കൊച്ചി: സിനിമാ തര്‍ക്കം മുതലെടുത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുറച്ച് മാക്ട ഫെഡറേഷന്. നിലവിലെ വേതനത്തില്‍ പണിയെടുക്കാന്‍ ഫെഡറേഷന് കീഴിലെ തൊഴിലാളികള്‍ തയ്യാറാണെന്ന് മാക്ട ഭാരവാഹികള്‍ പറഞ്ഞു. സിനിമയുടെ നിലനില്‍പ്പിന് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേമ്പറിനും മാക്ട കത്ത് നല്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ക്കും ടെക്നീഷ്യന്മാര്ക്കും 33 ശതമാനം വേതന വര്‍ദ്ധന ആവശ്യപ്പെടുന്ന ഫെഫ്കയെ ഒഴിവാക്കി സിനിമാ നിര്‍മാണത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നീക്കം തുടങ്ങിയതോടെയാണ് ഏറെക്കാലമായി നിര്‍ജ്ജീവമായിക്കിടന്നിരുന്ന മാക്ട രംഗത്തെത്തിയത്.
ആയിരത്തഞ്ഞൂറോളം അംഗങ്ങളുണ്ടെന്നാണ് മാക്ടയുടെ അവകാശവാദം. ഫെഫ്കയില്‍ നിന്നും ഇരുനൂറോളം പേര് രാജിവെച്ച് വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം മാക്ടയിലെ തൊഴിലാളികളെ ഉപയോഗിച്ച് ഇന്നലെ തെങ്കാശിയില്‍ ആരംഭിച്ചു. അടുത്ത് തന്നെ അഞ്ചോളം സിനിമകള്‍ ചിത്രീകരണം തുടങ്ങുമെന്നും മാക്ട അവകാശപ്പെടുന്നു.
ഫെഫ്കയുടെ രൂപീകരണത്തിന് ശേഷം ഏഴ് വര്‍ഷത്തോളമായി മാക്ടയിലെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ജോലി ലഭിക്കാത്ത സ്ഥിതിയുണ്ട്. നിര്‍മാതാക്കളും ഫെഫ്കയുമായി സംഘര്‍ഷമുണ്ടായ സാഹചര്യം പരമാവധി അനുകൂലമാക്കാനാണ് മാക്ടയുടെ നീക്കം. നിര്‍മാതാക്കള്‍ സാധിക്കുന്ന വേതന വര്‍ദ്ധനവ് നല്കിയാല് മതിയെന്നാണ് തങ്ങളുടെ നിലപാടെന്ന് മാക്ട പ്രസിഡണ്ട് ബൈജു കൊട്ടാരക്കരയും ജനറല്‍ സെക്രട്ടറി കെ.ജി. വിജയകുമാറും പറഞ്ഞു. ഏഴു വര്‍ഷത്തോളമായി മാക്ടയെ പരിഗണിക്കാതെ ഫെഫ്കയെ വളര്‍ത്തിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇപ്പോള്‍ മനംമാറ്റമുണ്ടായതില് സന്തോഷമുണ്ട്. മുഴുവന്‍ സിനിമകള്‍ക്കും തൊഴിലാളികളെ നല്കാന് മാക്ടക്ക് സാധിക്കും. ചിത്രീകരണത്തിനിടെ പ്രശ്നമുണ്ടാക്കാന്‍ ഫെഫ്ക ശ്രമിച്ചാല്‍ വേണ്ട രീതിയില്‍ നേരിടുമെന്നും മാക്ട ഭാരവാഹികള്‍ അറിയിച്ചു.
പ്രതിസന്ധിക്ക് കാരണം സൂപ്പര്‍ താരങ്ങള്‍
കൊച്ചി: മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം വന്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരങ്ങളാണെന്ന് മാക്ട ഫെഡറേഷന്. നിര്‍മാണച്ചെലവിന്റെ തൊണ്ണൂറ് ശതമാനവും താരങ്ങളുടെ പ്രതിഫലമാണ്. ചിത്രീകരണത്തിന് നാല് കാരവാനെങ്കിലും വേണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു താരമിരിക്കുന്ന കാരവനില്‍ മറ്റൊരാളിരിക്കില്ല. താരങ്ങളുടെ മാനേജര്‍മാരുടെ ചെലവും നിര്‍മാതാവിന്റെ ചുമലിലാണ്.
മാക്ടയെ തകര്‍ക്കാന്‍ ചിലര്‍ കണ്ടെത്തിയ ശിഖണ്ഡിയാണു ബി. ഉണ്ണികൃഷ്ണന്. തൊഴിലാളി നേതാവെന്ന നിലയിലോ ചലച്ചിത്രകാരനെന്ന നിലയിലോ അറിയപ്പെടാത്ത ഉണ്ണികൃഷ്ണന് സംഘടനയിലൂടെ വ്യക്തിപരമായി വളരുകയും ധനം സമ്പാദിക്കുകയും ചെയ്തു. വ്യവസായ പ്രമുഖനായ സോഹന്‍ റോയിയുടെ വിസ്മയ സ്റ്റുഡിയോയുടെ ചീഫ് എക്സിക്യൂട്ടീവായി പ്രതിമാസം അഞ്ച് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ബി. ഉണ്ണികൃഷ്ണനെ സിനിമാ പ്രവര്‍ത്തകരുടെയും തൊഴിലാളികളുടേയും നേതാവായി കാണാനാകില്ല.
വാര്‍ത്താസമ്മേളനത്തില്‍ മാക്ട ഫെഡറേഷന് പ്രസിഡന്റ് ബൈജു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി കെ.ജി. വിജയകുമാര്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, വര്‍ക്കിങ് പ്രസിഡന്റ് അമ്പിളി, റോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: