കോഴിക്കോട് മാറാട് കടപ്പുറത്ത് 2003 മെയ് രണ്ടിനാണ് സംഭവം. സന്ധ്യക്ക് എട്ട് മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊന്നത് സമാനതകളില്ലാത്തതാണല്ലോ. പൊടുന്നനെയാണ് മാരകായുധങ്ങളുമായി അക്രമികളെത്തിയത്. കൊലപാതകങ്ങള്‍ തലങ്ങും വിലങ്ങും നടത്തി. കണ്ണില്‍ കണ്ടവരെയെല്ലാം വാഴവെട്ടുന്നതുപോലെ വെട്ടിയിട്ടു. സ്ത്രീകളെയും വെറുതെ വിട്ടില്ല. 1921 ല്‍ മലബാറിലുണ്ടായ മാപ്പിളലഹളയുടെ ചെറുപതിപ്പായിരുന്നു അതെന്ന് പറയാം.
മാറാട്ട് കടപ്പുറത്തുള്ള മത്സ്യത്തൊഴിലാളികള്‍ കൈക്കരുത്തില്ലാത്തവരായിരുന്നില്ല. പക്ഷെ അവരെ തിരിച്ചടിയിലേക്ക് നയിക്കുന്നതിനുപകരം നീതിക്കായുള്ള പോരാട്ടത്തിന് സജ്ജരാക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുന്‍കൈ എടുത്തു. കുടുംബങ്ങളെ ആശ്വസിപ്പിക്കാനും നീതി ഉറപ്പാക്കാനും ഏതറ്റംവരെ പോകാനും തയ്യാറാണെന്നറിയിക്കുകയും ചെയ്തു. മരണപ്പെട്ടവര്‍ ഹിന്ദുക്കളും കൊലയാളികള്‍ മുസ്ലിങ്ങളുമായതിനാലാകാം സര്‍ക്കാര്‍ നടപടികള്‍ മരവിച്ചു.
അക്രമികളെ കണ്ടെത്താനും കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവരെ സഹായിക്കാനും തയ്യാറാകാത്ത സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം നയിച്ചത് കുമ്മനം രാജശേഖരനായിരുന്നു. ഒന്നല്ല രണ്ടല്ല, അഞ്ചുമാസം ഈ പ്രശ്‌നം ഉന്നയിച്ച് വ്യത്യസ്തമായ നിരന്തര സമരങ്ങള്‍ കുമ്മനം നയിച്ചു.
മാറാട് സമരത്തിന്റെ സ്വഭാവം മാറുമെന്നുറപ്പായപ്പോഴാണ് എ.കെ. ആന്റണി നയിച്ച സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് സെപ്തംബര്‍ അവസാനവാരം സന്നദ്ധമായത്.
ആദ്യം ഒക്‌ടോബര്‍ രണ്ടിന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പത്തൊന്‍പത് മുസ്ലിംസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ.മുനീര്‍, ഇ.അഹമ്മദ് എംപി, കുമ്മനം രാജശേഖരന്‍, പി.പി.മുകുന്ദന്‍, പി.എസ്.ശ്രീധരന്‍പിള്ള, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സമവായ ചര്‍ച്ച നടത്തിയത് ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായരുടെ സാന്നിദ്ധ്യത്തിലായിരുന്നു.
കോഴിക്കോട് ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ല. മുഴുവന്‍ പ്രതികളെയും പിടികൂടുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുക, ബാഹ്യ ഇടപെടലുകളും സാമ്പത്തിക സ്രോതസ്സും പുറത്തുള്ള ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക, മാറാടിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചര്‍ച്ചയായത്. ഒക്‌ടോബര്‍ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയായിരുന്ന ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ധാരണ ഉണ്ടായത്.
ധനമന്ത്രി കെ.ശങ്കരനാരായണനും ചര്‍ച്ചയില്‍ പങ്കാളിയായി. കേരളത്തിന്റെ സമരചരിത്രത്തില്‍ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഈ സംഭവം. അതിന് നേതൃത്വം നല്‍കിയ കുമ്മനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സാമൂഹ്യ- സാംസ്‌കാരിക നായകരുമെല്ലാം പ്രശംസിക്കുകയാണുണ്ടായത്. കേരളം അറിഞ്ഞ, കേരളത്തെ അറിഞ്ഞ സാധാരണക്കാരനില്‍ സാധാരണക്കാരനായ കുമ്മനം ബിജെപി പ്രസിഡന്റായാല്‍ വരാന്‍പോകുന്ന വിപത്ത് രാഷ്‌ട്രീയ പ്രതിയോഗിക്ക് ആശങ്ക ഉണ്ടാക്കുന്നു. അതിന്റെ പ്രതിഫലനമാണ് പ്രകടമായത്.
പിന്നെ ബിജെപിയുടെ പ്രസിഡന്റായി എങ്ങനെ ആര്‍എസ്എസ് പ്രചാരകനായ കുമ്മനമെത്തി എന്നാണ് ചോദ്യം. ആര്‍എസ്എസിനെക്കുറിച്ചും ജനസംഘത്തെക്കുറിച്ചും ബിജെപിയെപറ്റിയും ഒരു നിശ്ചയവുമില്ലാത്തവരുടെ വിലകുറഞ്ഞ വിലയിരുത്തലായി ഇതിനെ കാണാനേ നിര്‍വ്വാഹമുള്ളൂ. ബിജെപിയുടെ പൂര്‍വ്വരൂപമാണ് ഭാരതീയ ജനസംഘം. 1951 ഒക്‌ടോബര്‍ 21ന് ജനസംഘം രൂപീകരിക്കും മുമ്പ് ശ്യാമപ്രസാദ് മുഖര്‍ജി ആര്‍എസ്എസിന്റെ സഹായവും സഹകരണവും അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ പ്രചാരകന്മാരായ ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്‌പേയി എന്നിവരെ രാഷ്‌ട്രീയത്തിനായി നിയോഗിച്ചത്.
ഇരുവരും ജനസംഘത്തിന്റെ അദ്ധ്യക്ഷന്മാരായി. ജനസംഘത്തിന്റെ ശൈശവത്തില്‍ തന്നെ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. മുഖര്‍ജി രക്തസാക്ഷിയായി. സ്വതന്ത്രഭാരതത്തിന്റെ അവിഭാജ്യഘടകമെന്ന് ആണയിടുമ്പോഴും ജമ്മുകാശ്മീര്‍ മറ്റൊരു രാജ്യം പോലെ പ്രവര്‍ത്തിക്കുന്നതിനെതിരെ സമരം നയിച്ചതിന് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച ഡോ.മുഖര്‍ജി ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ മരണപ്പെടുകയായിരുന്നു. ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ജനസംഘത്തിലും ബിജെപിയിലും നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. അതില്‍ പ്രധാനികളാണ് ലാല്‍കൃഷ്ണ അദ്വാനി, കുശഭാവു താക്കറെ, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ്, നരേന്ദ്രമോദി, പി.പരമേശ്വരന്‍ തുടങ്ങിയവര്‍.
ഭാരതീയ ജനതാപാര്‍ട്ടി രൂപമെടുക്കാനിടയായ സാഹചര്യം തന്നെ ആര്‍എസ്എസ് ആണെന്നറിയാത്തവരുണ്ടോ? അടിയന്തരാവസ്ഥയ്‌ക്കുശേഷം രൂപംകൊണ്ട ജനതാപാര്‍ട്ടിയിലെ ജനസംഘക്കാര്‍ക്ക് ആര്‍എസ്എസ് ബന്ധം തുടരുന്നത് ചിലര്‍ക്ക് കണ്ണുകടിയായി.
ആര്‍എസ്എസ് ബന്ധം ദ്വയാംഗത്വമാണ്. ദ്വയാംഗത്വം അനുവദിക്കാന്‍ പാടില്ല. ഒന്നുകില്‍ ആര്‍എസ്എസ് അല്ലെങ്കില്‍ ജനതാപാര്‍ട്ടി. ഭരണത്തില്‍ തുടരാന്‍ ആര്‍എസ്എസ്ബന്ധം തടസ്സമാണെന്ന നിലപാട് രൂപപ്പെട്ടപ്പോള്‍ ഭരണംപോയാലും തങ്ങള്‍ ആര്‍എസ്എസ് ബന്ധം വിച്ഛേദിക്കാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടെടുത്തപ്പോഴാണ് മൊറാര്‍ജിദേശായി സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടിവന്നത്.
ജനസംഘത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസുമായി പൊക്കിള്‍കൊടി ബന്ധമാണ്. ജനതാപാര്‍ട്ടി ബന്ധം വിടര്‍ത്തിയവരാണ് 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് രൂപംനല്‍കിയത്. 1984 ല്‍ വെറും രണ്ട് അംഗങ്ങള്‍ മാത്രം ലോക്‌സഭയിലുണ്ടായ ബിജെപിക്ക് തനിച്ച് ലോക്‌സഭയില്‍ ഭൂരിപക്ഷം നേടാനായി. നരേന്ദ്രമോദി പ്രധാനമന്ത്രിയുമായി. നരേന്ദ്രമോദി മാത്രമല്ല നിരവധി കേന്ദ്രമന്ത്രിമാര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച് വന്നവരാണ്. മുഖ്യമന്ത്രിമാരും ഗവര്‍ണ്ണര്‍മാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അവര്‍ക്കെല്ലാം തിളക്കമാര്‍ന്ന പൊതുപ്രവര്‍ത്തനത്തിന് കരുത്തേകുന്നത് ആര്‍എസ്എസില്‍ നിന്നും ശീലിച്ച നിശ്ചയദാര്‍ഢ്യവും ദേശഭക്തിയും അര്‍പ്പണബോധവുമാണ്.
ആര്‍എസ്എസിന് രാഷ്‌ട്രീയമില്ല. എന്നാല്‍ രാഷ്‌ട്രീയരംഗം കളങ്കരഹിതമാക്കാന്‍ പല സംഘടനകളും ആര്‍എസ്എസ് പ്രവര്‍ത്തകരെ ആഗ്രഹിക്കാറുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനസംഘവും ബിജെപിയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം തേടാറുണ്ട്. അങ്ങനെ രാഷ്‌ട്രീയത്തിലെത്തിയവര്‍ കേരളത്തിലുമുണ്ട്. അതിലൊരാളായി ഇപ്പോള്‍ കുമ്മനം രാജശേഖരനുമെത്തി. ‘താന്‍ വെറും പൂജ്യമാണ്. അതിന് മുമ്പ് ‘സംഘടന’ എന്ന ഒരു ‘ഒന്നു’ ചേരുമ്പോഴാണ് എനിക്ക് വിലയുണ്ടാകുന്നത് എന്നാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് കരുത്ത് എന്ന ബോധ്യം. അതാണ് കുമ്മനത്തെ വലിയവനാക്കുന്നത്. അങ്ങനെ ഒരാളെ തേടിയ ബിജെപിക്ക് കിട്ടിയ ഉത്തരമാണ് കുമ്മനം. കുരുക്ഷേത്രത്തില്‍ പാണ്ഡവര്‍ക്ക് നേരിടേണ്ടിവന്നത് കൗരവപ്പടയെയാണ്. സത്യവും ധര്‍മ്മവും കൈമുതലായുള്ള പാണ്ഡവരെ വിജയത്തിലേക്കെത്തിച്ചത് ശ്രീകൃഷ്ണന്റെ തന്ത്രങ്ങളാണ്. നയിച്ച സമരങ്ങളെല്ലാം വിജയത്തിലേക്കെത്തിച്ച കുമ്മനത്തിന്റെ പുതിയ ദൗത്യം ഒരു നിയോഗമാണ്. ദൈവനിശ്ചയമാണ്. കൗരവരെ പോലെ രാഷ്‌ട്രീയത്തില്‍ അധര്‍മ്മവും അക്രമവും അഴിമതിയുംകൊണ്ട് മലീമസമാക്കിയവരെ മാറ്റി പുതിയൊരു സൂര്യോദയത്തിന് നേതൃത്വം നല്‍കാനുള്ള കുമ്മനത്തിന്റെ നിയോഗം ഫലവത്താവുക തന്നെ ചെയ്യും.
അവസാനിച്ചു
















