ചേര്‍ത്തല: നഗരത്തിന്റെ ന്യൂസ്‌പേപ്പര്‍ ബോയ് നാവികസേനയിലേക്ക്. ചേര്‍ത്തല ആലുങ്കല്‍ വീട്ടില്‍ എന്‍. ബാലചന്ദ്രപ്രഭുവിന്റെയും എന്‍. രമാഭായിയുടേയും മകന്‍ സത്യാനന്ദ് പ്രഭുവിനാണ് ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചത്. പത്രം ഏജന്റായ അച്ഛന്‍ എന്‍. ബാലചന്ദ്രപ്രഭുവിനോടൊപ്പം ജന്‍മഭൂമി പത്രവിതരണം നടത്തിവന്നിരുന്ന സത്യാനന്ദ് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയുടെ ദിവസം പോലും പുലര്‍ച്ചെ പത്രവിതരണം നടത്തിയ സത്യാനന്ദിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. ഹയര്‍ സെക്കന്ററിയില്‍ 1200ല്‍ 1193 മാര്‍ക്ക് നേടി സ്‌കൂളിലും മുന്നിലെത്തി. തുടര്‍ന്നാണ് നേവല്‍ അക്കാദമിയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. വിശാഖപട്ടണത്തു നടന്ന സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അഞ്ച് ദിവസം നീണ്ടുനിന്ന ഇന്റര്‍വ്യൂവും ശേഷം നടന്ന മെഡിക്കല്‍ പരിശോധനകളും വിജയിച്ചാണ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ചത്. ഏഴിമല നാവിക അക്കാദമിയില്‍ ബിടെക്ക് പഠനവും പരിശീലനവും പൂര്‍ത്തിയാക്കുന്നതോടെ നേവിയില്‍ കമ്മീഷന്‍സ് ഓഫീസറായി നിയമനം ലഭിക്കും. പഠനത്തോടൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സത്യാനന്ദ് മൃദംഗത്തിലും ഹിന്ദി ഉപന്യാസത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സഹോദരി ദീപ്തി ബി. പ്രഭു ബാങ്ക് ഉദ്യോഗസ്ഥയാണ്.
















