കെ.കെ. പത്മനാഭന്
കാസര്‍കോട്: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ചന്ദ്രഗിരി പുഴയുടെ തീരങ്ങളില്‍ കൗമാര കലകളുടെ ചിലമ്പോലികളുയര്ന്നു. കാല് ചിലങ്കകളുടെ ചടുല താളങ്ങളുമായി 56-ാം കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ നൃത്ത വേദികളുണര്‍ന്നു. ഇനി മൂന്ന് നാള് നഗരഹൃദയം കൗമാര കലകളുടെ പകര്‍ന്നാട്ടത്തിന് വേദിയാകും. പ്രമുഖമായ എട്ട് പുഴകളുടെ പേരിലാണ് സ്റ്റേജുകള്‍ ഒരുക്കിയിട്ടുള്ളതെന്നത് ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മറന്ന് കൊണ്ടിരിക്കുന്ന നശോന്മുഖമായി കൊണ്ടിരിക്കുന്ന നമ്മുടെ നദികളുടെ പേരുകള്‍ സ്റ്റേജിന് നല്‍കുക വഴി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയെന്ന ശ്രമം കൂടിയാണ് സംഘാടകര്‍ ചെയ്യുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്നലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. പരാതികള്‍ കുറച്ച് കലപോലെ തന്നെ താളാത്മകമായി, ചടുലമായി ജില്ലയിലെ ഏറ്റവും വലിയ കൗമാരകലാ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ സംഘാടകര്‍ക്കായി. വേദികളില്‍ ആദ്യ ദിനത്തില്‍ കലാമത്സരങ്ങള്‍ കുറവായത് കാരണം തന്നെ കാണികളും കുറവായിരുന്നു. നഗര ഹൃദയത്തില്‍ നടത്തുന്ന കലാമാമാങ്കം കാസര്‍കോടന്‍ ജനതയുടെ ജീവിത താളത്തോട് ഇഴുകി ചേര്‍ക്കുവാന്‍ പൂര്‍ണ്ണമായും സംഘാടകര്ക്കായിട്ടില്ലെന്നാണ് കാണികളുടെ കുറവ് തെളിയിക്കുന്നത്. വരും ദിവസങ്ങളില്‍ ജനഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കലാമേളയ്ക്കാകുമെന്ന് പ്രത്യാശിക്കാം.
കഴിഞ്ഞ മത്സരയിനങ്ങളെല്ലാം മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും വിഷയങ്ങളിലെ പുതുമകള്‍ കൊണ്ടും ശ്രദ്ധേയമായി. വിഷയങ്ങളും മറ്റും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മത്സരാര്‍ത്ഥികളും സംഘാടകരും പുതുമ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മോണോ ആക്ട് വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. ചെമ്മീനിലെ കഥാപാത്രങ്ങളായ കറുത്തമ്മയെയും, പരീക്കുട്ടിയെയും, ചെമ്പന്‍ കുഞ്ഞിനെയും അനശ്വരമാക്കിയ ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂളിലെ സി.അനഘ ഹൈസ്ക്കൂള് വിഭാഗം മോണോ ആക്ടില്‍ ഒന്നാമതെത്തി താരമായി. കറുത്തമ്മയും, പരീകുട്ടിയും, ചെമ്പന്‍ കുഞ്ഞും അരങ്ങിലെ അഭ്രപാളിയിലെത്തിയപ്പോള്‍ കാണികള്‍ക്ക് ആ പ്രണയ ചിത്രം ഒരിക്കല്‍ കുട്ടി ആര്‍ദ്രമായി മനസിലോടിയെത്തി. അപ്പീലുമായെത്തിയ ഒരു കുട്ടിയടക്കം ഒമ്പത് പേരാണ് അനഘയ്ക്കൊപ്പം മത്സരിച്ചത്. ചെമ്മീനില്‍ കറുത്തമ്മയും പരീകുട്ടിയും കടലില്‍ ചാടി മരിക്കുകയായിരുന്നുവെങ്കില്‍ സമകാലിക കാലഘട്ടത്തെ കോര്‍ത്തിണക്കിയ അനഘയുടെ മോണോ ആക്ടില്‍ കടല്‍ തന്നെ മരിക്കുകയാണ്.
ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ ചുംബന സമരാഭാസത്തെ ആസ്പദമാക്കി അരങ്ങില്‍ പകര്‍ന്നാടിയ കാറഡുക്ക ജിവിഎച്ച്എസ്എസിലെ കെ.വിഷ്ണുപ്രസാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ത്യാഗപൂര്‍ണ്ണമായ സമരങ്ങളിലൂടെ പടുത്തുയര്‍ത്തിയ കേരളീയ സംസ്കാരത്തിലെ ആധുനിക തലമുറ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ചുംബന സമരാഭാസങ്ങളുടെ പിന്നാലെ പോയി അധപതിക്കുന്നതിനെയാണ് മോണോ ആക്ടിലൂടെ ആവിഷ്കരിച്ചത്. എങ്ങനെയും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ആധുനിക തലമുറയിന്ന്. ഒളിഞ്ഞ് നോക്കുന്ന ആധുനിക സമൂഹം ഒരുവശത്തും മറുവശത്ത് ചുംബന സമരങ്ങളും കൊണ്ട് കേരളീയ സമൂഹം അധപതിക്കുകയാണെന്ന് മോണോ ആക്ടിലൂടെ വിഷ്ണു പറഞ്ഞപ്പോള്‍ കാണികളെ സത്യത്തില്‍ ഒരു നിമിഷം ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു. കൗമാര കലാമാമാങ്കത്തെ നെഞ്ചേറ്റിയ ജനഹൃദയങ്ങളിലേക്ക് കാല്ചിലങ്കളുടെ ചടുല താളങ്ങളോടെ പകര്‍ന്നാടുകയാണ് കൗമാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: