കൊട്ടാരക്കര: കലോത്സവം നടക്കുന്നത് കൊട്ടാരക്കരയിലാണങ്കിലും, നിരവധി ശിഷ്യസമ്പത്തുണ്ടായിട്ടും മുന്‍കലാതിലകങ്ങളുടെ ശിഷ്യരാരും കലോത്സവത്തിന് ഇല്ല. കാരണം മത്സരത്തിനായി ആരേയും പഠിപ്പിക്കുന്നില്ലെന്നും കലാ ഉപാസനയാണ് ലക്ഷ്യമെന്നും നൃത്തത്തിന്റെ പുത്തന്‍ചുവടുകള്‍ തേടി ഗവേഷണവും പരീക്ഷണവും നടത്തുന്ന നീലമന സിസ്റ്റേഴ്‌സ് പറയുന്നു. മത്സരങ്ങള്‍ കാണാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ജന്മനാട്ടില്‍ മത്സരം നടക്കുമ്പോള്‍ എത്തണമെന്നുണ്ടെങ്കിലും പാര്‍വ്വതീദേവിയെ കുറിച്ചുള്ള ഓംകാര രൂപിണി എന്ന നൃത്തശില്‍പത്തിന്റെ തിരക്കില്‍ ചൈന്നൈക്ക് പോകുന്നതിനാല്‍ എത്താന്‍ കഴിയില്ലന്ന് ദ്രൗപതി പറഞ്ഞു. ഉദ്ഘാടനത്തിന് തിരിതെളിയിക്കാന്‍ എത്തിയെങ്കിലും മത്സരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. പുതിയ രൂപവും ഭാവവും നല്‍കിയാണ് ഇവര്‍ ഇപ്പോള്‍ രംഗത്ത് നൃത്തം അവതരിപ്പിക്കുന്നത്. ആധുനിക മന്ഥരമാരുടെ പിടിയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സ്ത്രീ സമൂഹത്തിന് കണ്ടുപഠിക്കാന്‍ രാമായണത്തിലെ സീതയുടെയും ഊര്‍മിളയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതകഥ നൃത്തരൂപത്തില്‍ രംഗത്ത് അവതരിപ്പിച്ച് നീലമന സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ.ദ്രൗപതിയും ഡോ.പത്മിനിയും ശ്രദ്ധേയരായിരുന്നു.
ആത്മനിവേദനം എന്നപേരില്‍ ഭരതനാട്യവും കുച്ചുപ്പുടിയും സമന്വയിപ്പിച്ചാണ് 45 മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തശില്‍പം രംഗത്തവതരിപ്പിക്കുന്നത്.’ഭരതനാട്യത്തിലൂടെ ദ്രൗപദിയാണ് സീതക്ക് ജീവന്‍ നല്‍കുന്നത്. കുച്ചുപ്പുടിയിലൂടെ ഊര്‍മ്മിളയെ പത്മിനിയും അവതരിപ്പിച്ചു. തുടര്‍ന്ന് സ്വാതിതിരുനാള്‍ കൃതിയെ ആസ്പദമാക്കി അനന്തപത്മനാഭനായ മഹാവിഷ്ണുവിന്റെ ഉത്ഭവം ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്തശില്‍പമായി അവതരിപ്പിച്ചു. ഓംകാരരൂപിണി ഫെബ്രുവരി 15ന് ചെന്നൈയില്‍ അരങ്ങേറും. കുട്ടിക്കാലത്ത് തന്നെ നൃത്തലോകത്തെക്ക് ചുവടുവച്ചതാണ് ഇരുവരും. സ്‌കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലുമൊക്കെ സ്ഥിരമായി കലാതിലക പട്ടം ഇവരെ തേടിയെത്തിയത് കലയോടുള്ള ഈ ഉപാസനയായിരുന്നു. പിന്നീട് ജീവിതവഴി തേടാന്‍ എംബിബിഎസ് വേണമെന്ന് ബന്ധുക്കള്‍ ഉപദേശിച്ചപ്പോള്‍ ഇരുവരും അവിടെയും മികച്ച വിജയം നേടി. പാരമ്പര്യത്തിന്റെ വൈദ്യപുണ്യം ഉണ്ടെങ്കിലും കലയുടെ വഴിയേ നടക്കാനാണ് രണ്ടുപേരും താത്പര്യം കാട്ടിയത്. ഡോക്ടറുടെ വേഷം അഴിച്ചുവച്ചുകൊണ്ട് കാലില്‍ ചിലങ്ക കെട്ടിയപ്പോള്‍ ആദ്യം എതിര്‍ത്തവരും അനുഗ്രഹിച്ചു. വിവാഹശേഷം തങ്ങളുടെ നൃത്തമോഹത്തേ പരിപോഷിപ്പിക്കുന്നവര്‍ തന്നെ ജീവിതയാത്രയില്‍ പങ്കാളികളായപ്പോള്‍ നൃത്തത്തേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവര്‍ തീരുമാനിച്ചു. ഡോ.പ്രവീണ്‍ നമ്പൂതിരി ദ്രൗപദിക്കും ഡോ.കൃഷ്ണന്‍നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുള്ള വഴികാട്ടികളാണിപ്പോള്‍. ദ്രൗപദിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കില്‍ കുച്ചുപ്പുടിയിലാണ് പത്മിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട് ദ്രൗപതി. കുച്ചുപ്പുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി.
തങ്ങളുടെ കഴിവുകള്‍ വരും തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നാട്യപ്രിയ എന്ന പേരില്‍ നൃത്തപരിശീലന കേന്ദ്രങ്ങള്‍ കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കൊട്ടാരക്കര നീലമനഇല്ലത്ത് ഡോ.എന്‍.എന്‍.മുരളിയുടേയും യോഗവതിഅന്തര്‍ജനത്തിന്റേയും മക്കളാണിവര്‍.
















