അരീക്കോട്: ഇരുപത്തിയെട്ടാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നാളെ അരീക്കോട് തുടങ്ങും. മേളയുടെ ഒരുക്കങ്ങള്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏഴിന് സമാപിക്കും. ആദ്യമായി കലോത്സവത്തിന് ആഥിത്യം വഹിക്കുന്ന അരീക്കോട് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതിക്ക് പുറമെ പ്രാദേശിക ജനകീയ കമ്മിറ്റികളും കൈമെയ് മറന്ന് മേളയുടെ വിജയത്തിന് സജീവമാണ്. 18 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 17 സബ്ജില്ലകളില്‍ നിന്നായി 8000 ഓളം വിദ്യാര്‍ത്ഥികള്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി മത്സരിക്കുന്നു. സംസ്കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മത്സരം. അരീക്കോട് ഹയര്‍സെക്കന്ററി സ്കൂള്‍ വളപ്പിലും ഐ ടി ഐ റോഡിന് സമീപത്തുമായി 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നിന് രാവിലെ ഒന്‍പതുമണിക്ക് മത്സരാര്‍ഥികളുടെ രജിസ്ട്രേഷന് നടക്കും. അരീക്കോട് എം ഇ എ കോളെജ് ഗ്രൗണ്ടില്‍ 10 മണിക്ക് ബാന്റ് മേളത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും.
നാലാം തീയതി അരീേക്കോട സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂളില്‍ രചനാ മത്സരങ്ങള്‍ നടക്കും. വേദികളിലേക്ക് വിപുലമായ വാഹനസൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അരീക്കോട് ടൗണില്‍ നിന്നും വാഹനസൗകര്യം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുണ്ടാവും.
കലോത്സവ നഗരിയില്‍ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സി സി ടി വി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള പന്തല്‍ തയ്യാറായിട്ടുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണിക്കുറി പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. മൂന്നിന് വൈകിട്ട് മൂന്നിന് മേളയുടെ വിളംബരമോതി ഘോഷയാത്ര ജി എം യു പി സ്കൂളില്‍ നിന്ന് തുടങ്ങും. മലപ്പുറം ഡി വൈ എസ് പി എ ഷറഫുദ്ദീന് ഫഌഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പുറമെ നാട്ടുകാരും അണിനിരക്കുന്ന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകും. വൈകിട്ട് അഞ്ചിന് വേദി ഒന്നില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങും.
പി കെ ബഷീര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍, എം പിമാരായ എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും.
മത്സരങ്ങള്‍ വൈകുന്നത് പതിവാകുന്ന കലോത്സവത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി സമയക്രമം പാലിക്കാന്‍ സംഘാടകരുടെ പ്രത്യേക ശ്രദ്ധ. രജിസ്ട്രേഷന് സമയത്ത് തന്നെ മത്സരാര്‍ഥി പങ്കെടുക്കുന്ന സ്കൂള്‍ പ്രധാനാധ്യാപകന്റെയോ ചുമതലയുള്ള അധ്യാപകന്റെയോ സത്യവാങ്മൂലം എഴുതി വാങ്ങും. മൂന്നുതവണ മത്സരാര്‍ഥിയെ വിളിച്ച് എത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ അയോഗ്യതയുണ്ടാവും. ഇത് ഉറപ്പാക്കാനാണ് സത്യവാങ്മൂലം വാങ്ങുന്നത്. നൃത്തമത്സരങ്ങളിലാണ് പലപ്പോഴും സമയം പാലിക്കപ്പെടാത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ എന്‍ ടി ഹമീദലി, സി അബ്ദുല്‍ കരീം, ബഷീര്‍ ചിത്രകൂടം, സി ടി കുഞ്ഞയമു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: