കൊട്ടാരക്കര: വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടങ്കിലും സംഘാടകര്‍ അതൊന്നും പാലിക്കാറില്ല. ഇത് പലപ്പോഴും കലോത്സവങ്ങളെ കലാപ ഉത്സവങ്ങളാക്കി മാറ്റുന്നു.
അമ്പത്തിയാറാമത് കലോത്സവത്തില്‍ ഇത് പലതവണ പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വഴിമാറി. കൊട്ടാരക്കരയിലെ കലോത്സവ നടത്തിപ്പുകാര്‍ പോലീസായിരുന്നു എന്ന് ഒരു തരത്തില്‍ പറയാം. കഥകളിയുടെ നാടായിട്ടും കഥകളിമത്സരത്തിന് മാര്‍ക്കിടാനെത്തിയ വിധികര്‍ത്താവിന്റെ യോഗ്യത പരിശോധിച്ചാല്‍ ഇതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാകും. നാടകമത്സരത്തില്‍ പൂസായ വിധികര്‍ത്താവ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ് മുന്‍പേ കുറിച്ചുവച്ച ടീമിന് മാര്‍ക്ക് നല്‍കിയത് പോലീസ് ലാത്തിചാര്‍ജ്ജില്‍ വരെ എത്തി. സംഭവങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. ഇന്നലെയും അടികൊണ്ട മുഖത്തല സ്‌കൂള്‍ ടീം വിധികര്‍ത്താക്കളുടെ പോരായ്‌മ ചൂണ്ടികാട്ടി മീഡിയ സെന്ററിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധനാടകം ആരേയും ചിന്തിപ്പിക്കുന്നതാണ്. പോലീസ് ഇടപെട്ട സംഭവങ്ങള്‍ തന്നെ ഈ കലോത്സവത്തില്‍ തന്നെ മുപ്പതോളം വരുമെന്നത് ഗുരുതരമായി വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കോല്‍കളി മത്സരവേദി സാക്ഷ്യം വഹിച്ചത് വലിയ സംഘര്‍ഷത്തിനാണ്, സംഘര്‍ഷത്തിന് ഒടുവില്‍ ആഡിറ്റോറിയം ഉടമക്ക് മാത്രം 3000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു എന്നത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്‌കൃതോത്സവത്തിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചും വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാന തലത്തില്‍ കഴിഞ്ഞതവണ വിജയികളായവരെ പോലും ഇത്തവണ നിലം തൊടീക്കാന്‍ അനുഭവസമ്പന്നരായ വിധികര്‍ത്താക്കള്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു വിധികര്‍ത്താക്കളെന്നും ആക്ഷേപമുണ്ട്. മത്സരങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുന്നേ ആകാശവാണിയുടെ ഗ്രേഡ് ലിസ്റ്റിലുള്ള കലാകാരന്‍മാരെ തെരഞ്ഞെടുത്ത് വിധികര്‍ത്താക്കളാക്കണമെന്ന് നിബന്ധനയുണ്ടങ്കിലും ആരും ഇത് പരിഗണിക്കാറില്ല. സാമ്പത്തികലാഭം നോക്കിയാണിത്. വിധിനിര്‍ണ്ണയം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്ന കുട്ടികളെയും അകമ്പടിക്കാരെയും സ്‌കൂള്‍ അധികൃതര്‍ അടിയന്തിരമായി നിയന്ത്രിക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്ന ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാളെയുടെ പ്രതിഭകള്‍ക്ക് ചേര്‍ന്നതല്ല. ഭൂരിഭാഗം ഇനങ്ങളിലും പരാതി നിലനില്‍ക്കുന്നത് അപ്പീലിന്റെ എണ്ണവും കൂട്ടും. കൊട്ടാരക്കരയിലെ അനുഭവം പാഠമായി എടുത്ത് അടുത്ത കലോത്സവം പിഴവ് ഇല്ലാത്താതകാട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.
















