചുചേരുന്നുമില്ല; ശ്രീകൃഷ്ണന് വെറ്റിലയോ വാഴനാരോ കീറി അതിന് പ്രതിവിധിയും നിര്‍ദ്ദേശിക്കുന്നില്ല” ഹരിയേട്ടന് സാക്ഷ്യപ്പെടുത്തുന്നു.
ശ്രീകൃഷ്ണന് കണ്ടുനില്ക്കെ ഭീമന് ദുര്യോധനനെ ഗദായുദ്ധത്തില്‍ മുറ തെറ്റിച്ച് അടിച്ചുകൊല്ലുകയാണ്. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നും ഗാന്ധാരിക്ക് ഭീമന് നല്കിയ മറുപടിയിലൂടെ യാതൊരു വളച്ചുകെട്ടുമില്ലാതെ വ്യാസന് വിവരിക്കുന്നു. ”മാധവന് കണ്ടുനില്ക്കെ ഭീമന് ദുര്യോധനനെ ഗദായുദ്ധത്തിന് വിളിച്ചു. അവന്റെ പയറ്റ് തന്റേതിനെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ഭീമന് കണ്ടു. ഭീമന് അവന്റെ നാഭിയ്ക്ക് താഴെ അടിച്ച് അവനെ വീഴ്ത്തി. മഹാന്മാരായ ധര്മജ്ഞന്മാര് നിശ്ചയിച്ച യുദ്ധധര്മത്തെ ശൂരന്മാര് ജീവന് കൊതിച്ചിട്ടാണെങ്കിലും ഉപേക്ഷിക്കാറുണ്ടോ?” എന്ന് ഗാന്ധാരി ചോദിക്കുന്നു. ഇതിന് ഭീമന് നല്കുന്ന മറുപടി ഇതാണ്: ”അമ്മേ, ധര്‍മവും അധര്‍മവും ഒന്നുംനോക്കാതെ ജീവനില്‍ കൊതിച്ച് ഞാന്‍ അങ്ങനെ ചെയ്തു പോയി. എന്നോട് പൊറുക്കേണമേ. എന്റെ വിമ്മിട്ടം ഞാന്‍ പറയാം. ധര്‍മം മുറുകെപ്പിടിച്ച് ആ മികവുറ്റ പയറ്റുകാരനെ ലോകത്തില്‍ ആര്‍ക്കും അടിപ്പെടുത്താന്‍ കഴിയില്ല. അധര്മത്താലാണ് അവന് ധര്‍മപുത്രരുടെ അടിയറുത്തത്, വഞ്ചിച്ചിട്ടാണ് ഞങ്ങളെ ജയിച്ചത്, ഇപ്പോള്‍ ഒടുവില്‍ ഗദായുദ്ധത്തിന് ഞാനും അവനും മാത്രം. ഞാന്‍ അടിപ്പെട്ടാല്‍ അവന് വീണ്ടും സകലതും നേടി രാജ്യം വാഴും. അതുതന്നെയായിരുന്നു എന്റെ ധര്‍മസങ്കടം. തീണ്ടാരിയായ പാഞ്ചാലിയെ ഇണമുണ്ടില്ലാതെ ഒറ്റമുണ്ടില്‍ സഭയില്‍ വലിച്ചുകൊണ്ടുവന്നത് അമ്മയ്ക്കറിയില്ലെ? അ മകളെക്കുറിച്ച് പുലഭ്യം പറഞ്ഞില്ലെ? ഇതെല്ലാം ഞാന്‍ ഓര്‍ത്തു. എന്റെ മനസ്സ് മന്ത്രിച്ചു. ഞങ്ങള്‍ തോല്‍ക്കരുത്, ജയിച്ചേ മതിയാവൂ. എന്നില്‍ ചുറ്റിപ്പറ്റി നില്ക്കുന്നു ജയവും തോല്‍വിയും. ഞാന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇടംവലം നോക്കാതെ ചെയ്യേണ്ടതു ചെയ്തു.” ഭീമനിലൂടെ വ്യാസന് പറയുന്ന ഈ വാക്കുകളിലെ സത്യസന്ധത ആര്‍ക്കു നിഷേധിക്കാനാവും?
വ്യാസഹൃദയത്തിലൂടെയാണ് ഹരിയേട്ടന് സഞ്ചരിക്കുന്നത് എന്നതിന് നിദര്‍ശനങ്ങള്‍ ഇനിയുമുണ്ട് വേണ്ടുവോളം. വേതനം ചോദിക്കുന്ന ദുര്‍മോഹിയായ ഗുരു ദ്രോണരെക്കുറിച്ച് പറയുമ്പോള്‍, കാളിദാസന്റേതില്നിന്ന് തികച്ചും വ്യത്യസ്തയായ വ്യാസന്റെ ശകുന്തളയെ അവതരിപ്പിക്കുമ്പോള്‍, ധൃതരാഷ്ട്രരുടെ രാഷ്ട്രീയ ഗുരുവായ കണികനെ പരിചയപ്പെടുത്തുമ്പോള്‍, കൗരവസദസ്സില്‍ ദൂതിനുപോയ കൃഷ്ണന്റെ സമഗ്രവും സൂക്ഷ്മവുമായ പ്രായോഗികബുദ്ധിയുടെ മഹത്വം തൊട്ടുകാണിക്കുമ്പോള്‍, കര്‍ണന്റെ സ്വഭാവവൈകല്യങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടയ്ക്കാതിരിക്കുമ്പോള്, അര്‍ജ്ജുനന്റെ സ്വഭാവമഹിമ വാഴ്ത്തുമ്പോള്‍, ചൂതുകളിയുടെ അകവും പുറവും വെളിപ്പെടുത്തുമ്പോള്‍, ധര്‍മത്തിന്റെയും ആപദ്ധര്മത്തിന്റെയും നിര്‍വചനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍… മലയാളികള്‍ക്ക് ഒട്ടും സുപരിചിതനല്ലാത്ത വ്യാസനെയും വന്‍തോതില്‍ അപരിചിതമായ മഹാഭാരതത്തെയും തിരിച്ചറിയപ്പെടാതെ പോകുന്ന അതിലെ കഥാപാത്രങ്ങളെയുമാണ് ഹരിയേട്ടന് കാട്ടിത്തരുന്നത്.
ആദികാവ്യമായ രാമായണത്തിന്റെ ആത്മാവിലൂടെ സഞ്ചരിച്ച് നേരറിവുകള്‍ പലതും കാണിച്ചുതരുന്ന ‘വാല്മീകി രാമായണം ഒരു പഠനം’ എന്ന കൃതിയ്ക്കുശേഷമാണ് വ്യാസമഹാഭാരതം കാത്തുപോരുന്ന നേരിന്റെ അടരുകള്‍ ഹരിയേട്ടന് ചികഞ്ഞെടുക്കുന്നത്. എളമക്കരയിലുള്ള മാധവനിവാസിലെ പുസ്തകങ്ങളുടെയും വായനയുടെയും പഠനങ്ങളുടെയുമായ മുറിയിലിരുന്ന് സംസാരിക്കുന്ന ഹരിയേട്ടന് എല്ലാം ഹൃദിസ്ഥമാണ്. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ റഫറന്‍സ് ആവശ്യമില്ല.
”പുസ്തകമാക്കണമെന്ന് കരുതിയല്ല മഹാഭാരതത്തെക്കുറിച്ച് എഴുതിത്തുടങ്ങിയത്. വാല്മീകി രാമായണത്തെക്കുറിച്ചുള്ള എന്റെ പുസ്തകം വായിച്ചവര്‍ വ്യാസ മഹാഭാരതത്തെക്കുറിച്ചും ഇങ്ങനെയൊരു പുസ്തകമെഴുതണമെന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. രാമായണത്തെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ മനസ്സിലും ഇങ്ങനെ ഒരു ചിന്ത ഉടലെടുത്തിരുന്നു. ഇത് രണ്ടും കൂടിയായപ്പോള്‍ എഴുതാമെന്നു വച്ചു.”
രാമായണത്തെക്കാള്‍ അഞ്ചിരിട്ടി വലിപ്പമുള്ള മഹാഭാരതം എന്ന കടലിലിറങ്ങാന്‍ പേടിയുണ്ടായിരുന്നുവെന്നും കടല്‍തീരം ഉടനീളം തോണിക്ക് കടവായതുകൊണ്ട് ഏത് കടവില്‍ തന്റെ കൊച്ചുതോണി ഇറക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും ഹരിയേട്ടന് പറയുന്നു. ”എന്നാല്‍ ദൈവം തുണച്ചു. ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ ഒരു വീട്ടില്‍ ചെന്നു. അധ്യാപികയും രണ്ട് കൊച്ചുമിടുക്കികളും. അച്ഛനെത്തിയിട്ടില്ല. കുട്ടികള്‍ തനി കുണ്ടാമണ്ടികള്‍. മൂത്തവള്‍, കാല് തെറ്റിവീണു. ഇതുകണ്ട് ഇളയവള്‍ കൈക്കൊട്ടി ചിരിച്ചു. ഉടന്‍ അമ്മ, നിര്‍ത്തെടി, മതി നിന്റെ കൂത്ത്, പാഞ്ചാലിയാകല്ലെ…”
എവിടെ തുടങ്ങണമെന്ന ആശയക്കുഴപ്പം നീങ്ങി. എഴുതിത്തുടങ്ങി. യുദ്ധക്കൊതി പൂണ്ടവള്‍, തന്റേടി, എന്തിനും പോന്നവള്‍, എടുത്തുചാട്ടക്കാരി എന്നൊക്കെയുള്ള അപവാദങ്ങള്‍ക്ക് ശരവ്യമായവള് വ്യാസന്റെ സൃഷ്ടിയല്ലെന്ന് കണ്ടെത്തുന്ന ആദ്യ അദ്ധ്യായം, ‘നിരപരാധിയായ പാഞ്ചാലി’ എഴുതി. തുടര്‍ന്ന് ‘അറിയപ്പെടാത്ത പാഞ്ചാലി’യും. പിന്നീടങ്ങോട്ട് ഇരുപത്തിരണ്ട് അധ്യായങ്ങള്‍.
വ്യാസന്റെ ധര്‍മബോധത്തെ ചോദ്യം ചെയ്യുകയായിരുന്നു സാഹിത്യനിരൂപകനായിരുന്ന കുട്ടികൃഷ്ണമാരാര്. മഹാഭാരതത്തില്‍ എവിടെയൊക്കെ ധര്‍മമുണ്ടോ അത് അധര്‍മമായും എവിടെയൊക്കെ അധര്‍മമുണ്ടോ അത് ധര്‍മമായും ചിത്രീകരിക്കുകയാണ് മാരാരെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാരാരുടെ ‘ഭാരതപര്യടന’ത്തില്‍നിന്ന് വ്യത്യസ്തമായി ആര്.ഹരിയുടെ മഹാഭാരതപര്യടനം വ്യാസഹൃദയത്തിലൂടെയാണ്.
മഹാഭാരത രചന നിര്‍വഹിച്ചിട്ടും ശാന്തി ലഭിക്കാതെയാണ് വ്യാസന് ഭാഗവതം രചിച്ചതെന്നാണ് കഥ. എന്നാല്‍ മഹാഭാരത വ്യാസനും ഭാഗവത വ്യാസനും ഒന്നാണെന്ന് ഹരിയേട്ടന് കരുതുന്നില്ല. പക്ഷേ മഹാഭാരതത്തെക്കുറിച്ച് എഴുതിക്കഴിഞ്ഞ ഹരിയേട്ടന്റെ മനസ്സിലും മറ്റൊരാഗ്രഹം, വ്യാസന്റെ ശ്രീകൃഷ്ണനെക്കുറിച്ചും എഴുതണം. ‘മഹാഭാരതം പറയപ്പെടാത്ത നേരുകളി’ലെ ‘ഹൃതരാഷ്ട്രരുടെ ദൂതന് ധൃതരാഷ്ട്രരുടെ സഭയില്‍’ എന്ന അധ്യായം വായിക്കുന്നവരൊക്കെ ഹരിയേട്ടന് കണ്ടെത്തുന്ന വ്യാസന്റെ ശ്രീകൃഷ്ണനുവേണ്ടി കാത്തിരിക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: