കായംകുളം: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിവിധ മത്സരങ്ങളിലെ വിധി നിര്‍ണ്ണയത്തില്‍ വ്യാപക പരാതി. മുന്‍പ് മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി എത്തി ക്രമക്കേടു കാട്ടിയതിന് നടപടി നേരിട്ടവര്‍ പോലും ഇക്കുറി വിധികര്‍ത്താക്കളായി എത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
അറബിക് സംഘഗാനത്തില്‍ ഉണ്ടായ വിധി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ കലോത്സവത്തിന്റെ ശോഭ കെടുത്തി. ഇതേ തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ ഡിഡിക്ക് മുന്നില്‍ കൂട്ടത്തോടെ പരാതിയുമായിയെത്തി. കലോത്സവത്തിന്റെ തുടക്കം മുതലേ ഉണ്ടായ വിധി നിര്‍ണ്ണയത്തിലെ താളപ്പിഴകള്‍ ഇന്നലെ രൂക്ഷമായതോടെ വാക്കേറ്റവും കയ്യാങ്കളിയും ഇടയ്‌ക്കിടെ അരങ്ങേറി.
ഒന്നാം ദിവസം മാര്‍ഗംകളിയിലാണ് വിധി നിര്‍ണ്ണയത്തിന്റെ താളപ്പിഴകള്‍ക്ക് തുടക്കം കുറിച്ചത്. മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തിന് മുന്‍പ് തന്നെ ബാലികാമഠം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാര്‍ഗംകളി അഭ്യസിപ്പിച്ച അധ്യാപകന്‍ വിധി കര്‍ത്താക്കളുമായി കരാര്‍ ഉറപ്പിച്ചതായി പറയുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍ മുന്‍പാകെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വിധി നിര്‍ണ്ണയം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുകയായിരുന്നു. എന്നാല്‍ വിധി നിര്‍ണ്ണയത്തിനെത്തിയ അധ്യാപകര്‍ ചേര്‍ന്ന് അവരുടെ മറ്റൊരു ടീമിന് രണ്ടാം സ്ഥാനവും നല്‍കി. എന്നാല്‍ രണ്ടാം സ്ഥാനം അനൗണ്‍സ് ചെയ്തതുമില്ല. ഇങ്ങനെയുള്ള വിധി നിര്‍ണ്ണയം ഒഴിവാക്കണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ പറഞ്ഞു.
കുച്ചിപ്പുടി, ഒപ്പന, മിമിക്രി മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നതും വിവാദമായി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിധികര്‍ത്താക്കള്‍ തമ്മിലുള്ള വാക്കേറ്റം ഫലപ്രഖ്യാപനം അല്‍പ്പസമയം വൈകിപ്പിച്ചു.
മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളുമായി ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി വിധി പ്രഖ്യാപനം നീതിപൂര്‍വ്വമല്ലെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ ആരോപിച്ചു. തര്‍ക്കം ശക്തമായതോടെ പോലീസ് എത്തുകയും പ്രധാനവാതില്‍ അടച്ച് പോലീസ് സംരക്ഷണത്തോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്.
















