ആലപ്പുഴ: നഗരാതിര്‍ത്തിക്കുള്ളിലുള്ള കൈയേറ്റങ്ങള്‍ 19 മുതല്‍ ഒഴിപ്പിക്കാന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും യോഗത്തില്‍ പങ്കെടുത്തു. കടകളും വഴിയോര കച്ചവടക്കാരും റോഡരിക് കൈയേറുന്നതു മൂലം നഗരത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പോലീസും പൊതുമരാമത്ത് വകുപ്പും അറിയിച്ചു.
നഗരസഭാധികൃതരും പോലീസും പൊതുമരാമത്തുവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിക്കുക. റോഡിലേക്കുള്ള കൈയേറ്റങ്ങളും പൊതുസ്ഥലം കൈയേറിയതും ഒഴിപ്പിക്കും. റോഡിനോട് ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥലം കൈയേറി സാധനസാമഗ്രികളോ മറ്റു വസ്തുക്കളോ സ്ഥാപിച്ചിട്ടുള്ളവര്‍ 17 നു മുമ്പ് അവ നീക്കം ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.
പറയുന്ന പരിധിക്കുള്ളില്‍ കൈയേറ്റങ്ങള്‍ നീക്കം ചെയ്യാതിരുന്നാല്‍ ഉടമസ്ഥരുടെ ചെലവില്‍ സര്‍ക്കാര്‍ നീക്കം ചെയ്യും. 19 മുതല്‍ ഒരാഴ്ചയാണ് ഒഴിപ്പിക്കല്‍ നടപടികള്‍. പാതയോരത്തെ ഫഌക്‌സുകള്‍, പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ എന്നിവയും ഒഴിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഒഴിപ്പിച്ച ഭാഗങ്ങളില്‍ വീണ്ടും കൈയേറ്റം ഉണ്ടാകാതിരിക്കാനും നടപടികള്‍ തുടരുന്നതിനും നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാനും തീരുമാനിച്ചു.















