വിളപ്പില്‍ശാല: കാടും പടര്‍പ്പും മൂടി മാലിന്യവും പായലും നിറഞ്ഞ ഇടവിളാകം കുളത്തിന് പുതുജീവനേകാന്‍ ഒരു പറ്റം കുരുന്നുകളെത്തി. കുണ്ടാമൂഴി കീഴതുനട പ്രദേശത്തിലെ ജനങ്ങളുടെ ജീവനാഡിയായ ജലാശയത്തിന്റെ ശോചനീയവസ്ഥ കണ്ട് നാട്ടിലെ ഇരുപതോളം കുട്ടികളാണ് സേവന ദൗത്യവുമായി എത്തിയത്. പ്രിയദര്‍ശിനി ഗ്രന്ഥശാല, നവഭാരത് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു കുട്ടിക്കൂട്ടം സമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനം ഏറ്റെടുത്തത്.
കൂട്ടത്തിലുള്ളവര്‍ കളിക്കാനായി മൈതാനം തേടിപ്പോയപ്പോള്‍ കൈക്കോട്ടും വെട്ടുകത്തിയുമായി ഈ കുരുന്നുകള്‍ ഇടവിളാകം കുളത്തിനു ചുറ്റുമുള്ള കാടും പടര്‍പ്പും വെട്ടിമാറ്റുകയായിരുന്നു. കുളത്തിനുള്ളിലെ പായലും മാലിന്യങ്ങളും വാരിയെടുത്ത് നാടിന്റെ നീരുറവയെ ശുദ്ധീകരിച്ച ശേഷമായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മടക്കം. കുട്ടികളുടെ ഈ സേവന പ്രവര്‍ത്തനം കണ്ടതോടെ ഇത്രനാള്‍ കുളത്തിന്റെ ദുരവസ്ഥ കണ്ടിട്ടും കാണാതെ നടന്ന മുതിര്‍ന്നവര്‍ക്ക് കുറ്റബോധം തോന്നി. ദിവസങ്ങള്‍ക്ക് മുന്‍പ് ഇടവിളാകം കുളം കാളിന്ദിയാകുന്നു എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജന്മഭൂമി വാര്‍ത്ത
യെ തുടര്‍ന്ന് പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് സൂരജ്, സെക്രട്ടറി ഉണ്ണികൃഷ്ണന്, ബിനുകുമാര്‍ എന്നിവര്‍ മുന്‍കൈ എടുത്താണ് കുട്ടികളുമായി ചേര്‍ന്ന് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
വേനല്ക്കാലത്തു പോലും വറ്റാത്ത ഇടവിളാകം കുളത്തിലെ വെള്ളം ഒരുകാലത്ത് കുടിക്കുവാന്‍ വരെ ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. കുളം മാലിന്യം കൊണ്ട് നിറഞ്ഞതോടെ പ്രദേശവാസികള്‍ പലയാവര്‍ത്തി പഞ്ചായത്തധികൃതരെ സമീപിച്ചു. എന്നാല്‍ പഞ്ചായത്ത് ഇടവിളാകം കുളത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണനയാണ് വച്ചുപുലര്‍ത്തിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് കുരുന്നുകള്‍ കുളം നവീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: