ആലപ്പുഴ: സര്‍ക്കാരിന്റെ അനാസ്ഥ മൂലം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുളള നടപടി ജില്ലയില്‍ വെകുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍പോലും ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാകത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടവും തയ്യാറാകുന്നില്ല. ഈ മാസം പത്തിനകം വീടുകള്‍ സന്ദര്‍ശിച്ചുള്ള വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിനായി വേണ്ടത്ര ജീവനക്കാരെ നിയമിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ പട്ടിക റവന്യൂവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധിയാണ്.
അധ്യാപകര്‍, ക്ലാര്‍ക്കുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരെയാണ് ജോലികള്‍ക്കായി പരിഗണിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി രേഖകള്‍തയ്യാറാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴുദിവസം പൂര്‍ണമായും തങ്ങളുടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം 16 അര്‍ദ്ധദിനാവധിയും അനുവദിക്കുന്നുണ്ട്. പലരും പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും ഡ്യൂട്ടി ചെയ്യാന്‍ തയാറായിട്ടില്ല. അതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയവര്‍ക്ക് നാല് ബ്ലോക്കുകള്‍ വരെ നല്‍കുന്നുണ്ട്. കഴിഞ്ഞമാസം മധ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇത് നിയന്ത്രിക്കുന്നത്.ആധാര്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ ആദ്യപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കല്‍. ഇതിന്റെ തുടര്‍ച്ചയായി വ്യക്തികളുടെ മുഖം, കണ്ണിലെ കൃഷ്ണമണി, വിരലടയാളം എന്നിവ കാമറയില്‍ പകര്‍ത്തുന്ന നടപടികളാണുണ്ടാകുക. നിലവില്‍ ആധാര്‍ ഉണ്ടായിരുന്നവരില്‍ മരിച്ചവരുടെ പേര് ഒഴിവാക്കല്‍, പിഞ്ചുകുട്ടികളെയടക്കം ഉള്‍പ്പെടുത്തുക, കൈവശമുളള ആധാറിലെ തെറ്റ് തിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ചെയ്യുന്നുണ്ട്. ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കലുമായി ബന്ധപ്പെട്ട് വിപുലമായ ബോധവല്‍ക്കരണം ഉണ്ടാകാത്തതും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.















