ആലപ്പുഴ: കായംകുളത്ത് ഇന്നു മുതല്‍ ഒന്‍പതു വരെ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പതിനൊന്നു സബ്ജില്ലകളില്‍ നിന്നായി 5,214 കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കും. ആയിരത്തോളം അപ്പീലുകളും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ആറായിരത്തോളം മത്സരാര്‍ത്ഥികളാവും പങ്കെടുക്കുകയെന്ന് സ്വാഗതസംഘം ചെയര്‍മാനും കായംകുളം നഗരസഭാ അദ്ധ്യക്ഷനുമായ അഡ്വ. എന്‍.ശിവദാസന്‍, വിദ്യാഭ്യാസ ഉപഡയറക്ടറും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായി വി.അശോകനും പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിഭാഗം സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയിലായി 297 ഇനങ്ങളിലാണ് അഞ്ചുദിവസങ്ങളിലായി മത്സരങ്ങല്‍ അരങ്ങേറുന്നത്. എല്ലാദിവസവും രാത്രി പത്തിനു മുമ്പായി മത്സരങ്ങള്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ആറു പന്തലുകളും പത്തു വേദികളും ഭക്ഷണശാലയും സജ്ജമായിക്കഴിഞ്ഞു. അഞ്ചുദിവസവും വ്യത്യസ്ത പായസം ഉള്‍പ്പെടെയാണ് ഉച്ചഭക്ഷണംനല്‍കുക. നാലുപറയില്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാചകത്തിന്റെ മേല്‍നോട്ടം.
ഓണാട്ടുകരയുടെ തനതു വിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിങിന് പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചു. പ്രധാന വേദിയായ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയാണ് മീഡിയ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. ഇന്നുച്ചയ്‌ക്ക് 2.30ന് ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 5ന് പ്രധന വേദിയില്‍ ഉദ്ഘാടന സമ്മേളനം നടക്കും. എംപിമാരായ കെ.സ്.വേ#ുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സിനിമാതാരം അനൂപ് ചന്ദ്രന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്‍പതിന് വൈകിട്ട് നാലിനാണ് സമാപന സമ്മേളനവും സമ്മാനദാനവും.
പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ അനസ് എം. അഷറഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ വി. രാധാകൃഷ്ണന്‍ നായര്‍, വി. മുഹമ്മദുകുഞ്ഞ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.















