കാസര്‍കോട്: 56ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള കാസര്‍കോട് റവന്യു ജില്ലാ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കാസര്‍കോട് ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായി സജ്ജീകരിച്ച എട്ട് വേദികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍്ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചന്ദ്രഗിരി (സ്കൂള്‍ ഗ്രൗണ്ട്), പയസ്വിനി (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍), തേജസ്വിനി (സന്ധ്യാരാഗം ഓഡിറ്റോറിയം), മധുവാഹിനി (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍), നേത്രാവതി (സ്കൂള്‍ ഓഡിറ്റോറിയം), പെരിയാര്‍ (ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്), കാവേരി (മുനിസിപ്പല്‍ വനിതാ ഹാള്‍), കബനി (ചിന്മയ വിദ്യാലയ ഹാള്‍) എന്നിങ്ങനെയാണ് എട്ട് വേദികള്‍
ജനുവരി നാലിന് സ്റ്റേജിതര മത്സരങ്ങളും അഞ്ച് മുതല്‍ എട്ട് വരെ സ്റ്റേജിനങ്ങളുമാണ് നടക്കുക. സ്റ്റേജിതര മത്സരങ്ങള്‍ക്ക് 11 മുതല്‍ 24 വരെ നമ്പറാണ് നല്‍കിയിരിക്കുന്നത്. ഇവ പൂര്‍ണമായും സ്കൂള്‍ കോംപൗണ്ടില്‍ തന്നെയാണ്. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4,426 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. അപ്പീല്‍ മുഖേന വരുന്ന കുട്ടികളും അധ്യാപകരും ഓഫീഷ്യല്‍സും രക്ഷിതാക്കളുമെല്ലാം ഇതിനു പുറമെയാണ്. പൊതുജനങ്ങള്‍ ഉള്‍പെടെ പ്രതിദിനം അയ്യായിരത്തിലധികം പേര് വിവിധ വേദികളിലെ പരിപാടികള്‍ വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരങ്ങള്‍ യഥാസമയം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 298 മത്സര ഇനങ്ങളാണ് ഉള്ളത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെയാണ് സമയക്രമം. മേളയുടെ വിജയത്തിനായി എം പി, റവന്യു ജില്ലയില്‍ ഉള്‍പെടുന്ന അഞ്ച് എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്മാന്മാര്, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ്, ആര് ടി ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ രക്ഷാധികാരികളും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചെയര്‍പേഴ്സണും പി ടി എ പ്രസിഡന്റ് വര്‍ക്കിംഗ് ചെയര്‍മാനുമായ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു. 16 ഉപ സമിതികളും പ്രവര്‍ത്തനക്ഷമമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവരെല്ലാം സംഘാടക സമിതിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ജനറല്‍ കണ്‍വീനര്‍. മൂന്നുതവണയില്‍ കൂടുതല്‍ ജില്ലയില്‍ വിധി നിര്‍ണയം നടത്തിയ വിധി കര്‍ത്താക്കളെ ഒഴിവാക്കിയിട്ടുണ്ട്. കര്‍ശനമായ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കള്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. അതിനായി ഷാഡോ ടീമിനെ തയ്യാറാക്കും. നാളെ മുതല്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കും. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഓഫീഷ്യല്‍സിനും വിധികര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലോത്സവവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്കം വിഭവ സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കും.
ഇടവേളകളില്‍ ലഘുഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കും. പാചക വിദഗ്ധന്‍ ചെറുവത്തൂര്‍ മാധവന് നമ്പൂതിരിയും സംഘവുമാണ് പാചകത്തിന് ഇത്തവണയും നേതൃത്വം നല്‍കുന്നത്. മുനിസിപ്പല്‍ ടൗണ്‍ ഹാളിനടുത്തുള്ള ഭക്ഷണപുരയില്‍ പാചകവും തൊട്ടടുത്ത് തന്നെ വിതരണവും നടത്തും. വിശിഷ്ടാഥിതികള്‍ക്കും വിധി കര്‍ത്താക്കള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായുള്ള സോവനീര്‍ തയ്യാറായിക്കഴിഞ്ഞു. ഉദ്ഘാടന വേദിയില്‍വെച്ച് പ്രകാശനം നിര്‍വ്വഹിക്കും. കാസര്‍കോടിന്റെ തനിമയും പാരമ്പര്യവും ഉള്‍ക്കൊള്ളുന്നതാണ് സോവനീര്‍. പ്രശസ്ത ഗായകന് വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തില്‍ 56 ഗായകരെ ഉള്‍പ്പെടുത്തി സ്വാഗത ഗാനം ചിട്ടപ്പെടുത്തി കഴിഞ്ഞു. കലോല്‍സവ സന്ദേശം പ്രചരിപ്പിക്കുന്നതിനായി അധ്യാപക അവാര്‍ഡ് ജേതാക്കളായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, രവി പിലിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത ചിത്ര സമന്വയവും നടത്തി. വേറിട്ട ഒരു പരിപാടിയായിരുന്നു ഇത്. വിളംബര ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി ഗ്രൗണ്ടില്‍ തന്നെ സമാപിച്ചു. പ്രഗദ്ഭരും പ്രശസ്തരുമായ വ്യക്തികളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും പങ്കെടുക്കും. മത്സര ഫലങ്ങള്‍ തല്‍സമയം മാധ്യമങ്ങള്‍ക്ക് നല്‍കാനായി മീഡിയ സെന്ററും മറ്റ് സംവിധാനങ്ങളും തയ്യാറാക്കി. സ്കോര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സ്കോര്‍ ബോര്‍ഡും ഒരുക്കിയിട്ടുണ്ട്. എ ഗ്രേഡ് കിട്ടിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും ലഭിക്കും. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ക്രമസമാധാന പാലത്തിനു നേതൃത്വം നല്‍കും. സ്കൂളിലെ എസ്പിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍സിസി തുടങ്ങിയവയിലെ അംഗങ്ങളാണ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകിട്ട് നാല് മണിക്ക് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന നിര്‍വഹിക്കും. സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് പി കരുണാകരന് എം പി നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം, ഫിനാന്‍സ് കമ്മറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു, സോവനീര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍, മിസ്രിയ ഹമീദ്, ജില്ലാ കലോത്സവം ജനറല്‍ കണ്‍വീനര്‍ വി വി രാമചന്ദ്രന്, പബ്ലിസിറ്റി കമ്മറ്റി വൈസ്ചെയര്‍മാന്‍ ഇ രതീഷ്, വര്‍ക്കിംഗ് ചെയര്മാന് എ എസ് മുഹമ്മദ് കുഞ്ഞി, ജോയിന്റ് കണ്‍വീനര്‍ എം ചന്ദ്രകലാ, ജോയിന്റ് കണ്‍വീനര്‍ എം പി അനിത ഭായി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സി ഹരിദാസന്, പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയര്മാന് പി.നാരായണന്, കണ്‍വീനര്‍ കെ.എസ്.നാരായണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: