കവിത തികച്ചും ഒരു ജൈവപ്രക്രിയയാണ്. സൃഷ്ടിപരമായ ഒരു യത്നം. സൃഷ്ടിക്കുള്ള പ്രധാന സാമഗ്രിയാകട്ടേ വാക്കുകളും. അതേ വാക്കുകളുടെ കലയാണു കവിത. എന്നാല്‍ വെറുതേ കുറേ വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ കോറി വരഞ്ഞിട്ടാല്‍ അതുകവിതയാവില്ല. അതിനു ശില്പ ഭദ്രതയുണ്ടാവണം. അനുവാചകന് ഗുണപരമായ എന്തെങ്കിലും നല്കുവാനുള്ള പ്രാപ്തിയും അതിനുണ്ടാവണം.
‘Before Falling in love’ അഥവാപ്രേമിക്കുന്നതിനു മുമ്പ് എന്ന അതിപ്രശസ്തമായൊരു കവിതയുണ്ട്ഹിന്ദി കവി വിമല്കുമാറിന്റേതായിട്ട്. അല്പം ദീര്‍ഘമായ ഒരു കവിതയാണത്.
അതില്‍ കവി കുറിച്ചിടുന്നു
‘One should know the definitions of life
The truth of death’
എന്ന്, അതേ ജീവിതമെന്ന പ്രഹേളികയെ നിര്‍വ്വചിക്കാനും മരണമെന്ന സത്യത്തെ തിരിച്ചറിയാനും കവിക്കാകണം. അതായത് കവിത ജീവിതഗന്ധിയാകണമെന്നു സാരം.
‘അപേക്ഷ’ എന്ന അതിമനോഹരമായൊരു കവിതയുണ്ട് ഇബ്രാഹിം മൂര്‍ക്കനാടിന്റെ ‘ഞാന്‍ ഇങ്ങനെയൊക്കെതന്നെയാണ്” എന്ന കവിതാ സമാഹാരത്തില്‍. അധികാര സിംഹാസനത്തിലിരിക്കുന്നവരുടെ മുന്നില്‍ ഉള്ളുരുകി സമര്‍പ്പിക്കുന്ന അപേക്ഷ തന്നെയാണത്. വെട്ടിനിരപ്പാക്കിയ കാട്ടിന്റെ പച്ചപ്പിനെ, മണ്ണിട്ടുമൂടിയ വയലേലകളെ, മാലിന്യക്കൂമ്പാരമായി മാറിയ ജലസ്രോതസ്സുകളെയൊക്കെ തിരികെ നല്കാനാണീയപേക്ഷ. വിലയായി നല്കാമെന്നേല്ക്കുന്നതോ, സ്വന്തം ജീവനും.
ഓര്‍മ്മകള്‍ ചിതയിലമരുന്നതിനെ ഒരുള്‍ക്കിടിലത്തോടെ മാത്രമേ ഇബ്രാഹം മൂര്‍ക്കനാട് എന്ന കവിക്കും കാണാനാവുന്നുള്ളൂ. അവിടെ ഭാഷയ്ക്ക് അര്‍ത്ഥവും വര്‍ണ്ണവും നഷ്ടപ്പെട്ടുപോകുന്നതും ഭൂതവും വര്‍ത്തമാനവുമില്ലാത്ത നിശ്ചലമായൊരു കാറ്റാടി യന്ത്രമായി കാലം മാറുന്നതും, ഓരോ വാക്കുകളും ശൂന്യതയെ വലംവെച്ച് നീര്‍ക്കുമിളകളായി അലിഞ്ഞലിഞ്ഞില്ലാതാവുന്നതും കവി സ്വയം തിരിച്ചറിയുന്നുമുണ്ട്. ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ പെയ്തൊഴിയാതെ അന്തരീക്ഷത്തില്‍ നിറയുമ്പോള്‍ ജീവിതവും ഒരിരുണ്ട ഭൂഖണ്ഡമായി മാറുകയാണിവിടെ.
പാരമ്പര്യജന്യമാണു കവിത. അതുകൊണ്ടുതന്നെ ദേശകാലങ്ങള്‍ക്കനുസരിച്ചു കവിതയും വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ കവിതയും പാശ്ചാത്യ കവിതയും തമ്മിലുള്ള പ്രധാന വ്യത്യാസം ശബ്ദാര്‍ത്ഥ പ്രയോഗങ്ങളില്ത്തന്നെയാണ്. നമ്മുടെ ഓരോ കവിതയും വാക്കിന്റെ നാനാര്ത്ഥങ്ങളിലൂന്നിയാണു പിറവിയെടുക്കുക. ഇംഗ്ലീഷുകാരന്റെ കവിത അവന്റെയുള്ളിലെ വികാരവിഹ്വലത നേരിട്ടു കുറിച്ചു വയ്ക്കപ്പെട്ടവയാണ്. പക്ഷേ നമുക്കങ്ങനെയല്ല. കവിതയില്‍ ഒരു പദം വിന്യസിക്കുമ്പോള്‍ നാം നമ്മുടെ സംസ്കാരത്തെകൂടി കൂടെക്കൂട്ടുന്നു.
പാശ്ചാത്യകവിതയെ അന്ധമായി അനുകരിക്കുന്നവര്‍ മറന്നുപോകുന്നതും ഈ സത്യമാണ്.
”പുറമ്പോക്കിലെ പാഴ്ജന്മ”ങ്ങളെക്കുറിച്ച് ഇബ്രാഹിം എഴുതുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ നിറയുന്നത് തീര്‍ച്ചയായും നൊമ്പരംതന്നെയാണ്. ‘രക്തസാക്ഷിയുടെ വിധവ’യുടെ ശബ്ദം കേള്‍പ്പിക്കുമ്പോഴും ‘ജനാധിപത്യത്തിന്റെ ശ്വാസം നിലച്ച്’ അതൊരു ‘പകിടകളിയായി’ പരിണമിക്കുമ്പോഴുമൊക്കെ നമ്മുടെയുള്ളില്‍ നിറയുന്നതും ഈ നൊമ്പരം തന്നെ.
മരണത്തിനു കൂട്ടിരിക്കുക എന്നത് ഏറെ വിഷമം പിടിച്ച സംഗതിതന്നെ. പക്ഷേ കൂട്ടിരുന്നു കൂട്ടിരുന്ന് കുറേകഴിയുമ്പോള്‍ ആരെയാണു കൊണ്ടുപോകേണ്ടതെന്ന് മരണത്തിനുപോലും സംശയമാകുന്ന നിമിഷത്തിലോ തീര്‍ച്ചയായും അപ്രതീക്ഷിതമായ ചിലതു സംഭവിക്കുകതന്നെ ചെയ്യും. പരലോകത്തെക്കുറിച്ചും സ്വര്ഗ്ഗനരകങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
ജീവിതം എന്നുമൊരു പ്രത്യാശയാണ് ഈ കവിക്ക്. സഫലീകരിക്കാത്ത മോഹങ്ങളും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളുമൊക്കെ ഏതോ പട്ടടയില്‍ എരിഞ്ഞുതീര്‍ന്നിട്ടും സന്ധ്യയുടെ ചുവപ്പുരാശിയിലേക്കുള്ള ഒരു പ്രത്യായനം ഇബ്രാഹിം എന്ന കവി കൊതിക്കുന്നു. ”അല്പം ചില വാര്‍ദ്ധക്യകാല നിനവുകള്‍” എന്ന കവിതയില്‍ ‘ശവക്കുഴി’ തോണ്ടാനെത്തിയ വാര്‍ദ്ധക്യത്തോട് കവിക്കുള്ള അപേക്ഷ ഇതിന്റെ സഫലീകരണം ഒന്നുമാത്രവും.
അന്ധന്റെ നേര്‍ക്ക് സഹാനുഭൂതിയുടെ നിറക്കാഴ്ചകള്‍ നീട്ടുന്നവരാണു നമ്മള്. അന്ധര്‍ ഒരു തുറസ്സാണെന്നും അവരുടെയുള്ളില്‍ ത്രസിക്കുന്ന ആയിരമായിരം നാവുകളുണ്ടെന്നും ഓരോ മിടിപ്പും അവര്‍ക്ക് തിരിച്ചറിയാനാവുമെന്നും കറുപ്പിലൊളിപ്പിച്ച വര്‍ണ്ണവൈവിധ്യങ്ങള്‍ അവര്‍ക്ക് അകക്കണ്ണുകൊണ്ട് കാണാനാവുമെന്നും മനസ്സിലാക്കാനാവാത്തവര്‍, ഇച്ഛാശക്തിയുടെ കരുത്തുകൊണ്ട് സ്വപ്നങ്ങളുടെ തുറന്ന ആകാശത്തിലേക്കു പറക്കുവാന്‍ അവരെ പ്രാപ്തരാക്കുകയാണു നാം ചെയ്യേണ്ടതെന്ന് ‘അന്ധന്’ എന്ന കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സതീര്‍ത്ഥ്യന്റെ അല്ലെങ്കില്‍ സതീര്‍ത്ഥ്യയുടെ കയ്യിലെ പുസ്തകത്താളില്‍ നമുക്കോരോരുത്തര്‍ക്കും വേണ്ടി മറന്നുവച്ച ഒരു മയില്പ്പീലിയുണ്ടാകും. കാലത്തിന്റെ മഹാപ്രവാഹത്തില്‍ വീണുപോകാത്തതാണത്. നക്ഷത്രത്തിളക്കമാര്‍ന്ന അതില്‍ ത്രസിക്കുന്നത് നമ്മുടെ ഹൃദയം തന്നെയാണ്. നാമത് തിരിച്ചറിയുന്നില്ലെങ്കിലും.
ജീവിത ദര്‍ശനത്തിന്റെ വര്ണ്ണക്കൊടികളുണ്ട് നമ്മുടെ ഓരോരുത്തരുടേയും കൈകളില്‍. തെറ്റേത് ശരിയേത് എന്നറിയാതെയുള്ള അന്ധമായ യാത്രയ്ക്കൊടുവില്‍ നിറമൊക്കെ മാഞ്ഞ് കടുംകറുപ്പായി പില്ക്കാലത്ത് അതു മാറിയിരിക്കും എന്നുമാത്രം. വര്‍ണ്ണക്കൊടികള്‍ക്കെല്ലാം ഒരേ നിറമായിരുന്നുവെന്നും നേതാക്കന്മാര്ക്കെല്ലാം ഒരേ ഭാവമായിരുന്നുവെന്നും തിരിച്ചറിയുമ്പോഴേക്കും നാം വൈകിപ്പോയിരിക്കും.
അരൂപിയുടെ നിസ്സഹായത പലപ്പോഴും നമ്മെ വേട്ടയാടുന്നുണ്ടെന്ന് ഇബ്രാഹിം ഇടയ്ക്കിടക്ക് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വായന ഒരു ലഹരിയായി കൊണ്ടുനടന്നുവെങ്കിലും ചില ദുര്‍ബല നിമിഷങ്ങളില്‍ നമ്മുടെ കരുത്തു ചോര്‍ന്നുപോവുന്നതും അതുകൊണ്ടാണ്.
ശിഷ്ടജീവിതം തെരയുന്നതിനിടയിലാണ് ഗാന്ധിജിയിലേക്കും തൊപ്പിവച്ച കുറേ ഗാന്ധിയന്മാരേയും കവി കണ്ടുമുട്ടിയത്. കറന്‍സി നോട്ടിലെ ചിരിതൂകുന്ന ഗാന്ധിചിത്രത്തോടൊപ്പം കവലയിലെ കാക്കക്കാഷ്ഠം വീണ ഗാന്ധിപ്രതിമയും കവി കാണുന്നുണ്ട്. ഓജസ്സും തേജസ്സും എവിടെയോവച്ചു മറന്നുപോയ നമ്മള് ഗാന്ധിയെന്ന കര്‍മ്മയോഗിയെ എന്നേ നമ്മുടെ മനസ്സില്‍നിന്നും കുടിയിറക്കിയിരുന്നുവല്ലോ.
‘സാഹിത്യത്തെപ്പറ്റി വിവേചനത്തോടെ വിധി പ്രസ്താവിക്കുന്ന കലയാണു സാഹിത്യവിമര്‍ശനം. അതായത് ഒരു സാഹിത്യകൃതിയെ എത്രത്തോളം അഥവാ എന്തുകൊണ്ട് നല്ലതോ ചീത്തയോ ആയി കണക്കാക്കാമെന്നു നിശ്ചയിക്കുന്ന കല’. ഇതാണ് ‘കാസ്സലിന്റെ’ ‘എന്‍സൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചര്‍’ എന്ന പുസ്തകത്തില്‍ സാഹിത്യ വിമര്‍ശനത്തിനു നല്‍കിയിരിക്കുന്ന നിര്‍വ്വചനം.
കവിത ജീവിതാനുഭൂതികളുടെ സര്ഗ്ഗോല്പന്നമാണ്. അതുകൊണ്ട് കവിതയുടെ മൂല്യനിര്ണ്ണയോപാധിയായി ‘ജീവിത മൂല്യ’ങ്ങളെ ആശ്രയിക്കാതെ വയ്യ. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇബ്രാഹിമിന്റെ കവിതകളെ വിലയിരുത്തുമ്പോള്‍ കവിതാരംഗത്തുള്ള എന്നെപ്പോലൊരാള്‍ക്ക് ആശ്രയിക്കാവുന്നതും ഈ ജീവിത മൂല്യങ്ങളെത്തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: