തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം വില്ലൂന്നിയാല്‍ പരദേവതാക്ഷേത്രത്തിലെ ശാന്തിക്കാരനായ കെ.സി.ദേവന് നമ്പൂതിരിയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. രാത്രി ഒരുമണിയോടെ വീട്ടിലെത്തിയ രണ്ടുപേര്‍ അപകടത്തില്പ്പെട്ടവരാണെന്നും വെള്ളം നല്‍കണമെന്നും ആവശ്യപ്പെട്ടു. വാതില്‍ തുറക്കാതെ ജനലിലൂടെ നോക്കിയപ്പോള്‍ ഇവര്‍ വടിയുമായി നില്‍ക്കുന്നതാണ് കണ്ടത്. വീടിന്റെ പുറകില്‍ നിന്നും കൂടുതല്‍ ആളനക്കം കേട്ടതോടെ വീട്ടുകാര്‍ ക്ഷേത്രഭാരവാഹികളെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും സംഘം ആക്രമണം തുടങ്ങി. ജനല്‍ ചില്ലുകളെല്ലാം സോഡാകുപ്പികൊണ്ട് എറിഞ്ഞുതകര്‍ത്തു. വാതില്‍ ചവിട്ടിപൊളിക്കാനും ശ്രമം നടന്നു. ശബ്ദംകേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിന്നും ദേവന് നമ്പൂതിരിയും കീഴ്ശാന്തിയും വീട്ടിലേക്ക് വരുമ്പോള്‍ ഒരു മദ്യപാനി അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഇയാളെ തിരിച്ചയച്ചു. സമീപവാസിയായതിനാലും മാപ്പ് പറഞ്ഞതുകൊണ്ടും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ഇയാളെ ദേവന് നമ്പൂതിരി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ആദ്യത്തെ വെറും വിരട്ടല്‍ വധഭീഷണിയിലേക്ക് വഴിമാറിയപ്പോള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: