കേരള രാഷ്‌ട്രീയത്തില്‍ അടുത്തിടെ ഉണ്ടായിട്ടുള്ള ഒരു വ്യത്യാസം വര്‍ഷങ്ങളായി രണ്ട് മുന്നണികളായി വിഭജിച്ച് നില്‍ക്കുന്ന കേരള രാഷ്‌ട്രീയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി കൂടുതല്‍ കരുത്തോടെ രംഗത്തുവരുന്നു എന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍
കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഏറ്റവും തടസ്സമായി നില്‍ക്കുന്ന ഘടകം ഭൂമിയുടെ ലഭ്യതക്കുറവും നല്‍കേണ്ടിവരുന്ന വലിയ വിലയുമാണ്. വ്യവസായം സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നമുറക്ക് മാത്രമേ പുതിയ വ്യവസായങ്ങള്‍ വരികയുള്ളൂ. അതുകൊണ്ട് ഇതിനായി സര്‍ക്കാര്‍തന്നെ സൗകര്യമൊരുക്കണം.
ഇതിനായി ഓരോ ജില്ലയിലും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കണം. ജനവാസം കുറഞ്ഞതും എന്നാല്‍ റോഡ് – റെയില്‍ ഗതാഗതസൗകര്യമുള്ളതുമായ സ്ഥലം കണ്ടെത്തി 1500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. ഇതില്‍ 1000 ഏക്കര്‍ വ്യവസായ വികസനത്തിനാവണം. ബാക്കി 500 ഏക്കറില്‍ 250 ഏക്കര്‍ ഹൗസിങ് സൗകര്യമൊരുക്കാന്‍ ഉപയോഗപ്പെടുത്തണം. ഇതിനായി നല്ല റോഡുകള്‍ ഉണ്ടാക്കി സെക്ടര്‍ ആയി തിരിച്ച് പ്ലോട്ടുകള്‍ അലോട്ട് ചെയ്യാവുന്നതാണ്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥലത്തിന് ആനുപാതികമായി സ്ഥലം നല്‍കണം. വീട് നിര്‍മിക്കാനുള്ള ധനസഹായവും നല്‍കണം. സ്ഥലം ഏറ്റെടുക്കാനുള്ള തടസ്സങ്ങള്‍ നീക്കാനായി ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നടപ്പാക്കണം. പകരം സ്ഥലം, വീട്, ജോലി എന്നിവ നല്‍കാന്‍ തയ്യാറാവണം. കുറെഭാഗം ഫഌറ്റുകള്‍ നിര്‍മിക്കാവുന്നതാണ്. ബാക്കി 250 ഏക്കര്‍ സ്ഥലം പൊതുസൗകര്യങ്ങള്‍ വികസിപ്പിക്കണം.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കണം.
ഇത്തരം ടൗണ്‍ഷിപ്പുകളില്‍ ഏറ്റവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കണം. ഒരു വികസിത രാജ്യത്തിലെ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കണം. ഇങ്ങനെ മാതൃകയായി വികസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകള്‍ നാടിന്റെ ഓരോ ഭാഗത്തും ഉണ്ടാവണം. ഇത്തരം ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കാന്‍ വലിയ മൂലധന നിക്ഷേപം വേണ്ടിവരും എന്നതുകൊണ്ട് വര്‍ഷം ഒന്നുവീതം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കണം. വ്യവസായത്തിനായി നീക്കിവയ്‌ക്കുന്ന സ്ഥലം വ്യവസായ സംരംഭകര്‍ക്ക് വിതരണം ചെയ്യണം. അവിടെ ഉണ്ടാവുന്ന തൊഴിലവസരവും സാമ്പത്തിക വികസനവും കണക്കിലെടുത്തുകൊണ്ടാവണം മുന്‍ഗണന നല്‍കേണ്ടത്. ഇന്നത്തെ ബജറ്റ് വച്ച് നോക്കിയാല്‍ ഒരു ടൗണ്‍ഷിപ്പിന് 500 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും.
മഴവെള്ളം സംഭരിക്കണം
കേരളത്തില്‍ ഒരു ജലവിഭവവകുപ്പ് ഉണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കണം. നദികളില്‍ വെള്ളം സംഭരിക്കണം. കേരളത്തിലെ 44 നദികളിലും ആവുന്നത്ര തടയണകള്‍ നിര്‍മിച്ച് നദികളില്‍ പരമാവധി വെള്ളം നിര്‍ത്താന്‍ സാധിക്കണം. ആദ്യ പ്രൊജക്ട് ആയി ഭാരതപ്പുഴ തന്നെ ഏറ്റെടുക്കണം. ഭാരതപ്പുഴയില്‍ വേനല്‍ക്കാലത്തും 10 അടി വെള്ളം ശേഖരിക്കാന്‍ തക്കവണ്ണം ആവശ്യമുള്ളത്ര തടയണകള്‍ നിര്‍മിക്കണം. ഇത് നദിയിലേയും നദീതടപ്രദേശങ്ങളിലെയും ജലസമൃദ്ധി വര്‍ധിപ്പിക്കും. ഇതിനായി ഭാരതപ്പുഴ വികസന അതോറിറ്റി തന്നെ രൂപീകരിക്കണം. ഓരോ നദീതടസംരക്ഷണവും ഓരോ പദ്ധതിയായി ആസൂത്രണം ചെയ്യണം. ഓരോ നദിയിലും തടയണ നിര്‍മിച്ച് തുലാമാസം മുതല്‍ വെള്ളം ശേഖരിക്കാനായാല്‍ കേരളത്തില്‍ ഒരു ജലസമൃദ്ധി തന്നെ ഉണ്ടാക്കാന്‍ കഴിയും. ഇത് കൂടാതെ കുളങ്ങള്‍, ചിറകള്‍ എന്നിവ നിര്‍മിച്ച് ഗ്രാമീണ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്താനാവും.
കോള്‍നിലങ്ങളിലെ അധികജലവും ലിഫ്റ്റ് ഇറിഗേഷന്‍ വഴി സമീപപ്രദേശങ്ങളില്‍ ജലസേചനത്തിനായി വിനിയോഗിക്കാനാവും.
കൃഷി വികസനം
നാട്ടിലുണ്ടാവുന്ന ജലസമൃദ്ധി പ്രത്യക്ഷമായി തന്നെ ഉപകരിക്കുന്നത് കൃഷിയെ ആയിരിക്കും. കൃഷിവികസനത്തിന് സമഗ്രപദ്ധതി ആസൂത്രണം ചെയ്യണം.
കേരളത്തില്‍ കൃഷിവികസനത്തിന് ഏറ്റവും തടസ്സമായി നില്‍ക്കുന്നത് തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. കുറഞ്ഞ കൂലി അന്യസംസ്ഥാന തൊഴിലാളികളേയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നില്ല. അതുകൊണ്ട് കൃഷിയില്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാനുള്ള പദ്ധതി ഉണ്ടാവണം. അതിനായി ചെയ്യാവുന്ന ഒരു കാര്യം കൃഷിക്കായി ഒരു തൊഴില്‍ സേന അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം കാര്‍ഷികോല്‍പ്പാദന മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പുനഃസംവിധാനം ചെയ്യണം. ഇതിനായി ലഭിക്കുന്ന കേന്ദ്ര സഹായം കര്‍ഷകന് സബ്‌സിഡിയായി ലഭ്യമാക്കണം. ഒരു തൊഴിലാളിക്ക് 500 രൂപ കൂലി നല്‍കേണ്ടിവരുമ്പോള്‍ 350 രൂപ കര്‍ഷകനും 150 രൂപ സര്‍ക്കാരും നല്‍കുന്നവിധം സംവിധാനം ചെയ്യണം. പാടശേഖരങ്ങളെ ഫാമുകളായി ക്ലാസിഫൈ ചെയ്യുകയും അവിടെ കൃഷിയിറക്കുന്നതിന് സര്‍ക്കാരിന്റെ എല്ലാ പ്രോത്സാഹനവും ലഭ്യമാക്കണം. അത്തരം ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും തരിശിടുന്നതും അസാധ്യമാക്കണം. കൃഷിയോടൊപ്പം തന്നെ മൃഗസംരക്ഷണവും പ്രോത്സാഹിപ്പിക്കപ്പെടണം.
കേരളത്തിലെ അനുകൂല കാലാവസ്ഥയും പുല്ലിന്റെ ലഭ്യതയും എല്ലാം കണക്കിലെടുക്കുമ്പോള്‍ പാല്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ ആണുള്ളത്. പാല്‍ സൊസൈറ്റികളിലൂടെ ചെറുകിട ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതുപോലെ ക്രമേണ പശുഫാമുകളും പ്രോത്സാഹിപ്പിക്കപ്പെടണം. വിദേശരാജ്യങ്ങളിലെല്ലാം ഇന്ന് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചേരുകയാണ്.
കേരളത്തിലും രണ്ട് വാണിജ്യ തുറമുഖങ്ങള്‍ വികസിച്ചുവരുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ ഉല്‍പ്പാദനം കൊണ്ടുമാത്രം ഈ തുറമുഖങ്ങള്‍ വികസിക്കുകയില്ല. ക്രമേണ നഷ്ടം വന്ന് അടച്ചുപൂട്ടേണ്ട ഗതികേടിലേക്ക് എത്തിച്ചേരാതിരിക്കണമെങ്കില്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം കയറ്റുമതിയും വര്‍ധിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണം. ഇതിനായി പ്രത്യേക കയറ്റുമതി മേഖലകള്‍ വികസിപ്പിക്കണം. അവിടെ പാല്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഫ്രഷ് ആയി കയറ്റുമതിക്ക് തയ്യാറാക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. അതിനാവശ്യമായ വിധം ഉല്‍പ്പാദനമേഖല വികസിപ്പിക്കണം. ഇതിന് സഹായകമാകുന്ന വിധം പ്രവാസി ഭാരതീയരുടെ നിക്ഷേപവും നൈപുണ്യവും വിനിയോഗിക്കണം. അവര്‍ ജീവിക്കുന്ന മേഖലകളില്‍ കേരളത്തില്‍നിന്നുള്ള ഇറക്കുമതി പ്രോത്സാഹിപ്പിക്കണം. അതിനാവശ്യമായ വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനായി കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തണം. വിദേശമലയാളികളുടെ സാമ്പത്തികസ്ഥിതിയും കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുന്നവിധം ഈ മേഖലയെ വികസിപ്പിക്കാനാവും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും കയറ്റുമതി സഹായമാവും.
ടൂറിസത്തിന്റെ സ്വന്തം നാട്
കേരളത്തിന്റെ ഏറ്റവും വികസന സാധ്യതയുള്ള മേഖലയാണ് ടൂറിസം. വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ലോകത്തെ മുഴുവന്‍ ഇവിടെ ആകര്‍ഷിക്കാനാവും. Sea Shore Tourism, Hill Tourism, Backwater Tourism, Pilgrimage Tourism, Cultural Tourism, Ayurveda Tourism തുടങ്ങി വിവിധമേഖലകള്‍ ഇതോടനുബന്ധിച്ച് വികസിപ്പിക്കാവുന്നതാണ്. അതിനായി ആദ്യം യോഗ്യമായ റോഡുകള്‍ ഉണ്ടാക്കണം. ഓരോ കേന്ദ്രവും പ്രത്യേകം പ്രത്യേകം പ്രൊജക്ട് ആയി കണ്ട് വികസിപ്പിക്കണം. ഇവയെ പരസ്പരം കോര്‍ത്തിണക്കിക്കൊണ്ട് മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കണം. Accommodation and Transportation online booking സൗകര്യങ്ങള്‍ ഒരുക്കണം. ഇതിലൂടെ വലിയൊരളവുവരെ ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയും. വിദേശസഞ്ചാരികളെ മാത്രമല്ല രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിയും. കാറും ഹോട്ടലും ഒറ്റ നെറ്റ്‌വര്‍ക്കില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കണം.
റോഡ് വികസനം
വികസനത്തിന്റെ ഒന്നാമത്തെ ഘടകം റോഡ് വികസനമാണ്. കേരളം ഒരു നഗരംപോലെ മാറുകയാണ്. ഇന്നത്തെനിലയില്‍ വളരുകയാണെങ്കില്‍ ഓരോ വീട്ടിലും ഓരോ കാര്‍ എന്ന ലക്ഷ്യം നേടാന്‍ 10 വര്‍ഷം മതിയാകും. എന്നാല്‍ അതിനനുസരിച്ച് റോഡുകള്‍ വികസിക്കുന്നില്ല. എങ്ങും ട്രാഫിക് ജാം ആണ്. പാര്‍ക്കിങ് ഇല്ല. വാഹനങ്ങള്‍ക്ക് സ്പീഡ് എടുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അപകടങ്ങള്‍ കൂടുതലാണ്. ഈ രംഗത്ത് നമുക്ക് വികസിത രാജ്യങ്ങളുടെ നിലവാരം നേടണമെങ്കില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവരും. അതിന് സമഗ്രപദ്ധതി തന്നെ വേണം. എല്ലാ പ്രധാനറോഡുകളും പിഡബ്ല്യുഡി റോഡുകളും നാലുവരിപാതകളാക്കണം. ദേശീയപാത ആറുവരി പാതകളാക്കണം. ഒരു റോഡിലും എതിരെ വാഹനങ്ങള്‍ വരരുത്. വലിയൊരു പ്രയത്‌നം ആണ്. എന്നാലും വരുന്ന 10 വര്‍ഷത്തിനകം ഈ ലക്ഷ്യം കൈവരിച്ചേ പറ്റൂ. അതിന് ആദ്യമായി ഓരോ പിഡബ്ല്യുഡി റോഡുകളും നാല് വരി പാതകളാക്കാനുള്ള നോട്ടിഫിക്കേഷന്‍ ഇറക്കണം. അതിന്റെ ദൂരപരിധിയില്‍ ഇനി ഒരു നിര്‍മാണവും അനുവദിക്കരുത്. ഓരോ റോഡിനേയും ഓരോ പ്രൊജക്ട് ആയിക്കാണണം.
കച്ചവടം നഷ്ടപ്പെടുന്നവര്‍ക്ക് റോഡിനോട് ചേര്‍ന്ന് പ്ലാന്‍ ചെയ്ത മാര്‍ക്കറ്റുകള്‍ വികസിപ്പിച്ച് കച്ചവടസൗകര്യം നല്‍കണം. മുഴുവന്‍ ഭൂമിയും വിട്ടുനല്‍കുന്നതിന് കാത്തുനില്‍ക്കാതെ കിട്ടുന്നവ കിട്ടുന്നവ ഏറ്റെടുത്ത് റോഡിനോട് ചേര്‍ക്കണം. അത് ബാക്കിയുള്ളവരെയും വിട്ടുനല്‍കാന്‍ പ്രേരിപ്പിക്കും. ഒറ്റയടിക്കു സാധിക്കുമെന്നല്ല. എന്നാലും 10 വര്‍ഷംകൊണ്ട് കേരളത്തിലെ ഒട്ടുമിക്കവാറും റോഡുകളും നാല് വരി പാതകളാവണം.
ഗ്രാമീണ റോഡുകളും നഗരത്തിലെ വഴികളും വികസിപ്പിക്കുന്നത് ഇപ്പോഴത്തെപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലായിരിക്കും. നഗരങ്ങളില്‍ പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്താം. നഗരസഭകള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം നല്‍കണം. നാഷണല്‍ ഹൈവേകളുടെ വഴിയോരങ്ങളില്‍ ശുചിമുറികളും വിശ്രമകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും മാതൃകാപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ പദ്ധതി തയ്യാറാക്കണം. ഈ രംഗത്ത് വമ്പിച്ച മുതല്‍മുടക്ക് ആവശ്യമാണെങ്കിലും അടിസ്ഥാന വികസനത്തിന് ഇത് അത്യാവശ്യമാണ്.
മത്സ്യ സമ്പത്ത്
കേരളത്തിന് സ്വന്തമായി 600 കിലോമീറ്ററോളം സമുദ്ര തീരമുണ്ട്. കൂടാതെ വേണ്ടുവോളം ഉള്‍നാടന്‍ മത്സ്യമേഖലകളുണ്ട്. ഇതിന്റെ സമഗ്രവികസന പദ്ധതി ഉണ്ടാവണം. ഫിഷിങ് ഹാര്‍ബറുകള്‍ ഇനിയും വികസിപ്പിക്കണം. ദൂരെ കടലില്‍ പോയി മത്സ്യബന്ധനത്തിനുള്ള കപ്പലുകള്‍ ഉപയോഗപ്പെടുത്തണം. കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും കയറ്റുമതികളും ലക്ഷ്യമിട്ടുകൊണ്ടുള്ള മത്സ്യസമ്പത്ത് ശേഖരിക്കാന്‍ നമ്മുടെ സംവിധാനം വികസിക്കണം.
വിദ്യാഭ്യാസം
സര്‍ക്കാരുകളുടെ ചുമതല സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതായിരിക്കണം. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക (സര്‍ക്കാര്‍, എയ്ഡഡ്) എന്നതായിരിക്കണം സര്‍ക്കാരിന്റെ നയം. അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാം സഹായവും ചെയ്യണം. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സിബിഎസ്ഇ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്നും ഒരു കുറവും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം. ഭാഷയെ സംബന്ധിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നല്ലപോലെ മലയാളം പഠിപ്പിക്കാനും മലയാളം മീഡിയം സ്‌കൂളുകളില്‍ നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കാനും സൗകര്യം ഒരുക്കാം. തീരെ അനാദായകരമായ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും.
ആരോഗ്യമേഖല
ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്ന പൊതുആരോഗ്യകേന്ദ്രങ്ങളെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയുടെ സമഗ്രവികസനമായിരിക്കണം സര്‍ക്കാരിന്റെ നയം. ഇവയെ വൃത്തിയുള്ളതും കാര്യക്ഷമവുമാക്കണം.
ദേവസ്വം ഭരണം
ഒരു മതേതര സര്‍ക്കാര്‍ ദേവസ്വം ഭരണം കൈയാളുന്നത് ഉചിതമല്ല. സര്‍ക്കാരിന്റെ ദേവസ്വം ഭരണം ഹിന്ദുസമാജത്തിന് എങ്ങനെ കൈമാറാം എന്നതു സംബന്ധിച്ച് കമ്മീഷനെ നിയമിച്ച് വിശദമായ പഠനം നടത്തണം. ശങ്കരന്‍നായര്‍ കമ്മീഷനിലെല്ലാം നിര്‍ദ്ദേശിച്ചതുപോലെ ചെറിയ ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം ആ കരയില്‍ താമസിക്കുന്ന വിശ്വാസികളായ എല്ലാവര്‍ക്കും അംഗങ്ങളാവാന്‍ കഴിയുംവിധം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ രൂപീകരിച്ച് ഒരു ക്ഷേത്രരജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തുന്ന ആ ക്ഷേത്രത്തിലെ ആരാധകരായ മറ്റ് നാട്ടുകാര്‍ക്കും അംഗത്വം നല്‍കാവുന്നതാണ്. ഭരണഭാരം ഏറ്റെടുക്കുന്ന സമിതികള്‍ ക്ഷേത്രജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കേണ്ടതാണ്.
ഘട്ടംഘട്ടമായി ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന 90 ശതമാനം ക്ഷേത്രങ്ങളും ഭക്തജനങ്ങളെ ഏല്‍പ്പിക്കാനാവും. വലിയ വരുമാനവും ജീവനക്കാരുമുള്ള ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തില്‍ നിന്നും സര്‍ക്കാരിന് എങ്ങനെ പിന്‍മാറാനാവും എന്ന് ചിന്തിക്കേണ്ടതാണ്. അവയുടെ ഭരണം നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈകളില്‍പ്പെട്ടുപോകാതിരിക്കാനുള്ള മുന്‍കരുതലും ആവശ്യമാണ്. ഇത്തരം ക്ഷേത്രങ്ങള്‍ക്കും ദേശക്കാരുടേയും ഭക്തജനങ്ങളുടേതുമായ ഒരു ജനറല്‍ബോഡി രൂപീകരിക്കാനാവും. ഇതില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ കൂടി ഭരണസമിതിയില്‍ വരുന്നവിധം ഭക്തജനപ്രാതിനിധ്യം ഉറപ്പുവരുത്താനാവും. ഈ വിഷയങ്ങളില്‍ സമഗ്രമായൊരു പഠനം ആവശ്യമാണ്.
















