അമ്പലവയല്‍: ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ കാണാന്‍ ഇനി ആഗ്രവരെ പോകേണ്ട വരൂ അമ്പലവയലിലേക്ക്. പ്രണയസ്മാരകമായ താജ്മഹലിന്റെ മാതൃക പൂപ്പൊലി നഗരിയില്‍ ഒരുങ്ങുകയാണ്. നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. മുംതാസിന്റെ ഓര്‍മ്മയ്ക്ക് ഷാജഹാന് നിര്‍മ്മിച്ച താജ്മഹല്‍ അല്ല ഇത്. എന്നാല്‍ മുഗള്‍ നിര്‍മ്മിതിയുടെ തനത് മാതൃകയില്‍ തന്നെയാണ് ലോകം വിസ്മയിക്കുന്ന താജ്ഹലെന്ന പ്രണയസ്മാരക കുടീരത്തിന്റെ മാതൃക ഡാലിയാ തോട്ടത്തിന് നടുവില്‍ ഒരുങ്ങുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ 61 അടി ഉയരത്തിലാണ് നാല്പത്തിയഞ്ച് ലക്ഷത്തോളം രൂപ ചിലവില്‍ താജ് മഹലിന്റെ മാതൃക തീര്‍ക്കുന്നത്. പൂപ്പൊലി നഗരിയില്‍ കഴിഞ്ഞ തവണ കഥകളി രൂപമൊരുക്കി കാണികളെ ആകര്‍ഷിച്ച ശില്‍പ്പി തോമാട്ടുചാല്‍ സ്വദേശിയായ സുരേഷിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം പണിപ്പുരയിലുള്ളത്. നിര്‍മ്മാണ ചിലവ് പൂര്‍ണ്ണമായും വഹിക്കുന്നത് സുരേഷ് തന്നെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനവാരത്തോടെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. ഈ മാസം പതിനെട്ടാം തിയ്യതിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് പറഞ്ഞു.പൂപ്പൊലി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും പുതുമയാര്‍ന്ന കാഴ്ചാനുഭവമായിരിക്കും താജ്മഹലിന്റെ പ്രതിരൂപമെന്ന് ആര്‍എആര്‍എസ് മേധാവി ഡോ കെ രാജേന്ദ്രന് പറഞ്ഞു. ഇരുമ്പ് പൈപ്പുകള്‍, ഫൈബര്‍ ഗ്ലാസ്, ഫോറെക്സ് കോമ്പൗണ്ട്, മള്‍ട്ടിവുഡ്, പ്ലൈവുഡ്, ഫോം എന്നിവ ഉപയോഗിച്ചാണ് താജ്മഹലിന്റെ മാതൃക നിര്‍മ്മിക്കുന്നത്. പ്രണയസ്മാരകത്തിന്റെ മതൃകയില്‍ മുംതാസിന്റെയും ഷാജഹാന്റെയും ശവകുടീരവും നിര്‍മ്മിക്കുന്നുണ്ട്. ടിക്കറ്റ് ഈടാക്കിയാണ് പ്രവേശനം. ടിക്കറ്റ് ഇനത്തിലുള്ള വരുമാനത്തിന്റെ പകുതി വീതം ആര്എആര്എസും സുരേഷും പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: