ശബരിമല: കോടികൾ മുടക്കി നിർമ്മിച്ച ബെയ്‌ലി പാലം മകരവിളക്ക് ഉത്സവകാലത്തും ഉപയോഗശൂന്യമായി കിടക്കുന്നു. തിരക്ക് കുറയ്‌ക്കാനും ദർശനത്തിനുശേഷം തീർത്ഥാടകർക്ക് തിരിച്ചുപോകാനും ലക്ഷ്യമിട്ടാണ് ശരണസേതു എന്ന പേരിൽ ബെയ്‌ലി പാലം നിർമിച്ചത്. 2011 നവംബർ ഏഴിന് തുറന്ന ബെയ്‌ലിപാലം തുടക്കത്തിൽ തന്നെ വിവാദമായിരുന്നു.
കുത്തനെയുള്ള കയറ്റിറക്കവും പടികളുമാണ് പാലത്തെ അയ്യപ്പഭക്തന്മാരിൽ നിന്നും അകറ്റിയത്. ഇക്കാരണത്താൽ ഇത്തവണയും പാലത്തിലൂടെ തീർത്ഥാടകർ പോകാതെയായി. സന്നിധാനത്ത് തിരക്ക് അഭൂതപൂർവമായി തുടരുമ്പോഴും തീർത്ഥാടകർക്കു വേണ്ടി നിർമിച്ച ബെയ്‌ലി പാലം ഉപയോഗശൂന്യമായതിനാൽ സന്നിധാനത്തുനിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് കടക്കുന്ന ഭാഗത്ത് വളരെ തിരക്കാണ് അനുഭവപ്പെടുന്നത്.
മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളിൽ സന്നിധാനത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായാണ് ബെയ്‌ലി പാലം നിർമിച്ചതെങ്കിലും മിക്കപ്പോഴും ആളൊഴിഞ്ഞ അവസ്ഥയാണ.് മൂന്നു കോടി രൂപയ്‌ക്കടുത്തായിരുന്നു നിർമാണചെലവ്. 30 ലക്ഷംരൂപ ചെലവിട്ട് അപ്രോച്ച്‌വഴിയും ഒരുക്കി. ശബരിമലയിലെത്തുന്നവർക്ക് ദർശനം കഴിഞ്ഞശേഷം മാളികപ്പുറം വഴിയെത്തിയാണ് ബെയ്‌ലി പാലത്തിലേക്ക് കടക്കേണ്ടത്.
തിരക്കുള്ള സമയങ്ങളിൽ തീർഥാടകർ നിർബന്ധമായും ബെയ്‌ലി പാലം വഴി പോകണമെന്ന് നിർദേശിച്ചാലും ആരും കൂട്ടാക്കാറുമില്ല. പലപ്പോഴും ദർശനം കഴിഞ്ഞശേഷം തീർഥാടകർ സന്നിധാനം പൊലീസ് സ്‌റ്റേഷൻ പരിസരത്തെ ഫ്‌ളൈഓവർ വഴിയാണ് മടങ്ങിപ്പോകുന്നത്. ഇതിനുപുറമെ വലിയ നടപ്പന്തൽ വഴി പോകുന്നവരുമുണ്ട്.
മകരവിളക്ക് ഉത്സവകാലത്തു മിക്കപ്പോഴും ഇത് രൂക്ഷമായ കുരുക്കിനും തിരക്കിനും ഇടയാക്കുന്നു. ജോധ്പൂരിൽ ഉണ്ടായിരുന്ന സാമഗ്രികൾ ശബരിമലയിൽ എത്തിച്ചാണ് സൈനികർ ബെയ്‌ലി പാലം തീർത്തത്. ദീർഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് പാലം ഉപയോഗശൂന്യമാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോഴത്തെ പാലം സഞ്ചാരയോഗ്യമാക്കണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചെലവിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: