കൃഷ്ണ കുമാര്‍
വിഴിഞ്ഞം: കേരളീയ ജനതയുടെ ചിരകാല സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പണി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പദ്ധതി പ്രദേശവും തുറമുഖത്തിന്റെ കവാടവുമായ മുല്ലൂര്‍ റോഡ് ഇരുട്ടില്‍ തന്നെ. വിഴിഞ്ഞം പൂവാര്‍ പ്രധാന റോഡില്‍ നിന്നും പദ്ധതി പ്രദേശത്തേയുള്ള റോഡില്‍ രാത്രിയില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള യാതൊരു വിധ സംവിധാനവും നിലവില്ല എന്നത് പദ്ധതിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. രാത്രി ഏഴു മണി കഴിഞ്ഞും പദ്ധതി പ്രദേശമായ കടല്‍ തീരത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട് എന്നതും സുരക്ഷക്ക് ഭീഷണിയാണ്.
കഴിഞ്ഞ ക്രിസ്മസ് ദിവസവും ഇവിടെ യുവാവ് വീണ് മരിച്ചത് വാര്‍ത്തയായിരുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷാ സാന്നിധ്യവും ഇവിടെ നിലവില്‍ ഇല്ല എന്ന വസ്തുത ജന്മഭൂമി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷയ്ക്കായി ആകെ ആറ് സ്വകാര്യ ഏജന്‍സി ഉദ്ദ്യോഗസ്ഥന്മാര് മാത്രമേ ഈ വിശാലമായ പ്രദേശത്ത് ഉളളൂ എന്നത് ശ്രദ്ധേയമാണ്. പോലീസ്, തീരദേശ സംരക്ഷണസേന തുടങ്ങിയവരുടെ സേവനം അനിവാര്യമായ ഈ പ്രദേശത്ത് അവരുടെ സേവനം ഫലപ്രദമാകുന്നില്ല എന്ന പരാതിയും നിലനില്ക്കുന്നു. എന്നാല്‍ ഈ ആശങ്കകള്‍ക്കെതിരെ മുഖം തിരിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഈ ഭാഗത്തെക്ക് ആവശ്യമായ വൈദ്യുതി കാട്ടാക്കട നിന്നും ബാലരാമപുരം വഴി എത്തിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് നിലവില്‍ ആര്‍ക്കും ധാരണയില്ല എന്ന സ്ഥിതിയിലാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിറക് മുളച്ച പദ്ധതി എന്ന നിലയില്‍ ഈ പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണനാപരമായ സമീപനം സംശയം ജനിപ്പിക്കുന്നു എന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. വെളിച്ചവും വെള്ളവും സുരക്ഷയും ഉള്‍പ്പെടെ പദ്ധതി പ്രദേശത്ത് അനിവാര്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തുള്ള അലംഭാവം പ്രകടമാണ്.
വെയ്ബ്രിഡ്ജ് നിര്‍മ്മാണവും കടല്‍ കുഴിക്കുന്ന പ്രവൃത്തിയും തീരദേശ റോഡ് നിര്‍മ്മാണവും ഉള്‍പ്പെടെയുളള പണികള്‍ ത്വരിത വേഗതയില്‍ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയില്‍ ആഡംബര കപ്പലുകള്‍ തീരത്തിനടുത്ത് എത്തുന്നുമുണ്ട്. കപ്പലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ പദ്ധതി പ്രദേശം ഉള്‍പ്പെടെ സന്ദര്‍ശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: